19 April 2024, Friday

വെെക്കം ഒരു ചരിത്രമാണ്

Janayugom Webdesk
April 1, 2023 5:00 am

കഴിഞ്ഞകാലത്തിന്റെ രേഖപ്പെടുത്തലും അതേക്കുറിച്ചുള്ള പഠനവുമാണ് ചരിത്രം. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിന്റെയാകെ മാറ്റങ്ങളുടെ രേഖപ്പെടുത്തലാണത്. പൂർവകാലങ്ങളെ പറ്റി അറിയുന്നത് മനുഷ്യരുടെ വളർച്ചയ്ക്ക് ഉത്തേജകവും വഴികാട്ടിയും ആയിരിക്കും. അതുകൊണ്ടുതന്നെ ചരിത്രം അറിയാത്തവൻ എന്നും ശിശുവായിരിക്കും. ഭരണാധികാരികളുടെ വിജയഗാഥയല്ല, പാർശ്വവൽക്കൃതരുടെ ജയഭേരിയാണ് ലോകത്തിന്റെ വെളിച്ചവും ഊർജവുമാകേണ്ടത്. അങ്ങനെയാെരു ചരിത്രം നൂറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ദിവസമാണിന്ന്. പൊതുവഴിയിൽ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ട് വൈക്കത്ത് നടന്ന ജനകീയ സമരം തുടങ്ങിയത് 1924 മാർച്ച് 30നായിരുന്നു. ഗാന്ധിജിയും ഇ വി രാമസ്വാമി നായ്ക്കരും സത്യഗ്രഹത്തിന് നേതൃത്വം നല്കി. ഗാന്ധിജി ഇടപെട്ടതോടെയാണ് അയിത്തോച്ചാടന സമരത്തിന് അഖിലേന്ത്യാ മാനം കൈവന്നതെന്ന സത്യത്തോടൊപ്പം അദ്ദേഹത്തെ പോലും അകറ്റി നിര്‍ത്തുന്നയത്ര ദൃഢമായിരുന്നു സവര്‍ണ മേല്‍ക്കോയ്മ എന്ന് തെളിയിക്കുന്ന ചരിത്രവുമാണ് വെെക്കം സമരം. 1925 നവംബർ 23 വരെ 604 ദിവസം നീണ്ട ആ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് ഇന്ന് തിരിതെളിക്കും.

വൈക്കം മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിൽ പോലും അയിത്തജാതിക്കാർക്ക് പ്രവേശനമില്ല എന്ന നിയമത്തിനെതിരെയായിരുന്നു ബഹുജന പ്രക്ഷോഭം. 1924 ഫെബ്രുവരി 29 ന് കെ പി കേശവമേനോൻ, ടി കെ മാധവൻ തുടങ്ങിയവര്‍ വൈക്കത്തെത്തി അയിത്തജാതിക്കാർക്ക് നിരോധനം ഏർപ്പെടുത്തിയ ബോര്‍ഡ് മറികടന്ന് ജാഥ നയിച്ചു. കെ കേളപ്പന്റെ നേതൃത്വത്തിൽ ധാരാളം ചെറുപ്പക്കാർ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആവേശഭരിതരായി മുന്നോട്ടു വന്നു. മന്നത്തു പത്മനാഭൻ, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള, സി വി കുഞ്ഞുരാമൻ, എ കെ ഗോവിന്ദദാസ് തുടങ്ങിയ സാമുദായിക നേതാക്കളും കെ കേളപ്പന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളും സത്യഗ്രഹം തുടങ്ങി. ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡിലേക്ക് സ്റ്റേറ്റ് കോൺഗ്രസ്, എൻഎസ്എസ്, എസ്എൻഡിപി, യോഗക്ഷേമസഭ, പുലയ മഹാസഭ എന്നു തുടങ്ങിയ സംഘടനകളും സമരമാരംഭിച്ചു. അവർണർക്ക് ക്ഷേത്രപ്രവേശനം നൽകണമെന്നല്ല, തെരുവുകളിൽ അവരെക്കൂടി നടത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. സമരം കഴിഞ്ഞ് 99 വര്‍ഷവും രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷവും പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ തമ്മില്‍ത്തല്ലുകയും പരസ്പരം പുലഭ്യം പറയുകയും ചെയ്യുകയാണ് ഈ സംഘടനകള്‍ എന്നത് വര്‍ത്തമാനകാല ദുരന്തചിത്രമാവുകയും ചെയ്യുന്നു.


