19 April 2024, Friday

ജനകീയ ഹോട്ടലെന്നാല്‍ മനോരമയുടെ മനോനിലയിലുള്ള കുറുകിയ ഒഴിച്ചുകറി വേണം?

രേണു രാമനാഥ്
വാര്‍ത്താവികാരം
October 7, 2021 11:42 am

മനോരമയുടെ രണ്ടു മിനിട്ട് വാർത്തയിലൂടെ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തിന് അഭൂതപൂർവമായ പേരും പ്രശസ്തിയും ഇപ്പോൾ കിട്ടിയിരിക്കുകയാണല്ലോ. സത്യത്തിൽ ഇപ്പോഴാണ് ഈ ജനകീയഹോട്ടലുകളെപ്പറ്റിയും പല ജനകീയഹോട്ടലുകളിലും കിട്ടുന്ന ഭക്ഷണത്തിനെപ്പറ്റിയും ഇത്രയധികം വിവരങ്ങൾ — ഇൻഫർമേഷൻ — സാമൂഹ്യമാധ്യമങ്ങളിൽ വരുന്നത്. ആ നിലയ്ക്ക് വളരെ വലിയൊരു സേവനമാണ് മനോരമ ഈ പ്രസ്ഥാനത്തിനു നൽകിയതെന്നു പറയാതെ വയ്യ.

പക്ഷെ, മനോരമ റിപ്പോർട്ടറും വാർത്താ ടീമും ഉദ്ദേശിച്ച ഫലമല്ല ഇതെന്ന് നമ്മൾ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കയ്യുംമെയ്യും മറന്ന് അഞ്ചു കൊല്ലം കുരുക്കു മുറുക്കാൻ നോക്കിയിട്ടും അവരുടെയൊന്നും വാക്കുകൾക്ക് തരിമ്പും വില കല്പിക്കാതെ നാട്ടാർ തുടർഭരണം തെരഞ്ഞെടുത്തതിന്റെ ക്ഷീണം മാറ്റാനുള്ള മാർഗങ്ങളന്വേഷിച്ച് നെട്ടോട്ടമോടുന്ന മാത്തുക്കുട്ടിച്ചായൻ സൺസ് കോർപ്പറേഷൻ ജീവനക്കാരുടെ തത്രപ്പാടുകൾ നമ്മൾ മനസിലാക്കാതിരിക്കരുത്.

ജനകീയ ഹോട്ടൽ സ്റ്റോറിയും സ്റ്റോറിയുടെ ഓൺലൈൻ ലിങ്കിന്റെ തലക്കെട്ടുംകൂടി സ്ക്രീൻ ഷോട്ടെടുത്ത് നാട്ടുകാർ തലങ്ങും വിലങ്ങും കുടഞ്ഞ് തുടങ്ങിയപ്പോൾ പതിവില്ലാത്ത പോലെ ഡിഫൻസ് കളിക്കാൻ ചില മനോരമ ലേഖകർ തന്നെ രംഗത്തിറങ്ങി. സ്വമനസാലെ ഇറങ്ങീതാണോ അതോ ഉത്തരവു പ്രകാരം ഇറങ്ങീതാണോ എന്ന് നമുക്കൊന്നും അറിയില്ല. അറിഞ്ഞില്ലെങ്കിലും സാരമില്ല. ഞാൻ വായിച്ച ഒരു ഡിഫൻസ് വാദിച്ചത്, വെറുമൊരു സ്ക്രീൻ ഷോട്ട് കണ്ടാണ് ഈ പാവം മാധ്യമപ്രവർത്തകയുടെ മേൽ നാട്ടുകാർ കുതിരകയറാൻ ചെന്നതെന്നും ഈപ്പറയുന്നോരൊന്നും മേൽപ്പറയുന്ന വാർത്തയുടെ ക്ലിപ്പിങ് കണ്ടിട്ടേയില്ലെന്നും അത് കണ്ടാൽ ഇതിലപ്പുറം ഉദാത്തജേണലിസത്തിനു മറ്റൊരു മാതൃക കണ്ടെത്താനാവില്ലെന്ന് ബോധ്യപ്പെടൂമെന്നുമൊക്കെയായിരുന്നു.

