വാളയാർ കേസ്: സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു, പ്രതികൾക്ക് നോട്ടീസ് അയച്ചു

Web Desk
Posted on November 21, 2019, 12:24 pm

കൊച്ചി: വാളയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതികളെ വെറുതെ വിട്ടതിനെതിരെയായിരുന്നു അപ്പീല്‍. ഹൈക്കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു. വാളയാർ കേസിൽ തുടരന്വേഷണം വേണം, പുനർവിചാരണ വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. ഇന്ന് അപ്പീൽ ഫയലിൽ സ്വീകരിക്കുകയായിരുന്നു. പ്രതികൾക്ക് അയച്ച നോട്ടീസിൽ മറുപടി ലഭിച്ച ശേഷം ഹൈക്കോടതി തുടർനടപടി സ്വീകരിക്കും.

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ അപ്പീലിൽ വ്യക്തമാക്കിയിരുന്നു. തുടരന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി.

കേസിൽ പുനർ വിചാരണ ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചുമതലകളിൽ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ കഴിഞ്ഞ ദിവസം സർക്കാർ മാറ്റിയിരുന്നു.