പൊതുമരാമത്ത് വകുപ്പില്‍ സങ്കേതിക വിഭാഗം ജീവനക്കാരുടെ 221 അധിക തസ്തികകള്‍

Web Desk
Posted on August 26, 2018, 4:32 pm

കല്‍പറ്റ: പൊതുമരാമത്ത് വകുപ്പില്‍ സാങ്കേതിക വിഭാഗം ജീവനക്കാരുടെ 221 അധിക തസ്തികകള്‍ സൃഷ്ടിച്ചു. കിഫ്ബി പ്രവൃത്തികള്‍ക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിളായി നിശ്ചയിച്ച കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ സുഗമ പ്രവര്‍ത്തനത്തിന് 300 ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എന്‍ജിനീയറുടെ 2017 നവംബര്‍ 20ലെ ശിപാര്‍ശയനുസരിച്ചാണ് അധിക തസ്തികകള്‍ സൃഷ്ടിച്ചത്. സിവില്‍ വിഭാഗത്തിലെ ജോലിഭാരം കുറയ്ക്കുന്നതിന് 1079 അധിക തസ്തികകള്‍ സൃഷ്ടിക്കണമെന്നായിരുന്നു ശുപാര്‍ശ. ചീഫ് എന്‍ജിനീയര്‍-ഒന്ന്, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍-രണ്ട്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍-22, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍-42, അസിസ്റ്റന്റ് എന്‍ജിനീയര്‍-84, ഓവര്‍സീയര്‍ ഗ്രേഡ് ഒന്ന്-35, ഗ്രേഡ് രണ്ട്-35 എന്നിങ്ങനെയാണ് പുതുതായി സൃഷ്ടിച്ച തസ്തികകള്‍.

കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടറുടെ 2017 ഒക്ടോബര്‍ 26ലെ കത്തിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ നിയമനം. 360 ഉദ്യോഗസ്ഥരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാമെന്നായിരുന്നു ഡയറക്ടറുടെ ശുപാര്‍ശ.എന്‍ജിനീയറിങ് ബിരുദധാരികളായ 80‑ഉം സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയുള്ള 200‑ഉം ഭരണ-അക്കൗണ്ട്‌സ് തസ്തികകളില്‍ 11‑ഉം പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് അനുമതി.