കൃഷിയുടെ പൂരത്തിന് കൊടിയിറങ്ങി

Web Desk
Posted on December 30, 2018, 10:26 pm
മേസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വൈഗ 2018 സന്ദശിച്ചപ്പോള്‍ മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, കെ രാജു, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ സമീപം

തൃശൂര്‍: കാര്‍ഷിക സംസ്‌കാരത്തിന്റെ വിളംബരമായി നാല് നാളുകള്‍ പൂര നഗരിയില്‍ വിജ്ഞാനവും വിസ്മയവുമായി നിറഞ്ഞു നിന്ന വൈഗ സമുന്നതിമേള മൂന്നാം പതിപ്പിന് കൊടിയിറങ്ങി. കൃഷിവകുപ്പു സംഘടിപ്പിച്ച വൈഗ 2018 മൂന്നാമത് അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവും പതിനായിരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായപ്പോള്‍ തെളിഞ്ഞത് തിരിച്ചു വരുന്ന കാര്‍ഷിക സംസ്‌കൃതിയുടെ തിരിനാളങ്ങളാണ്. റീബില്‍ഡ് കേരള അഥവാ പുനര്‍ജ്ജനി, പ്രധാന വിളകളായ സുഗന്ധവ്യഞ്ജനങ്ങള്‍, പഴം-പച്ചക്കറികള്‍, പുഷ്പകൃഷി എന്നിവ പ്രധാന വിഷയങ്ങളാക്കിയുള്ളതായിരുന്നു മേള.

ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്ത ആദ്യ ദിവസത്തെ ഒരു വേദിയിലെ സെഷനുകള്‍ പൂര്‍ണ്ണമായി റീബില്‍ഡ് കേരള എന്ന വിഷയത്തെ ആസ്പദമാക്കിയായായിരുന്നു. വെസ്റ്റേണ്‍ ആസ്‌ട്രേലിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഡോ.കദംബോട്ട് സിദ്ദിഖ് ഈ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത് വിജ്ഞാനത്തിന്റെ പുതിയവാതായനങ്ങള്‍ തുറന്നു. മത്സ്യകൃഷി, മൃഗസംരക്ഷണം, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ മേഖലയിലെ മൂല്യവര്‍ദ്ധിത സാധ്യതകളെക്കുറിച്ചും വിഷയാവതരണങ്ങളുണ്ടായി. എക്‌സ്‌പോര്‍ട്ട് ഓറിയന്റഡ് ക്വാളിറ്റി മാനേജ്‌മെന്റ്,പാക്കേജിംഗ് മാര്‍ക്കറ്റിംഗ് സുരക്ഷാമാനദണ്ഡങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍ തുടങ്ങി ഉല്പന്ന സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയുള്ള സെഷനുകള്‍ യുവ സംരംഭകര്‍ക്ക് പുതിയ അനുഭവമായി. ഇന്തോനേഷ്യ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നിന്നുമുള്ള വിദഗ്ധര്‍, എ പി ഇ ഡി എ, സി പി സി ആര്‍ ഐ, സി ടി സി ആര്‍ ഐ, കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, എന്‍ആര്‍സിബി(നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന), ഐഐഎഫ്പിടി, തഞ്ചാവൂര്‍(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി), സിഐഎഫ്ടി, ഐസിആര്‍ഐഎസ്എടി, ഐഐഎച്ച്ആര്‍, ഐഐഎസ്ആര്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍, ശാസ്ത്രജ്ഞന്‍, വിദഗ്ധര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ വിജ്ഞാന സമ്പുഷ്ടമാക്കി.

ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടു നടന്ന മേയില്‍ വിവിധ കേന്ദ്ര‑സംസ്ഥാന സ്ഥാപനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍, കമ്പനികള്‍, ഐ സി എ ആര്‍, കെ എ യു, എന്‍ ജി ഒ എന്നിവരുടേതടക്കം 350 ലേറെ പ്രദര്‍ശന സ്റ്റാളുകള്‍ വിജ്ഞാനത്തോടൊപ്പം കൗതുകക്കാഴ്ചയുമായി. അട്ടപ്പാടിയില്‍ നിന്നും ഇടുക്കിയില്‍ നിന്നുമുള്ള ചെറുധാന്യങ്ങള്‍, വിവിധ കര്‍ഷക ഗ്രൂപ്പുകളുടെയും കര്‍ഷകരുടെയും കാര്‍ഷിക നേട്ടങ്ങള്‍ എന്നിവയും വൈഗ മൂന്നാം പതിപ്പിനെ സമ്പുഷ്ഗമാക്കി. സംസ്ഥാന കൃഷിവകുപ്പിനു കീഴിലുള്ള വി എഫ് പി സി കെ, ഹോര്‍ട്ടികോര്‍പ്പ്, സമേതി, എസ് എഫ് എസി, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പൊതുമേഖലാ സ്ഥാപനങ്ങളായ കെയ്‌ക്കോ, കാംകോ, എസ് എഫ് സി കെ എന്നിവരായിരുന്നു മേളയുടെ പ്രധാന സഹായികളും സംഘാടകരും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്ര‑സംസ്ഥാന സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, എന്‍ ജി ഒ, കര്‍ഷകര്‍, യുവകര്‍ഷകര്‍ എന്നിവര്‍ പങ്കാളികളായി.

മേളയുടെ മുഖ്യ അമരക്കാരന്‍ കൂടിയായ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, മന്ത്രിമാരായ എ സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, എ സി മൊയ്തീന്‍, കെ രാജു, സി രവീന്ദ്രനാഥ് എന്നിവര്‍ക്ക് പുറമേ മേഘാലയ ഗവര്‍ണര്‍ കുമ്മനം രാജശേഖരനും മേളയുടെ സമാപനദിവസം അതിഥിയായി എത്തി.