Monday
27 May 2019

വടക്കന്‍ തൃശൂരിലേക്ക്; വെട്ടിലായി ബിജെപി

By: Web Desk | Thursday 14 March 2019 8:09 PM IST


സുരേന്ദ്രന്‍ കുത്തനൂര്‍

തൃശൂര്‍: കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ബിജെപിയിലേക്ക് ഇന്നലെ ചേക്കേറിയ ടോം വടക്കന്‍ ബിജെപി കേരള ഘടകത്തെയും വെട്ടിലാക്കി. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വേണ്ടിയാണ് സോണിയുടെയും രാഹുലിന്റെയും വിശ്വസ്തരിലൊരാളായിരുന്ന ടോം വടക്കന്‍ ബിജെപിയുടെ പാളയത്തിലെത്തിയത്. തൃശൂരില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ തീരുമാനമെന്നാണറിയുന്നത്. ബിജെപി യിലെ പ്രമുഖ നേതാവ് കെ സുരേന്ദ്രൻ  ആവശ്യപ്പെടുന്ന സീറ്റാണ് തൃശൂര്‍. തിരുവനന്തപുരത്ത് കുമ്മനം വന്നതോടെ പത്തനംതിട്ട, തൃശൂര്‍ സീറ്റുകള്‍ക്ക് വേണ്ടിയാണ് ബിജെപിയിലെ സംസ്ഥാന നേതാക്കളെല്ലാം മത്സരിക്കുന്നത്. ടോം വടക്കന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനമായാല്‍ സ്വന്തം നേതാക്കള്‍ക്ക് വോട്ട് ലഭിക്കുന്ന മണ്ഡലങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്കയിലാണ് സംസ്ഥാന ബിജെപി.

കാലുമാറി ബിജെപി അംഗത്വം സ്വീകരിച്ചയുടന്‍ താന്‍ മത്സരിക്കാനില്ല എന്ന് പറയുമ്പോഴും തന്റെ കര്‍മ്മമേഖല കേരളത്തിലേക്ക് മാറ്റുന്നു എന്ന് വടക്കന്‍ സൂചന നല്‍കുന്നുണ്ട്. മാത്രമല്ല; സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതിന്റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം തന്നെ സൂചിപ്പിക്കുന്നു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിന്. അതില്‍ മനംമടുത്താണ് രാജിവെച്ചത് എന്നാണ് വടക്കന്‍ പറഞ്ഞത്.
എന്നാല്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ കാലങ്ങളായി ആഗ്രഹിച്ചു നടന്ന വടക്കനെ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും മാറ്റി നിര്‍ത്തി. 2009 മുതല്‍ തൃശൂരില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു ടോം വടക്കന്‍. എന്നാല്‍ ഓരോ തെരഞ്ഞെടുപ്പ് സമയത്തും വിവിധ കാരണങ്ങള്‍ പറഞ്ഞ് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ്‌വരെ കോണ്‍ഗ്രസിനെ ന്യായീകരിച്ച് ടോം വടക്കന്‍ പൊതുവേദികളിലെത്തിയിരുന്നു. അപ്പോഴൊക്കെയും തൃശൂരില്‍ മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചതാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി വിശ്വനാഥനും ടോം വടക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്നുള്ള താത്പര്യം പ്രകടിപ്പിച്ച് വിളിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 19 ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലും തൃശൂരില്‍ മത്സരിക്കാന്‍ താന്‍ കാലങ്ങളായി ആഗ്രഹിക്കുവെന്ന് വടക്കന്‍ വെളിപ്പെടുത്തിയിരുന്നു.

