December 9, 2023 Saturday

Related news

October 30, 2023
October 18, 2023
October 4, 2023
August 9, 2023
August 7, 2023
February 1, 2023
January 11, 2023
January 4, 2023
December 6, 2022
November 30, 2022

റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് സാധൂകരണം

Janayugom Webdesk
തിരുവനന്തപുരം
October 4, 2023 1:41 pm

റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് സാധൂകരണം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.കേന്ദ്ര നിയമത്തിലെ 108-ാം വകുപ്പ് പ്രകാരമാണ് കരാറുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം.കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നതാണ് വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ്.

കരാറുകള്‍ പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗ തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമീഷന്‍ കരാര്‍ റദ്ദാക്കിയത്. ഇതോടെ സര്‍ക്കാരുമായി ദീര്‍ഘകാല കരാറിലേര്‍പ്പെട്ടിരുന്ന മൂന്ന് കമ്പനികള്‍ കേരളത്തിന് വൈദ്യുതി നല്‍കാനാവില്ലെന്ന് നിലപാടെടുത്തു.

പുതിയ കരാറിന് കെഎസ്ബി ടെന്‍ഡര്‍ വിളിച്ചിരുന്നു.എന്നാല്‍, ഏഴര രൂപയ്ക്ക് മുകളിലാണ് ഒരു യൂണിറ്റിന് കമ്പനികള്‍ ആവശ്യപ്പെട്ടത്. നേരത്തെ യൂണിറ്റിന് 4.26 രൂപ പ്രകാരം 465 മെഗാവാട്ട് വൈദ്യുതിയാണ് ലഭിച്ചിരുന്നത്. പുതിയ ടെന്‍ഡര്‍ വിളിച്ച് കരാറിലേര്‍പ്പെടുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

റീബില്‍ഡ് പദ്ധതികള്‍ക്ക് അംഗീകാരം

റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന് (ആര്‍.കെ.ഐ) കീഴില്‍ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക്/ വിശദ പദ്ധതി രേഖകള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

എറണാകുളം കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ്, മാന്നാനം പാലം പുനഃര്‍നിര്‍മ്മാണം, തൃശൂര്‍-പൊന്നാനി കോള്‍ നിലങ്ങളില്‍ പ്രളയം, വരള്‍ച്ച എന്നിവ മിറകടക്കാനുള്ള അടിസ്ഥാന‑സൗകര്യ വികസന പ്രവൃത്തികള്‍, ധര്‍മ്മടം പ്രദേശത്തെ തോടുകളുടെ സംരക്ഷണ പ്രവൃത്തികള്‍, അച്ചന്‍കോവില്‍, പമ്പാ നന്ദികളുടെ ഡീസില്‍റ്റിംഗും പാര്‍ശ്വഭിത്തി സംരക്ഷണവും, വൈത്തിരി-തരുവണ റോഡിന്‍റെ പടിഞ്ഞാറെത്തറ‑നാലാം മൈല്‍ ഭാഗം പുനര്‍നിര്‍മ്മാണം എന്നീ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

സാനിറ്ററി ലാന്‍റ് ഫില്‍ സ്ഥാപിക്കുന്നതിന് അനുമതി

ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ ചീമേനി വില്ലേജില്‍ 25 ഏക്കര്‍ ഭൂമിയില്‍ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ടിന് സാനിറ്ററി ലാന്‍റ് ഫില്‍ സ്ഥാപിക്കുന്നതിന് അനുമതി. 25 വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പാട്ടത്തിന് നല്‍കുന്നത്. 21,99,653 രൂപയാണ് വാര്‍ഷിക പാട്ടത്തുക.