വിഷയം ശ്രദ്ധയിൽപ്പെട്ടയുടനെ ഞാൻ മേൽപ്പടി വാർത്ത പരതിയെടുത്ത് കണ്ടിരുന്നു. ഒരു തവണയല്ല, പലവട്ടം. ഏതു വാർത്തയും വിമർശിക്കുന്നതിനു മുമ്പ്, പലവട്ടം കാണാറുണ്ട്. എന്നിട്ടേ വിമർശിക്കാറുള്ളൂ. പൊതുവെ വിഷ്വൽ മീഡിയ എന്റെ വിഷയമല്ല. വിഷ്വൽ മീഡിയയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസെടുക്കാറില്ല എന്നർത്ഥം. പക്ഷെ, ജേണലിസത്തിന്റെ ബാലപാഠങ്ങൾ പ്രിന്റിലും വിഷ്വലിലും ഒന്നു തന്നെയാണ്.
വാർത്ത പരാമർശിക്കുന്നത് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലെ ഇരുപതു രൂപാക്കു ലഭിക്കുന്ന ഊണിനെപ്പറ്റിയാണു. ഇവിടെ റിപ്പോർട്ടർ ശ്രദ്ധിക്കേണ്ടിയിരുന്ന പ്രധാന വിഷയം ‘ജനകീയ ഹോട്ടൽ‘ എന്ന ആശയം എന്താണെന്നതാണു. ‘ജനകീയ ഹോട്ടൽ എന്ന ആശയം തന്നെ ആരംഭിച്ചിരിക്കുന്നത് സമൂഹത്തിലെ അതിദാരിദ്ര്യത്തിനെ അഡ്രസ് ചെയ്യാൻ വേണ്ടിയാണു. അതായത്, മനുഷ്യരുടെ വിശപ്പാറ്റുക. ഒരു നേരം വയറു നിറയ്ക്കാൻ വേണ്ട ആഹാരം നൽകുക. അതിനു പ്രധാനം ചോറു തന്നെയാണ്.

അതിനിടക്ക്, കേരളത്തിൽ പട്ടിണി കിടക്കുന്നവരുണ്ടോ പിന്നെ എന്തോന്ന് കേരള മോഡൽ എന്ന എൻആർഐ ചോദ്യവുമായി ദയവു ചെയ്ത് ഇറങ്ങരുത്. കേരളത്തിൽ ദാരിദ്യ്രമുണ്ട്. അതിദാരിദ്ര്യം എന്ന് മലയാളതർജ്ജമ പറയാവുന്ന Extreme Pover­ty അല്ലെങ്കിൽ Absolute Pover­ty എന്ന സ്ഥിതിവിശേഷത്തിനെ നിർമ്മാർജ്ജനം ചെയ്യാനുള്ള പദ്ധതികൾ സംസ്ഥാനസർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്.


ഇതുകൂടി വായിക്കു:‘വിശപ്പുരഹിത കേരളം’ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം: മുഖ്യമന്ത്രി


കോവിഡ് 19ന്റെയും ലോക്ക്ഡൗണുകളുടെയും മന്ദഗതിയിലായ സാമ്പത്തികരംഗത്തിന്റെയുമൊക്കെ ഫലമായി സമൂഹത്തിൽ സാമ്പത്തികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം പലമടങ്ങ് വർധിച്ചിട്ടുണ്ട്. പല മാധ്യമസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ പോലും തൊഴിൽ രഹിതരായിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ഒരാളും വിശന്നിരിക്കരുത് എന്ന നയത്തിന്റെ ഭാഗമായി സൗജന്യ കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചത് മനോരമയുടെ റിപ്പോർട്ടർമാർ അറിഞ്ഞിരിക്കുമെന്ന് കരുതുന്നു.
ഈ പശ്ചാത്തലത്തിലാണ് ജനകീയ ഹോട്ടലുകളിലെ ഇരുപതു രൂപ ഊൺ എന്ന പദ്ധതി ആരംഭിക്കുന്നത്. ഈ വിഷയ പരിസരം അഥവാ ഇംഗ്ലീഷിൽ പറഞ്ഞാൽ premise, മനസിലാക്കിക്കൊണ്ടു വേണം ഉത്തരവാദിത്വമുള്ള ഒരു മാധ്യമപ്രവർത്തക (പ്രവർത്തകൻ) വിഷയത്തെ സമീപിക്കാൻ.

