Janayugom Online
banana- janayugom

വകയാര്‍ ഒരുങ്ങി : ഓണത്തിന് നേന്ത്രക്കുലയുമായി

Web Desk
Posted on August 03, 2018, 10:40 pm
പി ഒ ജോണ്‍ കൃഷിയിടത്തില്‍

ഓണസദ്യയില്‍ മലയാളിക്ക് നിര്‍ബന്ധമായ വിഭവമാണ് നേന്ത്രക്കായ വറുത്തത് അഥവാ ഉപ്പേരി. ഉപ്പേരിയില്ലെങ്കില്‍ ഓണസദ്യ പൂര്‍ണവും അല്ല. നേന്ത്രക്കായയുടെ ഉല്‍പ്പാദനത്തിന്റെയും വിപണനത്തിന്റെയും സിംഹഭാഗം നിയന്ത്രിക്കുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി, പ്രമാടം, അരുവാപാലം എന്നീ പഞ്ചായത്തുകള്‍ ഒത്തുചേരുന്ന വകയാര്‍ പ്രദേശമാണ്. വകയാര്‍ പ്രദേശത്തിന്റെ വികസനവും സാമ്പത്തിക ഭദ്രതയും നിയന്ത്രിക്കുന്നത് നേന്ത്രവാഴ കൃഷിയിലൂടെയാണ്. ഇതിനുകാരണം ആ നാട്ടിലെ ഒരുകൂട്ടം കര്‍ഷകരുടെ കഠിനപ്രയത്‌നവും കുറ്റമറ്റ വിപണന തന്ത്രവുമാണ്. വകയാര്‍ പ്രദേശത്തെ സാമ്പത്തികമായി നിയന്ത്രിക്കുന്നതുപോലും വാഴകൃഷിയും അതുമായിട്ടുള്ള വ്യാപാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

വകയാര്‍ ഇന്ന് അറിയപ്പെടുന്നത് വാഴകൃഷിയുടെ പേരിലാണ്. മലയോര ഗ്രാമമായ വകയാറില്‍ നിന്നും ഒരു വര്‍ഷം 5 ലക്ഷത്തിലധികം നേന്ത്രവാഴക്കുലകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഇവിടുത്തെ മുഖ്യവിളയായ റബ്ബറിന് ഇടവിളയായിട്ടും തനിവിളയായും നേന്ത്രവാഴ കൃഷി ചെയ്തുവരുന്നു. ആദായകരമായ പാട്ടഭൂമി കൃഷിയായി നേന്ത്രക്കുല ഉല്‍പാദിപ്പിക്കുന്നത് ഇവിടെ സര്‍വ്വസാധാരണം. സ്ലോട്ടര്‍ ടാപ്പിംഗ് കഴിഞ്ഞ റബ്ബര്‍ തോട്ടങ്ങളില്‍ പുതുതായി തൈ നട്ട് രണ്ട് മാസം കഴിയുമ്പോള്‍ മുതലാണ് അവിടെ നേന്ത്രവാഴക്കൃഷിക്കായി ഭൂമി പാട്ടത്തിന് നല്‍കുന്നത്. ഇങ്ങനെ പാട്ടത്തിനെടുത്ത ഭൂമിയില്‍ റബ്ബറിന് ഇടവിളയായി പതിനായിരം വാഴകള്‍ വരെ വിജകരമാംവിധം കൃഷി ചെയ്യുന്നത് വകയാറില്‍ മാത്രം കാണുന്ന പ്രത്യേകതയാണ്. നേന്ത്രവാഴപ്രധാനമായും ഓണവിപണി ഉദ്ദേശിച്ചാണ് കൃഷി ചെയ്തുവരുന്നത്. ഭൂരിഭാഗം കര്‍ഷകരും നെടുനേന്ത്രന്‍ ഇനമാണ് തിരഞ്ഞെടുക്കുന്നത്. വാഴപ്പഴത്തിന്റെ ആകൃതി, ആകര്‍ഷണീയത, രുചി എന്നിവയില്‍ നെടുനേന്ത്രന്‍ മുന്നിലാണ്. കൂടാതെ നല്ല വിളവ് ലഭിക്കുന്നത് ഇതിന്റെ പ്രത്യേകതയാണ്. വകയാറില്‍ മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നതും ജലസേചനം നടത്തി കൃഷി ചെയ്യുന്നതുമായ രണ്ട് രീതികളാണ് അവലംബിക്കുന്നത്.

സീസണ്‍ ആരംഭിക്കുന്നതോടെ പ്രധാന കര്‍ഷകര്‍ തമിഴ്‌നാട്ടിലെ തക്കല ഗ്രാമത്തില്‍ നേരിട്ട് എത്തി വിവിധ തോട്ടങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യമുള്ള കന്നുകള്‍ ശേഖരിച്ച് വകയാറില്‍ എത്തിച്ചാണ് കൃഷി തുടങ്ങുന്നത്. കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും കന്നുകള്‍ ഇറക്കിക്കൊടുക്കുന്ന വിവിധ ഏജന്‍സികളും വ്യാപാര സ്ഥാപനങ്ങളും ചെറുകിട കര്‍ഷകര്‍ക്കുവേണ്ടി വാഴകന്നുകള്‍ വര്‍ഷം മുഴുവന്‍ ലഭ്യമാക്കുന്നു. പത്തനംതിട്ടയിലും സമീപ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ക്ക് വാഴക്കന്നുകള്‍ ലഭ്യമാക്കുന്നതും വകയാറില്‍ നിന്നാണ്.

