20 April 2024, Saturday

പിതൃതർപ്പണം

സജിത് കെ കൊടക്കാട്ട്
August 29, 2021 5:00 am

കുമാരേട്ടന്റെ അച്ഛന്റെ കാര്യത്തിനാണ് കർക്കടക വാവിന്റെ തലേന്ന് ഞങ്ങൾ തിരുനാവായേക്ക് പുറപ്പെട്ടത്. കൂടെ കുമാരേട്ടന്റെ ഇളയ മകൻ വിപിനുമുണ്ട്.
കുമാരേട്ടന്റെ അച്ഛൻ മരിച്ചിട്ട് വർഷം ഏഴു കഴിഞ്ഞതാണ്. ഒരു വർഷം പോലും അച്ഛന്റെ ബലികർമ്മങ്ങൾക്ക് കുമാരേട്ടൻ മുടക്കം വരുത്തിയിരുന്നില്ല.
കഴിഞ്ഞ വർഷം കോഴിക്കോട്ടും അതിനു മുമ്പത്തെ വർഷം കടലുണ്ടിയിലുമായിരുന്നു ഞാൻ കുമാരേട്ടനൊപ്പം പിതൃതർപ്പണത്തിന് പോയിരുന്നത്.
ഇത്തവണ തിരുനാവായ തന്നെ വേണമെന്ന് അന്നേ കുമാരേട്ടൻ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. ആ ക്ഷേത്രവും കൂടി ഒന്നു കാണണമെന്ന് മൂപ്പർക്ക് വലിയ പൂതിയായിരുന്നു.
രാത്രി തിരുനാവായ ടാക്കീസിൽ നിന്ന് രണ്ടാം സിനിമ കണ്ടും പട്ടരുടെ ഹോട്ടലിൽ നിന്നും ചപ്പാത്തിയും ബജിയും കഴിച്ചും ഞങ്ങൾ ഭാരതപ്പുഴയുടെ തീരത്തെ പടവുകളിലിരുന്നു.
വിപിന് ഉറക്കം വരുന്നുണ്ടായിരുന്നു.
അവൻ അച്ഛന്റെ മടിയിലേക്ക് ചാഞ്ഞിരുന്ന് കണ്ണുകൾ കൂമ്പിച്ചു തുടങ്ങുംനേരം സുന്ദരികളായ സ്ത്രീകൾ ഒറ്റത്തോർത്തിലും ബ്രേസിയറിലും മുങ്ങാംകുഴിയിടുന്നത് കണ്ട് രസിച്ച്, ഞാൻ സമയത്തിന്റെ കൊല്ലിക്കു പിടിച്ചു.
പാവം കുമാരേട്ടൻ! മൂപ്പർ പെണ്ണുങ്ങളുടെ ഭാഗത്തേക്ക് ശ്രദ്ധിക്കുകയേ ചെയ്തില്ല. എന്നാൽ എനിക്കു നല്ല പ്രോത്സാഹനം തരാൻ ഒട്ടും അമാന്തം കാണിച്ചതുമില്ല.
മുൻകൂട്ടി വരിനിന്ന് ടോക്കണെടുത്ത് വെച്ചതുകൊണ്ട് പുലർച്ചയ്ക്കു തന്നെ അച്ഛന്റെ ബലികർമ്മങ്ങൾ നടത്താൻ കുമാരേട്ടന് ആയാസപ്പെടേണ്ടി വന്നില്ല.
ഭാരതപ്പുഴയിൽ മുങ്ങി നിവർന്ന്, ക്ഷേത്രത്തിനകത്തേക്ക് തിക്കിക്കയറി, തൊഴുതിറങ്ങി, ഞങ്ങൾ. ഞങ്ങളെന്നു പറയാൻ പാടില്ല. ഞാൻ ഷർട്ടഴിച്ച് ചുമലിലിട്ട് ചുമ്മാ അവരുടെ കൂടെ നടക്കുക മാത്രമായിരുന്നല്ലോ ചെയ്തിരുന്നത്.
സ്ത്രീകളെ തട്ടിയും മുട്ടിയും നടക്കാൻ എന്തു രസം!
മടക്കയാത്രയിൽ ബസ്സിൽ വെച്ച് വിപിൻ കുമാരേട്ടനോട് ചോദിച്ചു.
