19 April 2024, Friday

വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ മ്യൂസിയം യാഥാർഥ്യമാവുന്നു

Janayugom Webdesk
കോഴിക്കോട്
October 10, 2021 12:45 pm

ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ നിലനിർത്താൻ ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ മ്യൂസിയം നിർമ്മിക്കുന്നു. ലിറ്ററേച്ചർ സർക്യൂട്ടിന്റെ പ്രാഥമിക പ്രൊജക്ടായി മെമ്മോറിയൽ മ്യൂസിയം തുടക്കമിടും. ബേപ്പൂരിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി കൂടിയായിട്ടാണ് ‘ആകാശ മിഠായി’ എന്ന പേരിൽ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ കലക്ടറുടെ ചേമ്പറിൽ ഉന്നതതല യോഗം ചേർന്നു. ബഷീറിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് ബഷീർ മെമ്മോറിയൽ മ്യൂസിയത്തിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാക്കാനും കോർപറേഷൻ അധികൃതർക്കും ഉദ്യോഗസ്ഥർക്കും മന്ത്രി നിർദ്ദേശം നൽകി. 

കലക്ടർ, ടൂറിസം ഡയറക്ടർ, പ്രൊജക്ട് ആർക്കിടെക്ട്, കോർപറേഷൻ സെക്രട്ടറി, കോർപറേഷൻ എക്സി എഞ്ചിനീയർ എന്നിവരടങ്ങുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ക്രോഡീകരിക്കാനും തീരുമാനമായി. വൈക്കം മുഹമ്മദ് ബഷീർ സ്മാരകം യാഥാർഥ്യമാകുമ്പോൾ സാഹിത്യ കുതുകികൾക്കും കലാകാരൻമാർക്കും, പ്രദേശവാസികൾക്കും, വിദ്യാർഥികൾക്കും പരസ്പരം ഇടപഴകാനും സാഹിത്യവാസനകൾ വർധിപ്പിക്കാനും സാഹിത്യസംവാദങ്ങൾ സംഘടിപ്പിക്കാനുമുള്ള സാധ്യതകളാണ് ഒരുങ്ങുന്നത്. 

കോർപറേഷനും വിനോദ സഞ്ചാര വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്യൂണിറ്റി സെന്റർ, ആംഫി തിയറ്റർ, കൾച്ചറൽ സെന്റർ, ബഷീർ ആർക്കൈവ്സ്, റിസർച്ച് സെന്റർ, ഓഡിയോ വിഷ്വൽ സ്റ്റുഡിയോ, ആർട്ട് റെസിഡൻസി സൗകര്യം, അക്ഷരത്തോട്ടം, വാർത്താ മതിൽ എന്നിവ ബഷീർ സ്മാരകത്തിലുണ്ടാവും. ബഷീർ കഥാപാത്രങ്ങളാണ് ചുറ്റുമതിലിൽ നിറയുക. ചൂണ്ടുപലകകളും ബഷീർ കഥാപാത്രങ്ങൾ ആയിരിക്കും. കോർപറേഷൻ കൗൺസിൽ യോഗം ചേർന്ന് ടൂറിസം വകുപ്പിന് സ്മാരകം പണിയുന്നതിനുള്ള സ്ഥലത്തിൻ്റെ എൻ ഒ സി കൊടുക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമെന്ന് കോർപറേഷൻ ഡപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് പറഞ്ഞു. ബേപ്പൂർ ബി സി റോഡിൽ ഒരേക്കർ സ്ഥലത്താണ് വൈക്കം മുഹമ്മദ് ബഷീർ സ്മാരകം പണിയുന്നത്.
eng­lish summary;Vaikom Muham­mad Basheer Memo­r­i­al Muse­um is com­ing true
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.