ഇനി സ്റ്റോറിയിലേക്ക് വരാം. ഒരു ഹോട്ടലിനെപ്പറ്റിയുള്ള പരാതിയല്ല വാർത്തയിൽ അവതരിപ്പിക്കുന്നത്. ജനകീയ ഹോട്ടലുകളെപ്പറ്റി മൊത്തത്തിൽ ഫ്രെയിം ചെയ്തു കൊണ്ടാണ് സ്റ്റോറി തുടങ്ങുന്നത്. അതുകൊണ്ട്, ഒരു ഹോട്ടലിനെപ്പറ്റിയുള്ള പരാതിയാണെന്ന് പറയാൻ സാധിക്കില്ല. അല്ലെങ്കിൽ കൃത്യമായിട്ട്, ഇന്ന ജനകീയ ഹോട്ടലിനെപ്പറ്റിയുള്ള പരാതിയാണ് എന്ന് ഇൻഡ്രോയിൽ തന്നെ പറയണം.

‘കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലെ 20 രൂപാ ഊണിന് നിലവാരമില്ലെന്ന് പരാതി‘ എന്നാണു വാർത്ത അവതരിപ്പിച്ചു കൊണ്ട് ആങ്കർ തുടങ്ങുന്നത്. ഇത് ജനറലൈസേഷൻ അല്ലേ? ‘സർക്കാർ പറഞ്ഞ കറികളൊന്നുമില്ലാതെ വെറും ചോറു മാത്രമായി ഊണു മാറിയെന്നാണാക്ഷേപം‘ എന്നാണ് അടുത്ത വാചകത്തിൽ ആങ്കർ പറയുന്നത്. പക്ഷെ, തുടർന്നുവരുന്ന വിഷ്വലുകളിൽ, ഹോട്ടലിൽ പോയി 20 രൂപയുടെ രണ്ട് ഊണ് പാഴ് സലുകൾ വാങ്ങി ഒരു മേശയ്ക്കു പിന്നിലിരിക്കുന്ന റിപ്പോർട്ടർ, ചോറിന്റെ പൊതി മാത്രം തുറക്കുന്നത് ക്യാമറ കാണിക്കുന്നു. പൊതിയിൽ ചോറിനു മുകളിൽ തോരനും അച്ചാറും ആണെന്ന് ദൃശ്യം കാണുന്ന ചോറുണ്ണുന്നവർക്ക് മനസ്സിലാവും.

ഒഴിച്ചു കറിയുടെ ഫോയിൽ പാക്കുകൾ തുറക്കാതെ അടൂത്തുവച്ചു കൊണ്ടല്ലേ ‘വെള്ളം പോലെ ഒരു ഒഴിച്ചു കറി‘ എന്നു പറയുന്നത്? ചുരുങ്ങിയത് പാക്കറ്റ് തുറന്ന്, ഈ ‘വെള്ളം പോലത്തെ കറി‘ നാട്ടുകാരെ ഒന്ന് കാണിച്ചു കൊടുക്കണ്ടേ? റിപ്പോർട്ടർക്കു രുചി പിടിക്കാത്തതു കൊണ്ട് ‘വെള്ളം പോലെ ഒരു ഒഴിച്ചു കറി‘ എന്നു പറയേണ്ട കാര്യമുണ്ടോ? ആ വാക്കുകളിലെ പുച്ഛരസമാണു സത്യത്തിൽ റിപ്പോർട്ടർക്ക് ഇത്രമാത്രം വിമർശനവും പരിഹാസവും നേരിടേണ്ടി വന്നതിനു പ്രധാന കാരണം.


