February 2, 2023 Thursday

Related news

December 28, 2022
December 27, 2022
December 11, 2022
November 29, 2022
July 7, 2022
June 24, 2022
June 19, 2022
June 19, 2022
June 15, 2022
June 10, 2022

വാക്സിന്‍ തീര്‍ന്നു; ആദ്യ ഡോസിന്റെ കുത്തിവെയ്പ് മുടങ്ങി

Janayugom Webdesk
റിയാദ്
January 22, 2021 1:13 pm

യുഎസ്- ജര്‍മന്‍ കമ്പനിയായ ഫൈസര്‍— ബയോ എന്‍ടെക്കിന്റെ കൊവിഡ് പ്രതിരോധ വാക്സിന്റെ സ്റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്ന് സൗദിയില്‍ വാക്സിന്‍ കുത്തിവയ്പ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഫൈസര്‍ വാക്സിന്റെ രണ്ടാമത്തെ ബാച്ച് എത്താന്‍ വൈകിയതാണ് പ്രതിസന്ധിക്കു കാരണം. കമ്പനിയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ കാരണമാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാക്സിന്റെ രണ്ടാം ബാച്ചിന്റെ വിതരണം മുടങ്ങുന്നതെന്നാണ് സൂചന.
നേരത്തേ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കുള്ള രണ്ടാമത്തെ ഡോസ് വിതരണം മുടങ്ങില്ലെന്ന് മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് എടുത്തവര്‍ക്കെല്ലാം രണ്ടാമത് നല്‍കാനുള്ള വാക്സിന്‍ നേരത്തേ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. അതുപ്രകാരം, രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സ്ഥലവും സമയവും കാണിച്ച് മൊബൈല്‍ സന്ദേശം ലഭിച്ചവര്‍ അതേ സമയത്ത് തന്നെ കുത്തിവയ്പ്പിനായി ഹാജരാവണമെന്നും മന്ത്രാലയം വ്യക്തമാക്കി. 

നിലവില്‍ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തവരില്‍ ഒന്നാം ഡോസ് വാക്സിനെടുക്കുന്നതിനുള്ള സ്ഥലം സമയവും കാണിച്ച് മൊബൈല്‍ സന്ദേശം ലഭിച്ചവര്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ കുത്തിവെയ്പ്പിനായി വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് പോകരുതെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സിന്റെ പുതിയ ബാച്ച് എത്തുന്ന മുറയ്ക്ക് സിഹത്തീ ആപ്പില്‍ നിന്ന് അവര്‍ക്ക് വീണ്ടും എസ്എംഎസ് വരും. അതനുസരിച്ച് മാത്രമേ അവര്‍ കുത്തിവയ്പ്പിനായി വരേണ്ടതുള്ളൂ. വാക്സിന്റെ ദൗര്‍ലഭ്യം കാരണം നിലവിലെ വാക്സിനേഷന്‍ ഷെഡ്യൂളില്‍ മാറ്റം വരുമെന്ന് ബുധനാഴ്ച തന്നെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. 

സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 17 മുതലായിരുന്നു സൗദിയില്‍ ഫൈസര്‍ വാക്സിന്‍ വിതരണം തുടങ്ങിയത്. റിയാദിലാണ് ആദ്യം തുടങ്ങിയതെങ്കിലും ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കും പിന്നീട് വാക്സിനേഷന്‍ വ്യാപിപ്പിച്ചു. അഞ്ചാമത്തെ വാക്സിന്‍ വിതരണ കേന്ദ്രം ഈയാഴ്ച മക്കയില്‍ ആരംഭിക്കാനിരിക്കെയാണ് തല്‍ക്കാലം ഇത് നിര്‍ത്തിവച്ചിരിക്കുന്നത്. അതേസമയം, 20 ദിവസം മുമ്പ് ആദ്യ ഡോസ് എടുത്തവര്‍ക്കുള്ള രണ്ടാം ഡോസ് വിതരണം നേരത്തേ തീരുമാനിച്ച ഷെഡ്യൂള്‍ പ്രകാരം തുടരും. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ നേരിയ വര്‍ധനവിന് കാരണം ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണെന്ന് ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടരി ഡോ. അബ്ദുല്ല അല്‍ അസീരി അഭിപ്രായപ്പെട്ടു. കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലും പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതിലും ചെറിയ വീഴ്ച ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. തണുപ്പ് കാലാവസ്ഥയും അര്‍ധവാര്‍ഷിക അവധിയും ഒന്നിച്ചുവന്നതും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാവാന്‍ ഇടവരുത്തി. പൊതു ഇടങ്ങളിലും കുടുംബ ചടങ്ങുകളിലും അടക്കം ശക്തമായ ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry : Vac­cines are out of stock 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.