കെ രംഗനാഥ്

തിരുവനന്തപുരം

July 26, 2021, 10:13 pm

ഹെെക്കമാന്‍ഡില്‍ തസ്തിക സൃഷ്ടിക്കല്‍ തകൃതി

Janayugom Online

ദേശീയ‑സംസ്ഥാന നേതൃത്വങ്ങളിലെ കലാപകാരികളെ അനുനയിപ്പിച്ചു കുടിയിരുത്താന്‍ കോണ്‍ഗ്രസ് ഹെെക്കമാന്‍ഡില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കലിന്റെ പൊടിപൂരം. അഞ്ച് ദേശീയ വര്‍ക്കിങ് പ്രസിഡന്റുമാരുടെ തസ്തികകള്‍ പിണങ്ങന്മാര്‍ക്കു വേണ്ടി സൃഷ്ടിക്കുന്നതില്‍ ഒരെണ്ണം രമേശ് ചെന്നിത്തലയ്ക്കായിരിക്കും.
ഇപ്രകാരം തട്ടിക്കൂട്ടുന്ന തസ്തികകളില്‍ വാഴിക്കുന്നവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളുമാക്കുമെന്ന് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പടുതോല്‍വിക്കുശേഷം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ രൂപംകൊണ്ട പിണങ്ങന്മാരുടെ വിമതഗ്രൂപ്പായ ജി-23 എന്ന 23 നേതാക്കളുടെ ഗ്രൂപ്പിലുള്ളവര്‍ക്കുവേണ്ടിയാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുക. ഈ ഗ്രൂപ്പിലുണ്ടായിരുന്ന ജിതിന്‍ പ്രസാദ യുപിയിലെ ബിജെപിയില്‍ ചേക്കേറുകയും അവശേഷിക്കുന്നവര്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് വിമതരെ കുടിയിരുത്തണമെന്ന് ഈയിടെ കോണ്‍ഗ്രസിലേക്ക് കളംമാറിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതനുസരിച്ച് രമേശ് ചെന്നിത്തല, മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ, ഗുലാം നബി ആസാദ്, സച്ചിന്‍ പെെലറ്റ് എന്നിവരെയായിരിക്കും ദേശീയ വര്‍ക്കിങ് പ്രസിഡന്റുമാരാക്കുക. ഗുലാം നബി ആസാദിനെ രാജ്യസഭാംഗവുമാക്കും.

അതേസമയം വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ രമേശ് ചെന്നിത്തല ഹെെക്കമാന്‍ഡിനു മുന്നില്‍ ചില ഉപാധികള്‍ വച്ചിരുന്നുവെന്നാണ് സൂചന. അതില്‍ മുഖ്യം എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു. സംഘടനാ സെക്രട്ടറിയെന്ന നിലയില്‍ തികഞ്ഞ പരാജയമായിരുന്നു വേണുവെന്നതിനു തെളിവാണ് കോണ്‍ഗ്രസിന് ദേശീയതലത്തിലും സംസ്ഥാനങ്ങളിലുമുണ്ടായ ദയനീയമായ സംഘടനാ സംവിധാനത്തകര്‍ച്ചയെന്നും രമേശ് ഹെെക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹെെക്കമാന്‍ഡ് ഈ ഉപാധി അംഗീകരിച്ചിട്ടുണ്ട്. വെെകാതെ തന്നെ വേണുവിനെ സംഘടനാ ചുമതലകളില്‍ നിന്നു മാറ്റുമെന്ന് രമേശിന് ഉറപ്പ് ലഭിച്ചതായും സൂചനയുണ്ട്. ദേശീയ വര്‍ക്കിങ് പ്രസിഡന്റായാലും തന്റെ നിലപാടുതറ കേരളമായിരിക്കുമെന്നും രമേശ് വ്യക്തമാക്കിയതായറിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹെെക്കമാന്‍ഡ് നിര്‍ദ്ദേശമനുസരിച്ചുള്ള ദൗത്യങ്ങള്‍ ഏറ്റെടുക്കാമെന്ന സന്നദ്ധതയും രമേശ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ‘രണ്ട് സൂര്യനിടമില്ലാകാശത്തില്‍’ എന്നപോലെ രമേശും വേണുവും ഒരേസമയം ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതയും വിരളം. രമേശിന്റെ ഉപാധികള്‍ക്കു വഴങ്ങുന്ന ഹെെക്കമാന്‍ഡ് വേണുഗോപാലിനെ രാജസ്ഥാന്റെ സംഘടനാ ചുമതല മാത്രം നല്കി തരംതാഴ്ത്താനാണ് സാധ്യത. കെപിസിസി പ്രസിഡന്റാകാന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവാകാന്‍ വി ഡി സതീശനും വേണ്ടി ഒരു ഹെെക്കമാന്‍ഡ് ഗ്രൂപ്പ് തന്നെയുണ്ടാക്കി ചരടുവലിച്ച വേണുവിനെ ഇരുവരും ഇപ്പോള്‍ കെെവിട്ട നിലയിലുമാണ്.
ഇതിനെല്ലാം പുറമേ സംസ്ഥാനങ്ങളിലെ ഹെെക്കമാന്‍ഡ് നിരീക്ഷകരും ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള ജനറല്‍ സെക്രട്ടറിമാരുമായി നിയമിക്കാന്‍ ഒരു കുപ്പിണി വേറെ തസ്തികകളും സൃഷ്ടിക്കും. കേരളത്തില്‍ നിന്ന് നേതൃത്വത്തില്‍ തൊഴില്‍രഹിതരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ക്ക് ഈ തസ്തികകളിലേക്ക് നറുക്കു വീണേക്കാം. എന്നാല്‍ സംഗതി കോണ്‍ഗ്രസായതിനാല്‍ ഹെെക്കമാന്‍ഡിന്റെ ഈ പുനഃസംഘടനാ പദ്ധതി വെളുക്കാന്‍ തേച്ചതു പാണ്ടാകുമോ എന്ന ആശങ്ക വേറെ.

Eng­lish sum­ma­ry; vacan­cy cre­ation jab highcommand

You may also like this video;