കുട്ടിമാമാങ്കത്തിലും വൈഷ്ണവ് പൊളിച്ചൂട്ടാ ! തൊട്ടതൊക്കെ പൊന്നാക്കി വീണ്ടും താരമായി

Web Desk
Posted on January 06, 2018, 9:06 pm

ലക്ഷ്മി ബാല

സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോ ഫെയിം വൈഷ്ണവ് ഗിരീഷ് കേരളത്തിന്റെ കുട്ടി മാമാങ്കത്തിലും എ ഗ്രേഡുമായി ഒന്നാമത്. ചാനലിൽ പാട്ടു പാടി പ്രേക്ഷകരെ ഒന്നടങ്കം വരുതിയിൽ വരുത്തിയ വൈഷ്ണവ് പരിപാടിയ്ക്കെത്തിയ നടൻ ഷാരുഖ് ഖാനെ മുണ്ടും മടക്കിക്കുത്തി എടുത്തുയർത്തുകയും ചെയ്തു. അതോടെ ഷാരുഖ് ഖാനും ഫ്ലാറ്റ്!

വൈഷ്‌ണവ് കലോത്സവത്തിൽ മത്സരിക്കുന്നുണ്ടെന്നറിഞ്ഞതോടെ മാസങ്ങൾക്കുംമുമ്പേ പത്രങ്ങളും ചാനൽക്കാരുമെല്ലാം അവന്റെ പുറകെ ആയിരുന്നു. ഇന്ന് നിറഞ്ഞ സദസ്സിൽ കാണികളെ കൈയിലെടുത്ത വൈഷ്‌ണവ് വേദിയിലെത്തിയമ്പോൾ കരഘോഷങ്ങൾ മുഴങ്ങി. നിറഞ്ഞകയ്യടിയോടെ അവനെ സദസ്സ് വരവേറ്റു. ഒരു സെലിബ്രിറ്റി മത്സരത്തിൽ പങ്കെടുക്കുന്നു എന്ന പ്രതീതിയായിരുന്നു കാണികൾക്ക്. ഒപ്പം തങ്ങളുടെ നാട്ടുകാരൻ സ്വന്തം നാട്ടിൽ മത്സരത്തിനു എത്തുന്നു എന്നതിന്റെ അൽപ്പം അഹങ്കാരവും കാണികളിൽ നിറഞ്ഞ തൃശൂർകാർക്കുണ്ടായിരുന്നു.

പതിനഞ്ച് വയസുകാരനായവൈഷ്‌ണവ് ഗിരീഷ് കൊടുങ്ങല്ലൂർ സ്വദേശിയാണ്. ആറാം വയസു മുതൽക്കേ സംഗീതം ശാസ്ത്രീയമായി വൈഷ്ണവ് അഭ്യസിച്ചു തുടങ്ങിയിരുന്നു. ഏത് ഗാനവും അസാമാന്യ ഭംഗിയോടെ പാടാനുള്ള കഴിവാണ് വൈഷ്ണവിനെ ഇത്രയധികം പ്രശസ്തനാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമാണ് വൈഷ്ണവിനുള്ളത്.അച്ഛൻ ഗിരീഷ് കാനറാ ബാങ്കിലെ ജോലിക്കാരനാണ്. അമ്മ മിനി അഭിഭാഷക. മതിലകം സെന്റ് ജോസഫ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് വൈഷ്ണവ്. ദുബായിലുള്ള കൃഷ്ണനുണ്ണി സഹോദരനാണ്.