സി.പി.ഐ നേതാവും മുൻ വൈക്കം എം എൽ എ യുമായ സ: പി.നാരായണൻ അന്തരിച്ചു

Web Desk

വൈക്കം

Posted on August 06, 2020, 8:22 am
മുൻ എം എൽ എ യും സി പി ഐ നേതാവുമായിരുന്ന പി നാരായണൻ അന്തരിച്ചു. 68 വയസ്സ് ആയിരുന്നു.  ആരോഗ്യപരമായ കാരണങ്ങളാൽ ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു മരണം. 1998 മുതൽ രണ്ടു തവണ വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയർമാൻ, സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം 5ന് വൈക്കം നഗരസഭ ശ്മശാനത്തിൽ നടക്കും.
എ ഐ എസ് എഫിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്. എ.ഐ.എസ്.എഫ് കോട്ടയം ജില്ല ജോയിന്റ് സെക്രട്ടറിയായിരുന്നു; വൈക്കം നഗരസഭ വൈസ് ചെയർമാൻ, പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. രണ്ടുതവണ നിയമസഭാംഗമായിരുന്ന പി നാരായണൻ എംകെ കേശവന്റെ നിര്യാണത്തെ തുടർന്ന്  1998ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായിനിയമസഭയിൽ എത്തിയത്.  തിരുവിതാകൂർ ദേവസ്വം ബോർഡ്‌ അംഗവും ആയിരുന്നു.

പി നാരായണന്റെ നിര്യാണത്തിൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. കഴിവുറ്റ ഒരു പാർലമെന്റേറിയനായിരുന്നു നാരായണൻ. അധ:സ്ഥിത ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ എന്നും മുൻപന്തിയിൽ ആയിരുന്നു അദ്ദേഹം. നിയമസഭാം ഗം എന്ന നിലയിൽ മികവാർന്ന പ്രവർത്തനം ആണ് നാരായണൻ കാഴ്ച്ച വെച്ചത്. വൈക്കം മണ്ഡലത്തിൽ കക്ഷി ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹാദരം പിടിച്ചുപറ്റിയ നേതാവായിരുന്നു നാരായണൻ എന്ന് കാനം അനുശോചന സന്ദേശത്തിൽ പറഞ്ഞു.