Web Desk

ന്യൂഡല്‍ഹി

June 12, 2021, 9:56 pm

വാക്സിന്‍ ഇടവേള വകഭേദങ്ങളുടെ വ്യാപനത്തിന് കാരണമാകും: ഫൗചി

Janayugom Online

കോവിഡിനെതിരായ വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ. ആന്റണി ഫൗചി.

വാക്‌സിനാണ് കോവിഡിന് എതിരായ പോരാട്ടത്തിലെ മുഖ്യ ആയുധം. ഇടവേള കൂട്ടുന്നത് വഴി കൂടുതല്‍ പേര്‍ക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാന്‍ ഇടയാക്കുമെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ വാക്‌സിന്‍ ലഭ്യത കുറവാണെങ്കില്‍ ഇടവേള നീട്ടുകയല്ലാതെ മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫൈസറിന് മൂന്നാഴ്ച ഇടവേളയും മൊഡേണയ്ക്കു നാലാഴ്ചയുമാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. ഇടവേള നീട്ടുന്നത് രോഗവ്യാപനത്തിന് കാരണമാവും. യുകെയില്‍ അത് നമ്മള്‍ കണ്ടതാണ്. ഇടവേള നീട്ടിയതോടെ രോഗികളുടെ എണ്ണം കൂടി. അതുകൊണ്ടു തന്നെ മുന്‍നിര്‍ദേശങ്ങള്‍ പാലിക്കുന്നതാണ് നല്ലതെന്നും ഫൗചി പറഞ്ഞു. തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം നേരിടാന്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കുകയാണ് വേണ്ടതെന്നും ഡെല്‍റ്റ വകഭേദം കണ്ടെത്തിയ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ തമ്മിലെ ഇടവേള ആറ് മുതല്‍ എട്ട് ആഴ്ചകളില്‍ നിന്നും 12 മുതല്‍ 16 ആഴ്ചയാക്കിയത് വിവാദമായിരുന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയായിരുന്നു വാക്സി‍ന്‍ ഇടവേള വര്‍ധിപ്പിച്ചത്.

Sum­ma­ry: Vac­cine inter­val can lead to the spread of vari­ants: Fauci

You may like this video also