ഇതുകൂടി വായിക്കു:കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം: മുഖ്യമന്ത്രി


ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ടോൺ ആണ് ഈ റിപ്പോർട്ടർ ഉപയോഗിക്കുന്നത്. ആ പൊതിച്ചോറിലുള്ള ഭക്ഷണം കേടുവന്നതോ പഴകിയതോ ആണെങ്കിൽ അതൊരു കാമ്പുള്ള വിമർശനമായി ഉന്നയിക്കാമായിരുന്നു. ഇവിടെ, ഭക്ഷണത്തിന് യാതൊരു കേടുമില്ല, പഴക്കവുമില്ല. ആകെയുള്ള പ്രശ്നം, ആ റിപ്പോർട്ടർ പ്രതീക്ഷിച്ചത്ര അല്ലെങ്കിൽ ആഗ്രഹിച്ചത്ര, അളവ് തോരനും അച്ചാറും ഉണ്ടായിരുന്നില്ല എന്നതാണ്. ഒഴിച്ചുകറി കുറുകി വെട്ടിയാൽ മുറിയാത്ത പരുവം അല്ലായിരുന്നു എന്നതാണ്.
ഞങ്ങളുടെ നാട്ടിലൊക്കെ ഒഴിച്ചു കറീയെന്നാൽ വെള്ളം പോലെ ഒഴിക്കുന്ന കറിയാണെന്നത് റിപ്പോർട്ടർക്ക് അറിയുന്നുണ്ടാവില്ല ഒരുപക്ഷെ.
മനോരമ കാന്റീനിലെ ഊണ് ഞാനും കഴിച്ചിട്ടുണ്ട്. അത്ര ഉദാത്തമായ കറികളാണെന്നൊന്നും തോന്നിയിട്ടില്ല!! കഴിച്ചു കൂട്ടാം!! അതിലും ഭേദം മാതൃഭൂമി കാന്റീനാ!!

അച്ചാർ/കൊണ്ടാട്ടം/ചമ്മന്തി ഇവയിൽ ഏതെങ്കിലുമൊന്ന് എന്നാണ് വാർത്തയിൽ ക്ലോസ് അപ്പ് കാണിക്കുന്ന ബോർഡിൽ എഴുതിയിരിക്കുന്നത്. ചോറിനൊപ്പം വച്ചിരിക്കുന്നത് അച്ചാറും തോരനുമാണെന്ന് കാണാം. ഏത് പൊതിച്ചോർ വാങ്ങിയാലും അച്ചാറും തോരനും ചോറിനൊപ്പമാണ് വച്ചിരിക്കുക. അച്ചാർ കാണിച്ചു കൊണ്ടാണു ‘അച്ചാറുമില്ല, ചമ്മന്തിയുമില്ല‘ എന്ന് റിപ്പോർട്ടർ പറയുന്നത്. അച്ചാർ അല്ലെങ്കിൽ ചമ്മന്തി എന്ന് പുറത്തെ ബോർഡിൽ കാണിക്കുന്നത് റിപ്പോർട്ടർ മറന്നോ?

സാധാരണ 70 രൂപക്ക് കിട്ടുന്ന പൊതിച്ചോറിലും ഇത്രയും അളവ് അച്ചാറും തോരനും മാത്രമാണ്. കൂടുതൽ വിഭവങ്ങൾ ഉണ്ടായെന്നു വരാം എന്നു മാത്രം. 70 രൂപക്ക് വാങ്ങിയ പൊതിച്ചോറിൽ ഇത്രപോലും കറികൾ ഇല്ലാതെ കിട്ടിയിട്ടുമുണ്ട് ഞങ്ങൾക്കൊക്കെ.

