വടക്കൂന്നു വന്ന പനങ്കിളിയേ വടക്കോട്ടെന്തെല്ലാം വര്‍ത്താനം

Web Desk
Posted on April 01, 2018, 8:46 pm

അങ്ങ് കിഴക്ക് മൂന്നാറില്‍ നിന്നും ഈസ്റ്റര്‍ സമ്മാനമായി ഒരു നല്ല വര്‍ത്തമാനം. കുത്തകപ്പാട്ടം ലംഘിച്ച് കൈവശം വച്ച് ഹോംസ്റ്റേകള്‍ നിര്‍മിച്ച് ഇതിനകം കോടികള്‍ കൊയ്ത കോണ്‍ഗ്രസ് നേതാവ് വി വി ജോര്‍ജിന്റെ കയ്യേറ്റഭൂമിയും കെട്ടിടങ്ങളും റവന്യൂവകുപ്പ് ഇന്നലെ ഏറ്റെടുത്ത് അവിടെ മൂന്നാര്‍ വില്ലേജ് ഓഫീസ് സ്ഥാപിച്ചിരിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലുമുള്ള ആ വില്ലേജ് ഓഫീസ് ബോര്‍ഡ് പൊതുമനസിന് മുന്നില്‍ ഒരു പ്രതീകമാവുന്നു. റവന്യൂ വകുപ്പിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ബിംബം പോലെ. പണ്ട് പാലായില്‍ മാണിയെ തെരഞ്ഞെടുപ്പില്‍ മണ്ണ് കപ്പിച്ചതിനു നേതൃത്വം നല്‍കിയ മദ്യരാജാവായ മണര്‍കാട് പാപ്പന്റെ കൈവശത്തിലായിരുന്ന ഈ ഏലപ്പാട്ട ഭൂമി, കോണ്‍ഗ്രസുകാരനായ പാപ്പന്‍ ആ ഭൂമി കോണ്‍ഗ്രസുകാരന്‍ തന്നെയായ ജോര്‍ജ്ജിന് മറിച്ചുവിറ്റു. കുത്തകപ്പാട്ട നിയമങ്ങള്‍ ലംഘിച്ച് ആ ഭൂമിയില്‍ ജോര്‍ജ്ജ് ഹോംസ്റ്റേകള്‍ നിര്‍മിച്ചു. ഈ ഭൂമി ഏറ്റെടുക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനും കരുക്കള്‍ നീക്കിയപ്പോള്‍ കയ്യേറ്റക്കാരനായ കോണ്‍ഗ്രസുകാരനെ രക്ഷിക്കാന്‍ അത്യുന്നതങ്ങളില്‍ എന്തെല്ലാം കുതന്ത്രങ്ങളാണ് അരങ്ങേറിയത്. റവന്യൂ മന്ത്രിയെ ഒഴിവാക്കി നാട്ടുപ്രമാണിമാരെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം വിളിച്ചു. ലോക്കല്‍ നേതാക്കളായ മാട്ടുപ്പട്ടിമച്ചാന്മാരും കുഞ്ചിത്തണ്ണിമച്ചമ്പിമാരും ജോര്‍ജിന്റെ ചെല്ലും ചെലവും വാങ്ങി കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കയ്യേറ്റഭൂമി കോണ്‍ഗ്രസ് നേതാവിന് വിട്ടുകൊടുക്കണമെന്നുവരെ ആ അത്യുന്നത സൂനഹദോസില്‍ ധാരണയായി. പക്ഷേ സന്ധിയില്ലാത്ത നിയമയുദ്ധത്തിലൂടെ റവന്യൂവകുപ്പ് ജോര്‍ജ്ജിന്റെ കയ്യേറ്റഭൂമിയും കെട്ടിടങ്ങളും ഇന്നലെ തിരിച്ചു പിടിച്ചിരിക്കുന്നു. കയ്യേറ്റങ്ങള്‍ക്കെതിരായ ഈ പോരാട്ടവിജയം നമ്മെ ഒന്നോര്‍മിപ്പിക്കുന്നു. ഒരു വകുപ്പിന്റെയും ദൈനംദിന ചുമതലകളില്‍ അത്യുന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ വഴി സംഗതികള്‍ അലമ്പാക്കരുതെന്ന്. അത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിതനയമല്ലെന്ന്.