നിയമനം

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വർക്കല പണയിൽ കടവിൽ വള്ളം മറിഞ്ഞ് മരണപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ ബാലു എസിന്‍റെ സഹോദരന്‍ ബിനു സുരേഷിന് ആഡിറ്റര്‍ തസ്തികയില്‍ സമാശ്വാസ തൊഴി ദാന പദ്ധതി പ്രകാരം നിയമനം നല്‍കും. ഡ്യൂട്ടിക്കിടയില്‍ അപകടമൂലം മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള ഔട്ട് ഓഫ് ടേണ്‍ പ്രയോറിറ്റി പ്രകാരമാണ് നിയമനം. 

രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ കണ്ടിന്യൂയിങ് എയര്‍വര്‍ത്തിനസ് മാനേജറുടെ (CAM) സ്ഥിരം തസ്തിക സൃഷ്ടിക്കും. നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യണല്‍ ചെയര്‍മാന്‍, മെമ്പര്‍മാര്‍, എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറി/ പേഴ്സണല്‍ അസിസ്റ്റന്‍റ്/ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്‍റ് തസ്തികകളിലെ ഒഴിവുകളില്‍ പുനര്‍നിയമനം നല്‍കും.

കൗണ്‍സിലിംഗ് സെന്‍റര്‍ രൂപീകരിക്കും

വിമുക്തി മിഷന്‍റെ കീഴില്‍ തിരുവനന്തപുരം മേഖലയില്‍ കൗണ്‍സിലിംഗ് സെന്‍റര്‍ രൂപീകരിക്കും. രണ്ട് കൗണ്‍സിലര്‍ തസ്തികകള്‍ താല്‍ക്കാലിക/കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിച്ചാണ് സെന്‍റര്‍ രൂപീകരിക്കുന്നത്. ഇവരുടെ യോഗ്യത, വേതനം എന്നിവ കോഴിക്കോട്, എറണാകുളം മേഖല കൗണ്‍സില്‍ സെന്‍ററിലെ കൗണ്‍സിലര്‍മാര്‍ക്ക് തുല്യമായിരിക്കും.

ദീര്‍ഘിപ്പിച്ചു

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറായ ജോണ്‍ സെബാസ്റ്റ്യന്‍റെ സേവന കാലാവധി 6.6.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

തസ്തിക

ലാന്‍റ് റവന്യൂ കമ്മീഷണറേറ്റില്‍ ലാ ഓഫീസറെ നിയമിക്കുന്നതിന് നിയമ വകുപ്പില്‍ അഡീഷണല്‍ നിയമസെക്രട്ടറി തസ്തിക സൃഷ്ടിക്കും. 

2024 പൊതു അവധികള്‍

2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം — ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958 ന്‍റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.

കായികതാരങ്ങള്‍ക്ക് പാരിതോഷികം

ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡിസില്‍ വെങ്കല മെഡല്‍ നേടിയ അനു. ആര്‍ ന് പത്ത് ലക്ഷം രൂപ അനുവദിച്ചു. മിക്സഡ് റിലേ മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ ലഭിച്ച മുഹമ്മദ് അനസിന് അവാര്‍ഡിന്‍റെ ബാക്കി തുകയായ അഞ്ച് ലക്ഷം രൂപയും അനുവദിക്കും. 

ബെഹറിന്‍ താരത്തെ ഉത്തേജക മരുന്ന് ഉപയോഗത്തില്‍ വിലക്കിയതിനെ തുടര്‍ന്നാണ് ആര്‍. അനുവിന് വെങ്കലമെഡല്‍ ലഭിച്ചത്. ഒന്നാം സ്ഥാനത്ത് എത്തിയ വ്യക്തിയെ ഉത്തേജക മരുന്നുപയോഗത്തില്‍ വിലക്കിതിനാലാണ് മുഹമ്മദ് അനസിന്‍റെ വെള്ളിമെഡല്‍ നേട്ടം സ്വര്‍ണ്ണമെഡലായത്.

Eng­lish Sum­ma­ry: Val­i­da­tion of Pow­er Con­tracts can­celed by Reg­u­la­to­ry Commission

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.