Web Desk

കോണ്‍വാള്‍

June 13, 2021, 9:23 pm

വാക്സിന്‍, കാലാവസ്ഥാ വ്യതിയാനം, നികുതി: സുപ്രധാന നയങ്ങളുമായി ജി 7 ന് സമാപനം

Janayugom Online

കോവിഡ് വാക്സിന്‍, കാലാവസ്ഥാ വ്യതിയാനം, ആഗോള നികുതി തുടങ്ങിയ വിഷയങ്ങളില്‍ സുപ്രധാന നയങ്ങള്‍ പ്രഖ്യാപിച്ച് ജി 7 ഉച്ചകോടി അവസാനിച്ചു. യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി അനിശ്ചിതത്വത്തിലായിരുന്ന ജി 7 പ്രവര്‍ത്തനങ്ങള്‍ പുനര്‍ ജീവിച്ചതായി പ്രഖ്യാപിച്ച് ഇന്നലെ ഉച്ചകോടിക്ക് സമാപനം കുറിച്ചു.

ലോകത്തെ പിടികൂടിയിരിക്കുന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ മുഴുവന്‍ രാജ്യങ്ങളിലും വാക്സിന്‍ എത്തിക്കും. ആഗോള ടെക്ഭീമന്മാര്‍ ഉള്‍പ്പെടെ നടത്തുന്ന നികുതി വെട്ടിപ്പ് തടയാന്‍ മിനിമം നികുതി വ്യവസ്ഥ കൊണ്ടുവരും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നിങ്ങനെയാണ് ജി 7 നേതാക്കള്‍ സ്വീകരിച്ച പ്രധാന നയങ്ങള്‍.

ഡൊണാള്‍ഡ് ട്രംപിന് ശേഷം ലോകരാജ്യങ്ങള്‍ ഒരുമിച്ച് കൂടി പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് വ്യക്തമാക്കുന്നതിനാണ് മഹാമാരിക്കിടയിലും ഉച്ചകോടി നടത്തിയത്. ചൈനയെക്കാള്‍ ലോകത്തെ പാവപ്പെട്ട രാജ്യങ്ങളുടെ സുഹൃത്തുക്കളാകാന്‍ കഴിയുമെന്ന കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, അമേരിക്ക എന്നീ സമ്പന്നരാജ്യങ്ങളുടെ പ്രഖ്യാപനം കൂടിയാണ് ജി 7 ഉച്ചകോടിയില്‍ നടത്തിയത്.

നാറ്റോ മേധാവികളുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തും

വാഷിങ്ടണ്‍: ബ്രിട്ടനില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നാറ്റോ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നാറ്റോ സേനയുടെ ഔദ്യോഗിക പ്രഖ്യാപനവും കൂടിക്കാഴ്ചയ്ക്കിടെ നടത്തും.

അമേരിക്ക അഭിമാന പദ്ധതിയായി കണക്കാക്കപ്പെടുന്ന അഫ്ഗാനിലെ നാറ്റോ സേവനം എത്ര കണ്ട് ഉപകാരപ്രദമായിരുന്നുവെന്ന ചോദ്യം അവശേഷിപ്പിച്ചാണ് നിലവിലെ പിന്‍വാങ്ങല്‍.

18 വര്‍ഷത്തെ സേവനത്തിനായി അമേരിക്ക ഏകദേശം 2,26,000 കോടി ഡോളറാണ് ചെലവാക്കിയിരിക്കുന്നത്. കൂടാതെ, അമേരിക്കന്‍ സേനയിലെ 2,442 അംഗങ്ങളുടെയും 1144 മറ്റ് അംഗങ്ങളുടേയും ജീവിതച്ചെലവ് ഉള്‍പ്പെടെ വന്‍തുക ചെലവഴിച്ചതായി ബ്രൗണ്‍ സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ ഓപ്പറേഷനുകളില്‍ കൊല്ലപ്പെട്ടവരുടെ യാതൊരു കണക്കും നാറ്റോയുടെ കൈവശമില്ല. 47,000 പൗരന്മാരും 69,000 സുരക്ഷാ ഉദ്യോഗസ്ഥരും 51,000 എതിരാളികളുമാണ് ഈ കാലയളവില്‍ കൊല്ലപ്പെട്ടത്.

അഫ്ഗാനില്‍ നിന്നുള്ള നാറ്റോ സേനയുടെ ഘട്ടം ഘട്ടമായുള്ള പിന്മാറ്റം ആരംഭിച്ചതിന് പിന്നാലെയുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

Sum­ma­ry: Vac­cine, Cli­mate Change and Tax­a­tion: Con­clud­ing the G7 with Impor­tant Policies

You may like this video also