ഓര്‍മയുണ്ടല്ലോ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ നിന്തിരുവടികളെ? പെണ്ണിന്റെ ബലാല്‍സംഗത്തിന് മുതിര്‍ന്നപ്പോള്‍ അവളുടെ കരവിരുതില്‍ ലിംഗം മുറിച്ചു പട്ടിക്കിട്ടു കൊടുക്കപ്പെട്ട താപസവര്യന്‍, മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം കഴിഞ്ഞ ദിവസം ചാനലിലൂടെ ഉരിയാടിത്തുടങ്ങി. സുന്നാമണി പട്ടികൊണ്ടുപോയാല്‍ പെന്‍ഡ്രൈവ് നഷ്ടപ്പെടുന്നയാള്‍ പുഷ്ടിപ്രാപിച്ച് സുന്ദരനാകുമെന്ന് ചാനല്‍ ചിത്രം കണ്ടപ്പോള്‍ ബോധ്യമായി. മാസങ്ങള്‍ക്കുശേഷം ഇപ്പോഴാണ് സ്വസ്ഥമായി മൂത്രമൊഴിച്ചതെന്നാണ് ലിംഗരഹിതനായ ഗംഗേശന്റെ വെളിപ്പെടുത്തല്‍. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് തന്റെ യന്ത്രക്കെണി മുറിച്ചുമാറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മുകളില്‍ പിടിത്തമുണ്ടെങ്കില്‍ ലിംഗവിഛേദം എളുപ്പമാകുമെന്നതിനാല്‍ ഒരാള്‍ പിടിച്ചു വച്ചുകൊടുത്തു. മറ്റൊരാള്‍ ചന്ദനമരം മറിക്കുമ്പോലെ കടയ്ക്കല്‍ കത്തി വച്ചുവെന്നും തീര്‍ഥപാദര്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം നടക്കുമ്പോള്‍ താന്‍ യോഗനിദ്രയിലായിരുന്നുവോ എന്നു മാത്രം സ്വാമി അരുളി ചെയ്തിട്ടില്ല. കാര്യമെന്തായാലും ഭോഗാലസാനന്ദസ്വാമിയുടെ ലിംഗം ഭക്ഷിച്ച കണ്ണമ്മൂലയിലെ ശുനകവീരനും നല്ല തടിവച്ച് സുന്ദരനായോ എന്നറിയാന്‍ ഒരനേ്വഷണ കമ്മിഷനെ നിയോഗിച്ചാലോ. ഡിജിപി സന്ധ്യയും കണ്ണമ്മൂലയില്‍ത്തന്നെയാണ് താമസം. നിരവധി കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ തുമ്പു കണ്ടെത്തിയ മാഡത്തെത്തന്നെ അനേ്വഷണച്ചുമതല ഏല്‍പിച്ചാലോ!
വടക്കൂന്നു നിന്നു മാത്രമല്ല കിഴക്കൂന്നും മാര്‍ത്താണ്ഡം കായലില്‍ നിന്നുമെല്ലാം നല്ല വര്‍ത്തമാനങ്ങളുടെ ഒഴുക്കോട് ഒഴുക്ക്. മാര്‍ത്താണ്ഡം കായല്‍ നിയമം ലംഘിച്ചു നികത്തി സ്വന്തമാക്കിയ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ രക്ഷിച്ച് മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ ആരെല്ലാം എന്തെല്ലാം പെടാപ്പാടുപെട്ടു. താങ്ങാനാളുണ്ടെങ്കില്‍ തളര്‍ച്ച കൂടും എന്ന് പണ്ടാരാണ്ടോ പറഞ്ഞതുപോലെ ഞങ്ങള്‍ ഒപ്പമുണ്ടെന്ന് ചിലര്‍ പറഞ്ഞതോടെ കുവൈറ്റ് ചാണ്ടി എന്തൊക്കെയാണ് വീമ്പിളക്കിയത്. ഇനിയും നികത്താനുള്ള പ്ലോട്ടുകളും നികത്തും, തടയാന്‍ വരുന്നവര്‍ ആരുണ്ടിവിടെ കാണട്ടെ എന്നൊക്കെ എന്തെല്ലാം ഭീഷണികളാണ് ആ മന്ത്രി പുംഗവന്‍ മലയാളക്കരയുടെ പൊതുമനഃസാക്ഷിയെ നോക്കി മുഴക്കിയത്. ഒടുവില്‍ നാണംകെട്ട് തോമസ് ചാണ്ടി, മന്ത്രിക്കസേര ഒഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്ന് ഉന്തിക്കൊടുത്തവരെല്ലാം ‘കാട്ടിക്കൊട് മൂടിക്കൊട് മണ്ടിക്കള’ എന്ന മട്ടില്‍ മാളത്തിലൊളിച്ചതും മാലോകര്‍ കണ്ടു.