ഇതുകൂടി വായിക്കൂ: വറുതിയുടെ ഇരുണ്ട ദിനങ്ങൾ


സി രാജഗോപാലാചാരി, ആചാര്യ വിനോബഭാവേ, എസ് ശ്രീനിവാസ അയ്യങ്കാർ, സ്വാമി ശ്രദ്ധാനന്ദൻ തുടങ്ങിയവരും സമരത്തിനായി വൈക്കത്തെത്തി. ഒടുവില്‍ ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള നിരത്തുകൾ ജാതിമത ഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ 1925 നവംബർ 23 ന് സർക്കാർ തീരുമാനിച്ചു. ജനകീയ പോരാട്ടത്തിനെതിരെ അന്ന് സവർണരുടെ നടുനായകത്വം വഹിച്ചത് വടക്കുംകൂർ രാജകുടുംബത്തിന്റെ മൂലസ്ഥാനമായിരുന്ന ഇണ്ടംതുരുത്തി മനയിലെ കാരണവരായ നീലകണ്ഠൻ നമ്പ്യാതിരിയായിരുന്നു. ക്ഷേത്രത്തിന്റെ ഊരാണ്മയും 48 ബ്രാഹ്മണകുടുംബങ്ങളുടെ അധിപനും നാടുവാഴിയുമായിരുന്നു നമ്പ്യാതിരി. ഹിന്ദുവാണെങ്കിലും അബ്രാഹ്മണനായതിനാൽ ഗാന്ധിജിയെപ്പോലും മനയിൽ കയറ്റിയില്ല. പകരം മുറ്റത്തെ പന്തലിൽ ഇരിക്കാന്‍ അനുവാദം നല്കി. കീഴാളനാവുകയെന്നത് കർമ്മഫലമെന്നായിരുന്നു നമ്പ്യാതിരി ഗാന്ധിജിയോട് പറഞ്ഞത്. ഗാന്ധിജി ഇറങ്ങിയശേഷം നടുമുറ്റം ചാണകം തളിച്ചു ശുദ്ധിവരുത്തുകയും ചെയ്തു. പക്ഷേ ചരിത്രനിയോഗം മറ്റാെന്നായിരുന്നു.

സവർണമേധാവിത്തത്തിന്റെ പ്രതീകമായിരുന്ന മന, ചെത്തുതൊഴിലാളി യൂണിയൻ സ്ഥാപകനും സിപിഐ നേതാവുമായ സി കെ വിശ്വനാഥന്റെ നേതൃത്വത്തില്‍ വിലയ്ക്ക് വാങ്ങി. 1963ല്‍ ഇണ്ടംതുരുത്തി മന വൈക്കത്തെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായി മാറുകയും മനയുടെ മുകളിൽ ചെങ്കൊടി ഉയരുകയും ചെയ്തു. 2009ല്‍ രണ്ടു നിലകളുള്ള മനയുടെ പഴയ ഘടനയിൽ മാറ്റം വരുത്താതെ, നാലുകെട്ടും അറകളും അതേപടി നിലനിർത്തി പുനർനിർമ്മാണം നടത്തി. ചെത്തു തൊഴിലാളികളിൽ നിന്ന് സമാഹരിച്ച 45 ലക്ഷം രൂപ കൊണ്ടായിരുന്നു പുനർനിർമ്മാണം. വൈക്കം സത്യഗ്രഹ സമരത്തിന്റെ ചരിത്രം പഠിക്കാൻ എത്തുന്നവർക്ക് അതിനുള്ള സൗകര്യവും മനയിൽ ഒരുക്കിയിട്ടുണ്ട്. പുലയനും പറയനും ഈഴവനും അടക്കമുള്ള മനുഷ്യരെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന ഇണ്ടംതുരുത്തി മന അവശ ജനവിഭാഗങ്ങളുടെ ആശാകേന്ദ്രമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായത് ചരിത്രത്തിന്റെ മറ്റാെരു മനോഹര പാഠം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.