ഞെട്ടിപ്പിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ നടത്തുന്ന പശ്ചാത്തല സംഗീതത്തോടെയും സംത്രാസത്തോടെയുമാണ് റിപ്പോർട്ടർ ഊണ് വാങ്ങാൻ പോകുന്നതും ഊണുപൊതി തുറക്കുന്നതും അവതരിപ്പിക്കുന്നത്. ‘കേട്ടാൽ നിങ്ങൾ ഞെട്ടും‘ എന്ന ഓൺലൈൻ തലക്കെട്ടിന്റെ ടോൺ!
അവസാനം സ്റ്റാറ്റ്യൂട്ടറി വാണിങ് പോലെ, ഒരു ഡയലോഗ് കൂട്ടിച്ചേർത്തിട്ടുണ്ട് – “ജനകീയ ഹോട്ടലുകളെ മുഴുവനായി തള്ളിപ്പറയുകയല്ല (ഹോ! ഭാഗ്യം!) സർക്കാർ പറയുന്നതുപോലെ പ്രവർത്തിക്കുന്ന ഹോട്ടലുകളുമുണ്ട്, എന്നാൽ അത്തരത്തിലില്ലാത്തവയുമുണ്ടെന്നു കാണിക്കാൻ വേണ്ടിയാണീ വാർത്ത“ എന്ന്!!! സത്യം പറയട്ടെ, ‘സില്ലി‘ എന്ന ഇംഗ്ലീഷ് വാക്കിനു തത്തുല്യമായ ഒരു മലയാളം വാക്ക് എനിക്കറിയാത്തതുകൊണ്ടാണ്. ഞാൻ അടുത്ത കാലത്ത് കണ്ടിട്ടുള്ള വാർത്താറിപ്പോർട്ടുകളിൽ ഏറ്റവും ‘സില്ലി‘യായ ഒരു വാർത്തയാക്കി ഇതിനെ മാറ്റുന്നത്, ഈ അവസാന ഡയലോഗാണ്.
ഒരു സ്റ്റോറി എന്ന രീതിയിൽ തീർത്തും അപൂർണവും അപക്വവുമായിരുന്നു ഇത്. എഴുതിക്കൊണ്ടുവരുന്ന സ്റ്റോറിയാണെങ്കിൽ ചുരുങ്ങിയത് രണ്ടു വട്ടമെങ്കിലും മാറ്റിയെഴുതിച്ചേനേ ഞാനാണെങ്കിൽ!!! വിമർശിച്ചുകൊണ്ട് സ്റ്റോറി ചെയ്യുമ്പോൾ അതിൽ അത്യാവശ്യം sub­stance വേണം. അല്ലാതെ, ചുമ്മാ, ഒരു dry day കടന്നു കിട്ടാൻ ‘എന്നാ ഇതിരിക്കട്ടെ‘ എന്ന മട്ടിൽ തട്ടിക്കൂട്ടീയാൽ ഇങ്ങനിരിക്കും.

അടിക്കുറിപ്പ്: മനോരമയിലെ സുഹൃത്തുക്കളാരും ദയവുചെയ്ത് ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിലേക്ക് ഊണു കഴിക്കാൻ വന്നേക്കരുതേ. ആകെ, വെള്ളം പോലുള്ള ഒരു ഒഴിച്ചു കൂട്ടാനും (അത് മൊളോഷ്യം, മോരൊഴിച്ച് കൂട്ടാൻ, പേരില്ലാക്കൂട്ടാൻ, തേങ്ങയരച്ച കൂട്ടാൻ, പരിപ്പ് കൂട്ടാൻ എന്നിവയിൽ വല്ലതും ആയിരിക്കും) ഒരു തോരനും മാത്രേ ഉണ്ടാവൂ!!! മാങ്ങാക്കാലമാണെങ്കിൽ ഒരു മാങ്ങാച്ചമ്മന്തീം…

 

(മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് ലേഖിക)

Eng­lish Sum­ma­ry : Vaartha Vikaram on Jana­keeya Hotel by Renu Ramanath

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.