“എലേല് എളളും പൂവും അരീം വെച്ച് പുഴേലൊഴുക്കുന്നതെന്തിനാ?”
“അതോ… മോന്റെ അച്ഛച്ചന്റെ ആത്മാവിന് ശാന്തി കിട്ടണ്ടേ… ”
“ഇങ്ങന്യൊക്കെ ചെയ്താ ശാന്തി കിട്ടോ?”
വിപിന്റെ ചോദ്യം കുമാരേട്ടനെ വിഷമിപ്പിച്ചതായി തോന്നി. മുഖം കറുപ്പിച്ച് വിപിന്റെ തലക്കു മുകളിലൂടെ മൂപ്പർ എന്നെ നോക്കി. മകന്റെ തലതിരിഞ്ഞ ചോദ്യങ്ങളുടെ ഗുരുനാഥൻ ഞാനാണെന്ന ധ്വനി ആ നോട്ടത്തിലുണ്ടായിരുന്നു.
ഞാൻ വേദനപ്പെട്ടു. ഈശ്വരനെക്കുച്ചോ വിശ്വാസങ്ങളെക്കുറിച്ചോ ഞാനൊരിക്കലും വിപിന് ക്ലാസെടുത്തിരുന്നില്ല. വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും വഴികൾ ഓരോരുത്തരും സ്വയം തെരഞ്ഞെടുക്കുന്നതാണ്.
കുമാരേട്ടൻ നല്ല വിശ്വാസിയാണ്. അതിപ്പോൾ അന്ധവിശ്വാസമെന്ന മട്ടിലാണ് വിപിന്റെ ചോദ്യം മുഴച്ചു നില്ക്കുന്നത്.
അച്ഛന് തന്റെ ചോദ്യം ഇഷ്ടമായില്ലെന്ന് വിപിനു മനസ്സിലായി. അവൻ സൈഡു സീറ്റിൽ ഇരിക്കുകയായിരുന്ന എന്റെ മടിയിലേക്ക് ചാടിക്കയറിയിരുന്ന് കുമാരേട്ടനെ ഭയത്തോടെ നോക്കിയിട്ട് എന്റെ ചെവിയിലേക്ക് ചോദിച്ചു: ”ശരിക്കും മരിച്ചോർക്ക് ശാന്തി കിട്ടാനാണോ ബലിടണേ…?”
കുമാരേട്ടൻ കേൾക്കുന്നു എന്നു മനസ്സിലാക്കി, ഒച്ച കൂട്ടി ഞാൻ പറഞ്ഞു. “അതേ…”
“അപ്പോ ജീവിച്ചിരിക്കുന്നോർക്ക് ശാന്തീം സമാധാനോം കിട്ടാൻ വേണ്ടീട്ടല്ലേ…”
“ഹെന്തിന്!”
സ്വകാര്യം പോലെ ഞാനവനോടു കിതച്ചു.
“ജീവിച്ചിരിക്കുമ്പോ അച്ഛൻ അച്ഛച്ചനെ ശരിക്കു നോക്കീട്ടില്ലെന്ന് എനിക്കറിയാം… അതിന്റെ കുറ്റബോധമല്ലേ…?”
എന്നെ നുളളിയുണർത്തിക്കൊണ്ട് വിപിൻ അവസാന അമ്പും എയ്തു.
“മരിച്ചു പോയോർക്ക് ബലിയിട്ടില്ലെങ്കി ജീവിച്ചിരിക്കുന്നോർക്ക് ജീവിതത്തില് സ്വസ്ഥത കിട്ടില്ലെന്ന അന്ധവിശ്വാസമല്ലേ ഈ ചടങ്ങൊക്കെ?
ഞാൻ വിപിനെ അമ്പരന്നു നോക്കി. പിന്നേയും അവനെന്തോ ചോദിക്കാൻ വായ തുറക്കാൻ നേരം ഞാനവന്റെ ഫിലോസഫി ബാധിച്ച തിരു (നാ) വായ പൊത്തിക്കളഞ്ഞു.
കുമാരേട്ടൻ ഉറങ്ങുകയാണോന്നറിയില്ല. മൂപ്പരുടെ കണ്ണുകൾ അടഞ്ഞു കിടന്നിരുന്നു…!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.