വകയാറില്‍ പ്രധാനമായും ഓണവിപണി ലക്ഷ്യമാക്കിയിട്ടുള്ള കൃഷിരീതിയാണ് നടത്തുന്നതെങ്കിലും വര്‍ഷം മുഴുവന്‍ നേന്ത്രക്കുല ലഭ്യമാക്കുന്ന തരത്തിലാണ് ഇപ്പോള്‍ കൃഷി ചെയ്തുവരുന്നത്. ജലസേചനത്തെ ആശ്രയിച്ച് ഓണവാഴയും മഴയെ ആശ്രയിച്ച് പൊടിവാഴയും നടുന്നത്. ഓണവാഴക്ക് ഏറ്റവും പ്രധാനമായിട്ടുള്ള ജലസേചനം ലഭ്യമാക്കുക എന്നത് ശ്രമകരം തന്നെ. ഒന്നിടവിട്ട ദിവസങ്ങളില്‍ ജലസേചനം നല്‍കുക എന്നതാണ് ഇവിടുത്തെ രീതി. ഓണവാഴയുടെ കൃഷി ആരംഭിക്കുന്ന നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തക്കല വിത്തുകള്‍ക്കാണ് കര്‍ഷകര്‍ക്ക് ഏറെ പ്രിയം.

banana agriculture- janayugom

വളക്കൂറുള്ള പശിമരാശി മണ്ണാണ് വകയാറിന്റേത്. ശാസ്ത്രീയമായി തന്നെ വാഴകൃഷി നടപ്പിലാക്കുന്നതാണ് ഇവിടുത്തെ കര്‍ഷകരുടെ രീതി. രണ്ട് മീറ്റര്‍ അകലത്തില്‍ എടുക്കുന്ന കുഴികളില്‍ പത്ത് കിലോ ജൈവവളവും അരകിലോ കുമ്മായവും അടിവളമായി കൊടുക്കുന്നു. തുടര്‍ന്ന് ഏകദേശം ഒന്നരകിലോ യൂറിയ ഫാക്റ്റംഫോസ് പൊട്ടാഷ് എന്നിവയുടെ മിശ്രിതം 7 മാസങ്ങളിലായി വാഴക്ക് നല്‍കുന്നു. ജലസേചനം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പൊടിവാഴ നടുന്നത്. പതിനായിരക്കണക്കിന് വാഴകളാണ് ഈ സമയത്ത് നടുന്നത്. രണ്ട് മാസം പ്രായമായ റബ്ബര്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്താണ് കൃഷി. ഇതിനായി തിരുനെല്‍വേലി കുന്നുകളാണ് പ്രിയം. വര്‍ഷത്തില്‍ രണ്ട് തവണ മാത്രമേ രാസവള പ്രയോഗം ഈ കൃഷിയില്‍ നടത്തുന്നത്. (ഇടവപ്പാതിക്കും തുലാവര്‍ഷ സമയത്തും.) പൂര്‍ണ്ണമായും മഴയെ ആശ്രയിച്ച് ചിട്ടപ്പെടുത്തിയ കൃഷിരീതിയാണ്. ഏകദേശം 10–12 കിലോ ശരാശരി വിളവ് ലഭിക്കുന്നതാണ് ഈ പ്രദേശത്തെ കൃഷിയുടെ പ്രത്യേകത.

പുരോഗതിക്കൊപ്പം പ്രശ്‌നങ്ങളും

റബ്ബര്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് മലയോടും വന്യമൃഗങ്ങളോടും പോരാടിയാണ് ഇവിടെ വാഴക്കൃഷി ചെയ്യുന്നത്. വലിയൊരു മലയായിരിക്കും പാട്ടത്തിനെടുക്കുന്നത്. മിക്ക സ്ഥലങ്ങളിലും വാഹനസൗകര്യങ്ങള്‍ കുറവായിരിക്കും. തലചുമട് ആയിട്ടായിരിക്കും ഉത്പാദന ഉപാധികളും, വിളകളും കൃഷിസ്ഥലത്തേക്ക് കൊണ്ട് പോകുന്നത്. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. ഓണത്തിന് വേണ്ടി തയ്യാറാക്കിയിരുന്ന ആയിരക്കണക്കിന് വാഴയാണ് ഇത്തവണത്തെ പേമാരിമൂലം ഒടിഞ്ഞുവീണത്. ഇത് കര്‍ഷകരെ വന്‍പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. വകയാറിലെ വാഴ ക ര്‍ഷകര്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ശക്തമായി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്.