തൃശൂരില്‍ മത്സരിക്കുക എന്നത് ഹോം ഗ്രൗണ്ടിലെ കളി പോലെയാണ് എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാല്‍ തൃശൂര്‍ തന്നെ വേണമെന്നില്ല, പാര്‍ട്ടി പറഞ്ഞാല്‍ നാഗാലന്റില്‍ ആയാലും മത്സരിക്കും. എന്റെ പാര്‍ട്ടിയും അതിന്റെ ഹൈക്കമാന്റുമാണ് തീരുമാനമെടുക്കേണ്ടത്; ഞാന്‍ അനുസരണയുള്ള പ്രവര്‍ത്തകന്‍ എന്നും ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.  തൃശൂർ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ആദ്യം ടോം വടക്കന്റെ പേര് ഉയര്‍ന്നതാണ്. മുതിര്‍ന്ന നേതാവ് വി എം സുധീരന്‍, ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ടോം വടക്കന്‍ എന്നിങ്ങനെയായിരുന്നു പട്ടിക. എന്നാല്‍ ഒടുവില്‍ വടക്കനെ വെട്ടി. ഇതിനു പിന്നില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയാണ് എന്നാണ് സൂചന. 2015 ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ചെന്നിത്തല സോണിയറാ ഗാന്ധിക്ക് എഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ടോം വടക്കന്‍ വഴിയാണ് എന്ന് പുറത്തു വന്നിരുന്നു. ഇ#ൂ വിദേ്വഷമാണ് ചെന്നിത്തലക്ക് വടക്കനോടുള്ളത്. ടോം വടക്കന്‍, തോമസ് കുരുവിള, ഒരു പ്രമുഖ നേതാവിന്റെ മകന്‍ എന്നിവരടങ്ങിയ സംഘം ആപ്‌കോ എന്ന പി ആര്‍ ഏജന്‍സി വഴിയാണു കത്ത് തയാറാക്കി പുറത്തുവിട്ടതെന്ന് അന്ന് ആഭ്യന്തര മ്രന്തിയായിരുന്ന ചെന്നിത്തലയ്ക്കു വേണ്ടി വകുപ്പ് നടത്തിയ അനേ്വഷണത്തിനറെ റിപ്പോര്‍ട്ട്.

മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ മത്സരിക്കുന്നില്ലെങ്കില്‍ ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപനാവും തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാവുക. എന്നാല്‍ ജാതി സമവാക്യങ്ങളും ഹൈക്കമാന്റ് താല്‍പര്യവും കണക്കിലെടുത്ത് ദേശീയ നേതാവ് ടോം വടക്കന്റെ പേര് പരിഗണിച്ചിരുന്നു. വടക്കന്‍ നിന്നാല്‍ തൃശൂര്‍ അതിരൂപതയുടെ പിന്തുണ ലഭിക്കുമെന്നാണ് ഹൈക്കമാന്റ് കണക്കു കൂട്ടുന്നത്. എന്നാല്‍ ‘വരത്തനും വേണ്ട വയസനും വേണ്ട’ എന്ന പോസ്റ്ററുകള്‍ സേവ് കോണ്ഗ്രസ് എന്ന പേരില്‍ നഗരത്തില്‍ പതിച്ചു കൊണ്ടാണ് വടക്കനെ വേണ്ട എന്ന വികാരം സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ക്ക് മുമ്പില്‍ പ്രതാപന്‍ വിഭാഗം എത്തിച്ചത്. ബുധനാഴ്ച വൈകീട്ട് തൃശൂരിലെത്തിയ രാഹുല്‍ ഗാന്ധിയുമായി അതിരൂപതാ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നടത്തിയ ചര്‍ച്ചയിലും സഭയുടെ വികാരം മാനിക്കണമെന്ന് സൂചിപ്പിച്ചിരുന്നതായി അറിയുന്നു. അതുകഴിഞ്ഞ് രാഹുല്‍ഗാന്ധി കേരളം വിടുന്നതിന് മുമ്പാണ് വടക്കന്റെ വേലിചാട്ടം.

തൃശൂര്‍ മണ്ഡലത്തില്‍ കൃസ്ത്യന്‍ വിഭഗത്തിന്റെ പിന്തുണ കിട്ടാന്‍ സാധ്യതയുണ്ടെന്ന കണക്കുട്ടലിലാണ് ബിജെപി കേന്ദ്ര നേതൃത്വം ടോം വടക്കനെ സ്വീകരിച്ചത്. സഭയുടെ ആവശ്യങ്ങളും വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് സഭാവിശ്വാസികള്‍ ജനപ്രതിനിധികളാകുന്നത് സഹായകമാകുമെന്ന് സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യം മുന്‍ നിര്‍ത്തി ടോം വടക്കനെ തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയായി കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ തൃശൂരില്‍ മത്സരിക്കാന്‍ കച്ചകെട്ടിയ കേ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് വേറെ മണ്ഡലം തേടേണ്ടി വരും. തൃശൂര്‍ തന്നാല്‍ മത്സരിക്കാം എന്നു പറഞ്ഞിരുന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കും ഇതൊരു താക്കീതാണ്. എന്നാല്‍ തുഷാര്‍ മത്സരിക്കണമെന്നത് അമിത്ഷായുടെ താത്പര്യമായതിനാല്‍ തൃശൂര്‍ വിട്ടു നല്‍കി വടക്കനെ ചാലക്കുടിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.