Web Desk

കൊച്ചി

April 20, 2021, 9:05 am

വൈഗ കൊലക്കേസിൽ ദുരൂഹത തുടരുന്നു; സനു മോഹനുമായി ഇന്ന് തെളിവെടുപ്പ്

Janayugom Online

വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. പതിമൂന്ന് വയസുകാരി വൈഗയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ് നടക്കുക. സനുമോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം അന്വേഷണ സംഘം തെളിവെടുപ്പിനായി പോകും. ഇന്നലെ ദീർഘ നേരം അന്വേഷണ സംഘം സനുമോഹനെ ചോദ്യം ചെയ്തിരുന്നു. സനുമോഹന്റെ മൊഴികളിൽ നിന്ന് വിരുദ്ധമായി വൈഗയുടെ രക്തത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

നിരന്തരം മൊഴികൾ മാറ്റി സനു മോഹൻ

മകൾ വൈഗയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചുവെങ്കിലും സനുമോഹൻ നിരന്തരം മൊഴി മാറ്റിക്കൊണ്ടിരിക്കുന്നത് പൊലീസിനെ കുഴയ്ക്കുന്നു. പറയുന്ന കാര്യങ്ങൾ സനു മോഹന്‍ അടിക്കടി മാറ്റി പറയുന്നതായും പൊലീസ് പറഞ്ഞു.

പരസ്പര ബന്ധമില്ലാത്ത വിധത്തിലാണ് സനു മോഹൻ പൊലീസിന്റെ ചോദ്യം ചെയ്യലിൽ മൊഴി നൽകുന്നത്. അതിനാൽ വൈഗയുടെ മരണവുമായി ബ ന്ധപ്പെട്ട് കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുകയാണെന്ന് കമ്മിഷണർ നാഗരാജു വ്യക്തമാക്കി. ഫ്ലാറ്റിലെ രക്തക്കറയും വൈഗയുടെ ആന്തരീകാവയവങ്ങളിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതിനെപ്പറ്റിയും ദുരൂഹതകളുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും.

മുൻകൂട്ടി തീരുമാനിച്ചതിന് ശേഷമാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യത മൂലം പിടിച്ചു നിൽക്കാനാവാതെ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും വിഫലമായെന്നാണ് സനു പറയുന്നത്. എന്നാൽ മകളെ കൊലപ്പെടുത്തി പുഴയിൽ ഉപേക്ഷിച്ച് നാടുവിട്ട ഇയാൾ തെളിവുകൾ നശിപ്പിച്ചുകൊണ്ടുള്ള യാത്രയാണ് നടത്തിയിരുന്നത്.

ഡിജിറ്റൽ തെളിവുകൾ ഇല്ലാതിരിക്കാൻ സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും ഉപേക്ഷിച്ചു. ബാങ്കിൽ നിന്നും പണം പിൻവലിച്ചിട്ടില്ല. കാർ അൻപതിനായിരം രൂപക്ക് വില്പന നടത്തി ആ പണമാണ് യാത്രക്കായി ഉപയോഗിച്ചതെന്നുമാണ് മൊഴി നൽകിയത്. എന്നാൽ പൊലീസ് പിടികൂടുമ്പോൾ ഇയാളുടെ കൈവശം പണമൊന്നും ഇല്ലായിരുന്നെന്നും ചെലവാക്കിയതിന് ശേഷമുള്ള പണം പോക്കറ്റടിച്ചു പോയെന്നുമാണ് ഇയാൾ മൊഴി നൽകിയതെന്നും പൊലീസ് വ്യക്തമാക്കി. പലരിൽ നിന്നും പണം വായ്പ വാങ്ങിയത് തിരിച്ചു നൽകാനുണ്ട്. കാക്കനാട് ഫ്ലാറ്റ് പത്തുലക്ഷം രൂപക്ക് ഭാര്യ അറിയാതെ മറ്റൊരാൾക്ക് പണയം വച്ചിരിക്കുകയാണ്.

മാർച്ച് 22 തിങ്കളാഴ്ച പലർക്കും പണം കൊടുക്കേണ്ടതായുണ്ടായിരുന്നു. അതിനാലാണ് തലേദിവസം ഇങ്ങനെ ചെയ്തതെന്നുമാണ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇയാൾക്കെതിരെ മുംബൈയിൽ മൂന്ന് കോടിയുടെ ഒരു വഞ്ചനാ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണവും തെളിവുകളും ശേഖരിക്കുവാനാണ് പൊലീസ് നീക്കം.

Eng­lish sum­ma­ry: Vaiga mur­der case followup

You may also like this video: