അവാര്‍ഡ് തിളക്കത്തില്‍ പിരുമേടും ഒല്ലൂരും

Web Desk
Posted on December 30, 2018, 10:40 pm

തൃശൂര്‍: വൈഗ 2018 കാര്‍ഷിക സമുന്നതി മേളയുടെ സമാപന ചടങ്ങില്‍ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ മന്ത്രി എ സി മൊയ്തീന്‍ വിതരണം ചെയ്തു. മികച്ച ജൈവ കാര്‍ഷിക നിയോജകമണ്ഡലത്തിനുള്ള പുരസ്‌ക്കാരം പീരുമേട് എം എല്‍ എ ഇ എസ് ബിജിമോളും രണ്ടാംസ്ഥാനത്തിനുള്ള പുരസ്‌കാരം ഒല്ലൂര്‍ മണ്ഡലം എം എല്‍ എ അഡ്വ. കെ രാജനും എറ്റുവാങ്ങി. വൈപ്പിന്‍ മണ്ഡലത്തിനാണ് മൂന്നാംസ്ഥാനം.

മികച്ച കോര്‍പറേഷനുള്ള പുരസ്‌കാരം തൃശൂര്‍ മേയര്‍ അജിത വിജയന്‍ എറ്റുവാങ്ങി. മികച്ച നഗരസഭകള്‍ക്കുള്ള പുരസ്‌ക്കാരം യഥാക്രമം ചിറ്റൂര്‍-തത്തമംഗലം, ആന്തൂര്‍, തൃപ്പുണിത്തറ നഗരസഭകള്‍ക്ക് വിതരണം ചെയ്തു. സോയില്‍ ആന്‍ഡ് സര്‍വ്വേ വകുപ്പിന്റെ പഠന റിപ്പോര്‍ട്ടിന്റെയും സോയില്‍ ആപ്പിന്റെയും പ്രകാശനവും വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് പ്രോമോഷന്‍ കൗണ്‍സിലിന്റെ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. വിവിധ മത്സരവിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു.
വൈഗ മേളയില്‍ ഗവേഷണ സ്ഥാപനങ്ങളുടെ ഇനത്തില്‍ കാര്‍ഷിക സര്‍വ്വകലാശാല സ്റ്റാളിന് ഒന്നാം സ്ഥാനം ലഭിച്ചു. വിവിധ വിളകളും അലങ്കാരസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുമായാണ് സര്‍വകലാശാല, വൈഗ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ നിലനില്‍ക്കുന്ന വിവിധ കാലാവസ്ഥാ പ്രദേശങ്ങള്‍ക്കും മണ്ണിനങ്ങള്‍ക്കും അനുയോജ്യമായ പച്ചക്കറി, ധാന്യവിളകള്‍, ഫലവര്‍ഗ്ഗ വിളകള്‍, ഉന്നത ഗുണനിലവാരമുള്ള പുതിയ വിളയിനങ്ങള്‍, പ്രളയാന്തര കേരളത്തില്‍ വിളകളുടെ അതിജീവനത്തിനുതകുന്ന വിള പരിപാലനമുറകള്‍ തുടങ്ങിയവ വിശദീകരിക്കുന്നതായിരുന്നു കാര്‍ഷിക സര്‍വ്വകലാശാലയുടെ സ്റ്റാളുകള്‍.
മികച്ച ജൈവ കാര്‍ഷിക നിയോജകമണ്ഡലത്തിനുള്ള സംസ്ഥാന പുരസ്‌കാരം പീരുമേട് എം എല്‍ എ ഇ എസ് ബിജിമോള്‍ മന്ത്രി എ സി മൊയ്തിനില്‍ നിന്ന് ഏറ്റുവാങ്ങുന്നു