Thursday
18 Jul 2019

വാളാട് യുവതിയെ വെട്ടിക്കൊന്ന സംഭവം;  പ്രതിഅറസ്റ്റിൽ

By: Web Desk | Tuesday 18 June 2019 6:01 PM IST


വാളാട്: തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.കൊല്ലപ്പെട്ട സിനിയുടെ ഭർത്താവ് ബൈജുവിന്റെ മാതൃസഹോദരനും അയൽവാസിയുമായ നെടുമല ദേവസ്യ (50) നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.യുവതിയെ കൊലപ്പെടുത്താനുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.പ്രശാന്തഗിരി മഠത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനിയാണ് (35) വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ തൊഴിലുറപ്പ് ജോലി ചെയ്തശേഷം 10 മണിയോടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയതായിരുന്നു യുവതി.പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് 10.45 ന് തൊഴിലുറപ്പ് മേറ്റിന്റെ നിർദ്ദേശപ്രകാരം രണ്ട് സ്ത്രികൾ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ വീടിനുള്ളിൽ വെട്ടേറ്റ നിലയിൽ കണ്ടത്.ഭക്ഷണ അവശിഷ്ടങ്ങളും പാത്രങ്ങളും മുറിയിൽ ചിതറിതെറിച്ചിരുന്നു.വിവരമറിഞ്ഞെത്തിയ തലപ്പുഴ പോലീസും പ്രദേശവാസികളും ചേർന്ന് ഉടൻ യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവം നടക്കുമ്പോൾ കൊല്ലപ്പെട്ട സിനിയുടെ ഭർത്താവ് കെട്ടിട നിർമ്മാണ തൊഴിലാളിയായ ബൈജു ജോലിയ്ക്ക് പോയിരുന്നു.ഇതിനിടയിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ദേവസ്യയെ രാവിലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.മാനന്തവാടി സി.ഐ.പി.കെ.മണി, തലപ്പുഴ എസ്.ഐ.ടി.ജെ.ജിമ്മി,തൊണ്ടർനാട് എസ്.ഐ.കെ.വി.മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തലപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രതിയുടെ വീടിന് പിൻഭാഗത്തുള്ള കാപ്പിത്തോട്ടത്തിൽ നിന്നാണ് കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുത്തത്.കത്തി പഴയ കലണ്ടറിൽ പൊതിഞ്ഞ നിലയിലായിരുന്നു. കൊല ചെയ്യുമ്പോൾ ഉപയോഗിച്ച വസ്ത്രം ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ദേവസ്യയും ബൈജുവും തമ്മിൽ രണ്ട് വർഷമായി നിലനിൽക്കുന്ന അതിർത്തി തർക്കമാണ് വ്യക്തി വൈരാഗ്യത്തിന് കാരണമായത്.  ഇതേ ചൊല്ലി പലപ്പോഴായി ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്.  ദേവസ്യയ്ക്കെതിരെ സിനി പോലീസിൽ പരാതി നൽകിയതോടെ ഇയാൾ യുവതിയെ കൊലപ്പെടുത്താൻ നിശ്ചയിക്കുകയായിരുന്നു.സംഭവം നടന്ന ദിവസം പ്രതിയായ ദേവസ്യയും കൊല ചെയ്യപ്പെട്ട സിനിയും ഒരേ സ്ഥലത്താണ് തൊഴിലുറപ്പ് ജോലി ചെയ്തത്.വിദ്യാർഥികളായ
അലൻ (11), അലോണ (6) എന്നിവർ സിനിയുടെ മക്കളാണ്.മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ചിത്രം. പ്രതി ദേവസ്യ
Attachments area
Related News