Saturday
23 Mar 2019

തേന്‍മധുരവും ധാന്യമഹിമയും ഒപ്പം തെങ്ങിന്‍ ഫര്‍ണിച്ചറും

By: Web Desk | Friday 29 December 2017 10:28 PM IST


തൃശൂര്‍: വൈഗ 2017 ലെ പ്രദര്‍ശന സ്റ്റാളുകളില്‍ കാര്‍ഷിക സര്‍വകലാശാല ഒരുക്കിയ ആകര്‍ഷണങ്ങള്‍ കാണാന്‍ തിരക്കേറെ. വൈഗയുടെ പ്രധാന തീമുകളായ നാളികേരം, തേന്‍, വാഴപ്പഴം, ചെറുധാന്യങ്ങള്‍ എന്നിവയുടെ മൂല്യ വര്‍ധിത സാധ്യതകള്‍ ഭംഗിയായി വിവരിക്കുന്നതിനൊപ്പം കൗതുകമുണര്‍ത്തുന്ന ഉല്‍പന്നങ്ങളും ഒരുക്കിയാണ് സര്‍വകലാശാല കാണികളെ ആകര്‍ഷിക്കുന്നത്. വിവിധ തരം നാളികേരക്കുലകള്‍ നിരത്തിയ പവലിയനില്‍ തേങ്ങയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളായ നീര, വെന്ത വെളിച്ചെണ്ണ കാപ്‌സ്യൂള്‍, ഹെയര്‍ ഓയില്‍, ഇളനീര്‍ പുഡ്ഡിങ്ങ്, ബര്‍ഫി തുടങ്ങിയവെക്കാപ്പം തെങ്ങിന്‍ തടികൊണ്ടുള്ള ഫര്‍ണിച്ചറുകളുമുണ്ട്.
പരമ്പരാഗത തടിയുല്‍പന്നങ്ങളോട് കിടപിടിക്കുന്ന സെറ്റികളും ചാരുകസേരയും ദിവാന്‍ കോട്ടും കട്ടിലുമൊക്കെ കണ്ടവര്‍ക്ക് സംശയം- ഇതു തെങ്ങിന്‍ തടി തന്നെയോ. പാഴാക്കി കളയുന്ന തെങ്ങിന്‍ തടിക്ക് ഇങ്ങനെയും ഉപയോഗമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഫോറസ്ട്രി കോളജിലെ വുഡ് സയന്‍സ് വിഭാഗം മേധാവി ഡോ. ഇ വി അനൂപ്. തേക്കിനൊപ്പംതന്നെ ഈടും ഭംഗിയും ഈ ഫര്‍ണിച്ചറുകള്‍ക്കുണ്ടെന്ന് അനൂപ് പറയുന്നു.
പിസാങ്ങ് സെറിബു, യംഗാംബി, ഫൗഗാമു തുടങ്ങിയ അപൂര്‍വ വാഴക്കുലകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള അടുത്ത പവലിയനില്‍ ചെങ്കദളി ജ്യൂസ്, വാഴപ്പിണ്ടിയുടെ ജ്യൂസും പൗഡറും, വാഴപ്പൂവ് അച്ചാറും ചട്ടിനിയും, വാഴപ്പഴ ഹല്‍വ എന്നിവയും വാഴനാര് കൊണ്ടുള്ള വസ്ത്രങ്ങളും കാണാം. ചെറുതേനീച്ചപ്പെട്ടിയും കാര്‍ഷിക സര്‍വകലാശാല രൂപകല്‍പ്പന ചെയ്ത തേനീച്ചപ്പെട്ടിയും പ്രദര്‍ശിപ്പിച്ചിട്ടുള്ള തേന്‍ പവലിയനില്‍ തേന്‍ മെഴുകുപയോഗിച്ചുണ്ടാക്കിയ സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കളും, ഹണി ഡ്രിങ്ക്, ഹണി ലഡ്ഡു, ഹണി ആല്‍മണ്ട് തുടങ്ങിയ രുചിക്കൂട്ടുകളുമുണ്ട്.
ചാമ, കൂവരക്, റാഗി, യവം, കമ്പം, മണിച്ചോളം എന്നിങ്ങനെ കണ്ടിട്ടുള്ളതും കണ്ടിട്ടില്ലാത്തതുമായ ചെറുധാന്യങ്ങളുടെ ശേഖരമാണ് മറ്റൊരാകര്‍ഷണം. ഇവയില്‍ നിന്നുണ്ടാക്കിയ ഹെല്‍ത്ത് മിക്‌സ്, ദോശക്കൂട്ട്,കുഅവല്‍, പുട്ടുപൊടി എന്നിവയും ഇവിടെയുണ്ട്. ഭൗമ സൂചികാപദവി നേടിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിനടുത്ത് പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച നെല്ലിനങ്ങളുടെ ശേഖരവും വിവിധ പച്ചക്കറികളില്‍ നിന്നുല്‍പാദിപ്പിച്ച സ്‌ക്വാഷ്, വൈന്‍, അച്ചാറുകള്‍, കശുമാങ്ങയില്‍ നിന്നുള്ള വിനാഗിരി, ഹല്‍വ, ജാം തുടങ്ങിയവയും കാണാം. ഔഷധ സസ്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഫേസ്പായ്ക്കും, ഷാമ്പൂ, കേശരക്ഷ വെളിച്ചെണ്ണ, ആടലോടക ചൂര്‍ണം തുടങ്ങിയവ ലഭ്യമാക്കുന്ന സ്റ്റാളിനടുത്ത് കൊക്കൊ തൈകള്‍ക്കും കായ്കള്‍ക്കുമൊപ്പം ശുദ്ധമായ ചോക്കലേറ്റ്, മില്‍ക് ചോക്കലേറ്റ്, ഡ്രിങ്കിങ്ങ് ചോക്കലേറ്റ് എന്നിവയുടേ ആകര്‍ഷകമായ ശ്രേണിയുമുണ്ട്. കൂണ്‍ വിത്തുകളും കൂണ്‍ ഉല്‍പന്നങ്ങളും കുകുന്തിരിക്കത്തില്‍ നിന്നുണ്ടാക്കിയ ചന്ദനത്തിരികളും വിവിധ ഫലവര്‍ഗ, പൂച്ചെടിത്തൈകളും വില്‍പനക്കുണ്ട്.
കാര്‍ഷിക യന്ത്രോപകരണങ്ങളും കാര്‍ഷികോല്‍പന്ന സംസ്‌കരണ യന്ത്രങ്ങളും പരിചയപ്പെടുന്നതിനൊപ്പം അക്വാപോണിക്‌സ് കൃഷി രീതി, വിവിധ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ കണ്ടറിയാനും കാര്‍ഷിക സര്‍വകലാശാല സൗകര്യമൊരുക്കിയിട്ടുണ്ട്.

Related News