Tuesday
26 Mar 2019

കാര്‍ഷിക സമൃദ്ധിയുടെ സൂര്യോദയം വിളംബരം ചെയ്ത് വൈഗ സമാപിച്ചു

By: Web Desk | Sunday 31 December 2017 9:57 PM IST


സ്വന്തം ലേഖകന്‍

തൃശൂര്‍: പുതിയൊരു കാര്‍ഷിക സമൃദ്ധിയുടെ സൂരേ്യാദയം വിളംബരം ചെയ്ത് കാര്‍ഷികോത്പ്പന്ന സംസ്‌ക്കരണം-മൂല്യ വര്‍ദ്ധനവ് ആസ്പദമാക്കി കൃഷി വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രദര്‍ശനവും ശില്പശാലയുമായ വൈഗ 2017 സമാപിച്ചു. ഡിസംബര്‍ 27 മുതല്‍ അഞ്ച് ദിവസം നീണ്ടു നിന്ന ശില്പശാല കൃഷി വകുപ്പ്, കേരള കാര്‍ഷിക സര്‍വ്വകലാശാല, സമേതി തുടങ്ങിയവര്‍ സംയുക്തമായാണ് സംഘടിപ്പിച്ചത്. അഞ്ചു ദിവസങ്ങളിലായി ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകളാണ് വൈഗ സന്ദര്‍ശിച്ചത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍, യുവസംരഭകരുടേതടക്കം 300 ല്‍ പരം സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിരുന്നത്.
കര്‍ഷകരെ കാര്‍ഷിക സംരംഭകരാക്കുകയെന്ന കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ കാഴ്ചപ്പാട് അന്വര്‍ത്ഥമാക്കുന്ന പ്രതികരണമായിരുന്നു കര്‍ഷകരും കൃഷിയെ സ്‌നേഹിക്കുന്നവരും മേളയില്‍ പ്രകടിപ്പിച്ചത്. നാലാം ദിവസം നടന്ന യുവസംരംഭക സെമിനാറില്‍ 460 ഓളം യുവ കാര്‍ഷിക സംരംഭകര്‍ പ്രതിനിധികളായത് യുവ കേരളം കൃഷിയെ ഏറ്റെടുക്കാന്‍ തയ്യാറാകുന്നതിന്റെ സൂചനയാണെന്ന് കൃഷി മന്ത്രി പറഞ്ഞു.
വിപണന സാധ്യതകള്‍, കയറ്റുമതി സാധ്യതകള്‍, സംയോജിത പദ്ധതികള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിന് വൈഗ 2017 ല്‍ പങ്കെടുത്ത വിദേശ പ്രതിനിധികളുമായി ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. പങ്കെടുത്ത രാജ്യങ്ങളെല്ലാം കേരളവുമായി പല മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. പല രാജ്യങ്ങളിലും ആകര്‍ഷകമായ പാക്കിംഗ്, ക്യു ആര്‍ കോഡ് ട്രാക്കിങ്ങ് തുടങ്ങി വിപണന തന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം കേരളത്തിലെ സംരഭകകേന്ദ്രങ്ങളിലും നടപ്പിലാക്കാന്‍ സാധിക്കുന്നവയാണെന്ന് മേള വിലയിരുത്തി.
വൈഗയുടെ പ്രധാന വിഷയങ്ങളായ തേന്‍, വാഴപ്പഴം, ചെറുധാന്യങ്ങള്‍, നാളികേരം എന്നിവയുടെ മൂല്യവര്‍ദ്ധിതമേഖലയില്‍ സമഗ്രവികസനം കൊണ്ടുവരാനാണ് വൈഗ തീരുമാനിച്ചിട്ടുള്ളത്. നാല് മേഖലയിലും വിശദമായ പദ്ധതി രൂപീകരണത്തിനായി ഒരു കോര്‍ഡിനേഷന്‍ സംവിധാനം ഉടന്‍ തന്നെ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. നാളികേരത്തിന്റെ സമഗ്രവികസനത്തിനായി കൃഷിമന്ത്രി ചെയര്‍മാനായി കോക്കനട്ട് മിഷന്‍ ഉടന്‍ തന്നെ രൂപീകരിക്കും. ബാക്കി മൂന്ന് വിഷയങ്ങളെ ആസ്പദമാക്കി കാര്‍ഷികോത്പാദന കമ്മീഷണര്‍ ചെയര്‍മാനായി കോഓര്‍ഡിനേഷന്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നതിനും തീരുമാനമെടുത്തു.
പദ്ധതികള്‍ , നിലവിലുള്ള പദ്ധതിയുടെ പോരായ്മകള്‍, പദ്ധതി നിര്‍ദ്ദേശങ്ങള്‍ എന്നിവ ഓരോ ഏജന്‍സിയും തയ്യാറാക്കി ജനൂവരി 15 നു മുന്‍പായി സമര്‍പ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ക്ക്‌ഷോപ്പ് നടത്തി പദ്ധതി നടത്തിപ്പ് സംബന്ധിച്ച വിശദമായ തീരുമാനം എടുക്കുന്നതായിരുക്കും. വിശദമായ പ്രോജക്റ്റ് ഫെബ്രുവരിയില്‍ നിയമസഭയുടെ അംഗീകാരത്തോടെ, 2018 ജൂണ്‍ മാസം പദ്ധതി സമാരംഭിക്കത്തക്ക തരത്തില്‍ മുന്നോട്ട് നീക്കുന്നതിനും തിരുമാനമെടുത്തു.
മറ്റേതു മേഖലയെക്കാളും തൊഴില്‍ സാധ്യത കാര്‍ഷിക മേഖലയിലാണുള്ളതെന്ന് സമാപന സമ്മേളനത്തില്‍ കൃഷി മന്ത്രി അഡ്വ. വി.എസ്സ്. സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകരെ കാര്‍ഷിക സംരഭകരാക്കി മാറ്റുക എന്നതാണ് വൈഗയുടെ ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലക്ക് പുതിയ ദിശാബോധം നല്‍കുവാന്‍ ശില്‍പ്പശാലക്ക് കഴിഞ്ഞതായി വിവിധ പുരസ്‌കാര വിതരണങ്ങളുടെ വിതരണം നിര്‍വ്വഹിച്ചു കൊണ്ട് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായ സംരഭങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം നല്‍കിക്കൊണ്ട്, വ്യവസായ വകുപ്പ് അനുമതികള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.