വയറിളക്കത്തിനെതിരെ പ്രതിരോധ കുത്തിവയ്പ് ഈ വര്‍ഷം മുതല്‍

കൊല്ലം: വയറിളക്കത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് ഈ വര്‍ഷം മുതല്‍ എല്ലാ കുട്ടികള്‍ക്കും നല്കാന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി.
ഓരോ വര്‍ഷവും പിറന്നുവീഴുന്ന കുട്ടികള്‍ക്ക് റോട്ടാവൈറസ് വാക്സിനേഷന് നിര്‍ബന്ധമാക്കാനാണ് നീക്കം. വയറിളക്കം മൂലം ലക്ഷക്കണക്കിന് കുട്ടികള്‍ പ്രതിവര്‍ഷം ലോകമെങ്ങും മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അഞ്ച് വയസിനുള്ളില്‍ ഒരിക്കലെങ്കിലും കുട്ടികളെ റോട്ടാവൈറസ് ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാന്, ത്രിപുര, അസം, ആന്ധ്രപ്രദേശ്, ഒഡിഷ, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ റോട്ടാവൈറസ് വാക്സിനേഷന് പ്രതിരോധ കുത്തിവയ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വാക്സിനേഷന് നിര്‍ബന്ധമാക്കാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
റോട്ടാവൈറസ് ബാധ തടയാന്‍ രണ്ടുതരം വാക്സിനുകളാണ് നിലവിലുള്ളത്. റോട്ടാടെക് എന്ന വാക്സിന് മൂന്ന് ഡോസായാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. രണ്ട് മാസം, നാല് മാസം, ആറ് മാസം എന്നീ കാലാവധിയില്‍ പോളിയോ വാക്സിന് പോലെ വായിലൂടെ നേരിട്ടാണ് നല്‍കുന്നത്. റോട്ടാറിക്സ് എന്ന മറ്റൊരിനം വാക്സിന് രണ്ട് മാസം പ്രായമാകുമ്പോഴും നാല് മാസമാകുമ്പോഴും രണ്ട് ഡോസുകളായി നല്‍കണം. ഇതും ഓറല്‍ വാക്സിനാണ്.
വയറിളക്കം മൂലം കുട്ടികളിലെ മരണനിരക്ക് ഏറ്റവും ഉയര്ന്നുനില്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് ബ്ളൂംബര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ നിമോണിയ ആന്റ് ഡയേറിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ 1,02,813 കുട്ടികള്‍ ലോകമെങ്ങും വയറിളക്കബാധയെ തുടര്‍ന്ന് മരിച്ചതായാണ് കണക്ക്. റോട്ടാവൈറസ്ബാധ പിടിപെടുമ്പോള്‍ ചികിത്സയ്ക്കായി വാര്‍ഷികവരുമാനത്തിന്റെ 5.8 ശതമാനം തുക ഓരോ കുടുംബവും ചിലവഴിക്കുന്നതായി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും വെല്ലൂര്‍ ക്രിസ്റ്റ്യന്‍ കോളജും സംയുക്തമായി നടത്തിയ പഠനത്തില്‍ വെളിപ്പെട്ടിരുന്നു.
അസുഖം സമൂഹത്തില്‍ വരുത്തിവയ്ക്കുന്ന സാമ്പത്തിക ആഘാതവും വാക്സിന്റെ ചെലവും തമ്മില്‍ താരതമ്യപ്പെടുത്തിയശേഷമാണ് തമിഴ്നാട്ടിലും മറ്റും റോട്ടാവൈറസ് വാക്സിനേഷന് നിര്‍ബന്ധമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ ക്ഷേമപരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് റോട്ടാവൈറസ് വാക്സിനേഷന് കുട്ടികള്‍ക്ക് സൗജന്യമായി നല്കാന് തീരുമാനിച്ചിട്ടുള്ളത്. ഇതിനുപുറമെ ഇ-സിഗരറ്റിന് പൂര്‍ണ നിരോധനം കൊണ്ടുവരാനും രാജ്യത്തെ എല്ലാ ജില്ലകളിലും പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ഒരു മെഡിക്കല്‍ കോളജോ പോസ്റ്റ്ഗ്രാഡ്വേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടോ സ്ഥാപിക്കുവാനും ലക്ഷ്യമിടുന്നു.