വാക്കിന്റെ രുചി

Web Desk
Posted on August 04, 2019, 2:56 am

അനുജ ഗണേഷ്

തോക്കിന്റെ ഇരട്ടക്കുഴലില്‍നിന്ന്
തൊണ്ടക്കുഴിയിലൂടെ
പാഞ്ഞുനീങ്ങവെ,
വെടിയുണ്ട തട്ടിത്തെറിപ്പിച്ച
ഒടുവിലത്തെ വാക്കിന്
ആര്‍ക്കുമറിവില്ലാത്ത
ഒരു രുചിയുണ്ടായിരുന്നു

അര്‍ബുദം കാര്‍ന്നുതിന്ന
ശബ്ദസരണികളില്‍
പുറംവാതിലന്വേഷിച്ച്
ശ്വാസംകിട്ടാതെ മരിച്ച
ഒടുവിലത്തെ വാക്കിനും
ആര്‍ക്കുമറിവില്ലാത്ത
ഒരു രുചിയുണ്ടായിരുന്നു

തലയറുത്ത് കൊന്നവനും
കഴുമരത്തില്‍ ചത്തവനും
വെണ്ണീറായി വെന്തുതീര്‍ന്നവനും
ഒടുക്കമിറക്കിയ വാക്കിന്
ആര്‍ക്കുമറിവില്ലാത്ത
ഒരു രുചിയുണ്ടായിരുന്നു

ഒടുവിലത്തെ വാക്കിന്റെ
അറിയാത്ത രുചിതേടി
കവിതയുടെ വാള്‍മുനയില്‍
ഒടുവിലത്തെ വരിയില്‍
ഞാനും നില്‍ക്കുന്നു

വാക്കിറക്കി, രുചിപറയും മുന്‍പേ
ഞാനും പിടഞ്ഞുചാകുമായിരിക്കും
എനിക്ക് പിന്നാലെ വരുന്നവര്‍
രുചി പറഞ്ഞ് പോകട്ടെ!