രാജ്യത്ത് പ്രതീക്ഷിച്ച വേഗത കൈവരിക്കാനാകാതെ കോവിഡ് വാക്സിനേഷൻ നടപടികൾ. നിലവിൽ 6.31 ലക്ഷത്തോളം പേരാണ് രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യപ്രവർത്തകരിൽ നിന്ന് പ്രതീക്ഷിച്ച ഫലം ഉളവായിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വിലയിരുത്തുന്നു.
വാക്സിനേഷന് പാര്‍ശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതാണ് തണുത്ത പ്രതികരണത്തിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയം തുറന്നുസമ്മതിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിനാണ് 16 ന് ഇന്ത്യയിൽ തുടക്കമായത്. ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സിന്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് എന്നീ വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ കോവിഡ് മുന്നണിപ്പോരാളികളായ മൂന്നുകോടി പേർക്കാണ് വാക്സിൻ നൽകുന്നത്.
യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽപേർക്ക് ആദ്യദിനത്തിൽ വാക്സിൻ നൽകാൻ കഴിഞ്ഞത് ആരോഗ്യവകുപ്പിന് ആവേശം പകർന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല. ആരോഗ്യപ്രവർത്തകരോട് വാക്സിനേഷനിൽ നിന്നും വിട്ടുനിൽക്കരുതെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രാലയം. തമിഴ്നാട്, പഞ്ചാബ് ഉൾപ്പെടെ രോഗവ്യാപനം തുടരുന്ന സംസ്ഥാനങ്ങളിൽപോലും വാക്സിനേഷന്റെ തോത് കുറവാണ്.
കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലിരിക്കെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിൽ വിവാദം ഉയർന്നിരുന്നു. ഏതു കമ്പനിയുടെ കോവിഡ് വാക്സിനാണ് കുത്തിവയ്ക്കേണ്ടതെന്ന് നിലവിൽ സ്വീകര്‍ത്താവിന് തെരഞ്ഞെടുക്കാനാകില്ല.
ഇതിനെതിരെ കര്‍ണാടകയിലെ ഡോക്ടർമാരുടെ സംഘടന ഇന്നലെ രംഗത്തെത്തി. പരീക്ഷണ ഘട്ടത്തിലുള്ള വാക്സിന് വിതരണം ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരില്‍ സംശയങ്ങൾ ഉയര്‍ത്തുന്നുവെന്നും നിലവിലെ വാക്സിന് വിതരണ സംവിധാനത്തില്‍ ആശങ്കകളുണ്ടെന്നും സംഘടനാ പ്രതിനിധികള്‍ ആരോഗ്യ മന്ത്രിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പല സംസ്ഥാനങ്ങളിലും വിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ കോ വിന് സംവിധാനത്തിലെ പിഴവുകളും വാക്സിനേഷൻ മന്ദഗതിയിലാക്കി. ഇതിന് പരിഹാരമായി ആരോഗ്യ സേതു ആപ്പിലൂടെയും വാക്സിൻ സ്വീകരണത്തിന് രജിസ്ട്രേഷൻ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുന്നു.
അതേസമയം ഇന്ത്യയിൽ പാർശ്വഫലത്തിന്റെ നിരക്കുകള്‍ താരതമ്യേന കുറവാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം വെറും 0.18 പേരില്‍ മാത്രമാണ് ഇമ്യൂണൈസേഷന് ശേഷം പാര്‍ശ്വഫലങ്ങള്‍ അഥവാ അഡ്വേഴ്സ് ഇവന്റ് ഫോളോവിങ് ഇമ്യൂണൈസേഷൻ (എഇഎഫ്ഐ) ഉണ്ടായിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് പറഞ്ഞു. ലോകത്ത് വാക്സിനേഷന് നടന്ന ആദ്യ മൂന്നു ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായത് ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY: Vaccination is slow
YOU MAY ALSO LIKE THIS VIDEO