ആ തോമസ് ചാണ്ടി കഴിഞ്ഞ ദിവസം പാതിരാത്രി ഇരുളിന്റെ മറവില്‍ മാര്‍ത്താണ്ഡം കായല്‍ നികത്തിയ മണ്ണ് മാത്രമല്ല ടണ്‍കണക്കിന് സ്ലാബുകളും വാര്‍ക്കക്കമ്പികളും ലോഡ്കണക്കിനു പൊളിച്ചടുക്കി കടത്തിക്കൊണ്ടു പോയിരിക്കുന്നു. കമാ എന്ന് ഒരക്ഷരം മിണ്ടാതെയുള്ള രാത്രീഞ്ചര ഓപ്പറേഷന്‍. പൊതുസ്ഥലത്തുനിന്നും മണ്ണും കല്ലും കമ്പിയും രായ്ക്കുരാമാനം കടത്തിയതിന് മോഷണക്കുറ്റത്തിന് തോമസ് ചാണ്ടിക്കെതിരെ എടുക്കാവുന്ന ലക്ഷണമൊത്ത ഒരു കേസാണ് മാര്‍ത്താണ്ഡം കായലില്‍ നിന്നു പൊന്തിവന്നിരിക്കുന്നത്. തോമസ് ചാണ്ടിക്കെതിരെ കവര്‍ച്ചക്കേസ് എഫ്‌ഐആര്‍ ഇട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് ആഭ്യന്തരവകുപ്പിനോട് സവിനയം അപേക്ഷിക്കുന്നു.
കുട്ടികളുടെ പണ്ടത്തെ ഒരു പഴമ്പാട്ടുണ്ട്. എല്ലാം നല്ലതിനെന്ന് ദ്യോതിപ്പിക്കുന്ന കുഞ്ഞുപാട്ട്. ശുഭലക്ഷണനിര്‍ഭരമായ നാടന്‍പാട്ട്. ‘വാഴകുലച്ചു വടക്കു വീണു. വടക്കൂന്നു വന്ന പനങ്കിളിയേവടക്കോട്ടെന്തെല്ലാം വാര്‍ത്താനം, എന്ന് കുട്ടി പനന്തത്തയോടു ചോദിക്കുന്നു. വലിയ പിലാക്കൂര്‍ ചെന്നപ്പോള്‍ ചെറിയ പെണ്ണിന്റെ കാതുകുത്ത്, ചെറിയ പിലാക്കൂര്‍ ചെന്നപ്പോള്‍ വലിയ പെണ്ണിന്റെ കല്യാണം,’ കിളി പറഞ്ഞതെല്ലാം നല്ല വിശേഷങ്ങള്‍. വാഴ വടക്കോട്ടു കുലച്ചു വീണതിന്റെ ശുഭലക്ഷണങ്ങളായി കാതുകുത്തും കല്യാണവും. സിപിഎം കേന്ദ്രകമ്മിറ്റിയുടെ ഒരു നല്ല വര്‍ത്താനവും വടക്കോട്ടുനിന്നു തന്നെ വരുന്നു. കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന വടക്കന്‍ വര്‍ത്തമാനം. അപ്പോള്‍ ഒരു സംശയം. സിപിഐയും ഇതുതന്നെയല്ലേ പറഞ്ഞുവന്നത്. ബിജെപി എന്ന ആപത്തിനെ തൂത്തെറിയാന്‍ കോണ്‍ഗ്രസും മറ്റു മതേതരശക്തികളും പ്രാദേശികസഖ്യങ്ങളും വേണമെന്നേ സിപിഐയും പറഞ്ഞിട്ടുള്ളു. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പോട്ടെ പിന്തുണ നല്‍കിയാല്‍ പോലും ഇടതുപക്ഷമുഖം നഷ്ടപ്പെടുമെന്ന് പ്രത്യയശാസ്ത്രം വിളമ്പിയ ചിലരുണ്ട്. അതിനിടയില്‍ സിപിഎം കേന്ദ്രകമ്മിറ്റി കേരളാതിര്‍ത്തിയായ ചന്ദ്രഗിരിപ്പുഴയുടെ അങ്ങേക്കരയിലെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനോട് കൂടുകൂട്ടുമെന്ന സിപിഎം തീരുമാനത്തിന് ലാല്‍സലാം. വൈകിപ്പോകാതെ ബുദ്ധി മുളച്ചതില്‍ അതിലേറെ സ്വാഗതം.
