ഒരേ സിറിഞ്ച് ഉപയോഗിച്ച്‌ കുത്തിവയ്പ്പ്; ഉന്നാവോയില്‍ 21 പേര്‍ക്ക് എച്ച്‌ ഐ വി

Web Desk

ലഖ്നൗ

Posted on February 06, 2018, 4:55 pm

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ മുറിവൈദ്യന്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്പു നടത്തിയതിനെ തുടര്‍ന്ന് 21 പേര്‍ക്ക് എച്ച് ഐ വി സ്ഥിരീകരിച്ചു.

മേഖലയില്‍ എച്ച്‌.ഐ.വി ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതോടെ പഠനത്തിനായി ആരോഗ്യ വകുപ്പ് രണ്ട് അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയ സംഘം 566 പേരെ പരിശോധനയ്ക്കും വിധേയമാക്കി. ഇവരില്‍ 21 പേര്‍ എച്ച്‌ ഐ വി ബാധിതരാണെന്ന് കണ്ടെത്തുകയായിരുന്നു, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് പി ചൗധരി പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ രാജേന്ദ്ര കുമാര്‍ നടത്തുന്ന ചെലവു കുറഞ്ഞ ചികിത്സാ രീതിയെ കുറിച്ച്‌ അധികൃതര്‍ അറിഞ്ഞത്. ഒരേ സിറിഞ്ച് ഉപയോഗിച്ചായിരുന്നു ഇയാള്‍ എല്ലാവര്‍ക്കും കുത്തിവയ്പ് നല്‍കിയിരുന്നത്. എച്ച്‌ ഐ വി പകരാനുള്ള പ്രധാന കാരണം ഇതാണെന്നും അധികൃതര്‍ പറയുന്നു.

രോഗബാധിതരെ രോഗം കൂടുതല്‍ മൂര്‍ഛിക്കുന്നത് തടയാന്‍ കാണ്‍പൂരിലെ ആന്‍റിറിട്രോവൈറല്‍ തെറാപ്പിക്ക് വിധേയമാക്കി വരികയാണ്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.

2016 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 21 ലക്ഷം എച്ച്‌ ഐ വി ബാധിതരാണുള്ളതെന്ന് 2017ല്‍ പുറത്തുവന്ന അണ്‍എയ്ഡ്സ് എന്‍ഡിംഗ് എയ്ഡ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.