മന്ത്രി എം എ മണിക്ക് കാര്യജ്ഞാനമില്ലെന്ന് ആരു പറഞ്ഞു. കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ മൊഴിമുത്തുകള്‍ വാരിയെടുത്ത് നമുക്ക് ഓര്‍മയുടെ ചിമിഴിനുള്ളില്‍ സൂക്ഷിക്കാം. സര്‍ക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവരല്ല പൊലീസുകാര്‍. ക്രമസമാധാനപാലനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പൊലീസിനെ അനുവദിക്കണം. നീതിന്യായ വ്യവസ്ഥ തന്നെ പൊളിച്ചെഴുതണമെന്നും ഒക്കെ അദ്ദേഹം മൈക്കുവച്ച് വിളിച്ചുപറഞ്ഞത് പൊലീസ് വാഹനയാത്രക്കാരന്റെ മൂക്കിടിച്ച് ഇഞ്ചപ്പരുവമാക്കുന്നതും സ്റ്റേഷനിലെത്തിയ പയ്യനെ ജനമൈത്രി എസ്‌ഐ പരത്തെറി (പരനാറി പ്രയോഗം പോലെ!) വിളിക്കുന്നതുമെല്ലാം കണ്ടും കേട്ടും പ്രതികരിച്ച മണിയാശാന് അരുണാഭിവാദ്യങ്ങള്‍.
ജീരകത്തിലും കൊടുംമായമെന്ന് ഒരു വാര്‍ത്ത കണ്ടു. ജീരകം കണ്ടാല്‍ തനികുട്ടപ്പന്‍, വെള്ളത്തിലിട്ടാല്‍ വെള്ളം കരിക്കറുപ്പാകും. കഴുകിയ ജീരകത്തിനും കറുപ്പുനിറം, യുഡിഎഫ് എത്രകാലമായി ഈ വിഷമാണി ജീരകം ഭക്ഷിച്ചിട്ടുണ്ടാവണം. ആ മുന്നണിക്ക് അര്‍ബുദബാധയുണ്ടായത്. മാണിജീരകം ചേര്‍ത്ത തോരന്‍ പതിറ്റാണ്ടുകളോളം ഭക്ഷിച്ചതുകൊണ്ടാണെന്ന് ഇപ്പോഴല്ലേ ഗുട്ടന്‍സ് പിടികിട്ടിയത്. മാണിജീരകം കഴുകി ഭക്ഷിക്കാന്‍ ചിലരൊക്കെ നോക്കുന്നുണ്ട്. കഴുകിയാലും അഴിമതിക്കപ്പുറം കോഴവിഷവുമുള്ള ജീരകം ഭക്ഷിച്ച് ഇടതുമുന്നണിക്കും കാന്‍സര്‍ വരുത്തിവയ്ക്കണമോ? എന്തെല്ലാം ഉപദേശിച്ചാലും ചിലരൊക്കെ മാണിയെ നോക്കി ചില മൂളിപ്പാട്ടുകള്‍ പാടുന്നുണ്ട്; ‘എങ്കിലുമെന്നോമലാള്‍ക്കു താമസിക്കാനെന്‍ കരളില്‍ തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ്മഹല്‍ ഞാന്‍ പണിയും’ എന്നും ‘ഇക്കരെയാണെന്റെ താമസം, അക്കരെയാണെന്റെ മാനസം’ എന്നുമൊക്കെ.