25 April 2024, Thursday

വാല്‍ക്കണ്ണെഴുതി വന്ന വാനമ്പാടി

ജി ബാബുരാജ്
കൊച്ചി
February 4, 2023 10:30 pm

മലയാള ചലച്ചിത്ര ഗാനമാലികയെ വാല്‍ക്കണ്ണെഴുതി മനോഹരിയാക്കിയ വാനമ്പാടിയായിരുന്നു. ഇന്നലെ വിടപറഞ്ഞ വാണി ജയറാം. 1971‑ല്‍ ഹിന്ദി സിനിമകളിലൂടെ സംഗീത ലോകത്തെത്തിയ വാണി ജയറാം തൊട്ടുപിന്നാലെ മലയാള സിനിമയിലും തന്റെ ചുവടുറപ്പിക്കുകയായിരുന്നു.

തമിഴ്നാട്ടിലെ വെല്ലൂരിലെ ജനിച്ച കലൈവാണി എന്ന വാണി സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് ആദ്യപാഠങ്ങള്‍ നുകര്‍ന്നത്. പിന്നീട് സംഗീത പഠനത്തിനായി മദ്രാസിലേയ്ക്ക് താമസം മാറ്റി. അധികം വൈകാതെ മദ്രാസ് ആകാശവാണി നിലയത്തില്‍ സംഗീത വിഭാഗത്തില്‍ പ്രവേശിച്ചു. അക്കാലത്ത് ഒട്ടേറെ ഗാനങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്തു. വാണി എന്ന പേര് പ്രശസ്തമായത് റേഡിയോയിലൂടെയാണ്. വിദ്യാഭ്യാസത്തിന് ശേഷം എസ്ബിഐ ജോലി നേടി
സെക്കന്തരാബാദിലേയ്ക്ക് മാറിയ വാണിയുടെ വിവാഹം അക്കാലത്തായിരുന്നു. സിത്താര്‍ വാദകന്‍ ജയരാമനെ വിവാഹം ചെയ്തതോടെ വാണി ജയറാം എന്ന പേരില്‍ അവര്‍ പ്രശസ്തയായി. ഹിന്ദുസ്ഥാനിയില്‍ പൂര്‍ണ്ണ ശ്രദ്ധ പതിപ്പിക്കാന്‍ അവര്‍ ബാങ്ക് ഉദ്യോഗം അതിനിടെ രാജിവച്ചു. നൗഷാദ് ഉള്‍പ്പെടെയുള്ള സംഗീതജ്ഞരുമായുള്ള അടുത്ത പരിചയം ഹിന്ദി സിനിമയിലേയ്ക്ക് വഴിയൊരുക്കി. 1971‑ല്‍ ഗുഡിയിലെ ‘ബോലെരെ പാപ്പി‘എന്ന ആദ്യഗാനത്തിലൂടെ തന്നെ വാണിജയറാം ശ്രദ്ധേയായി. തൊട്ടുപിന്നാലെ മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച വാണിജയറാം 1973‑ല്‍ റിലീസായ സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമി’ എന്ന ഗാനത്തിലൂടെ മലയാള സംഗീത ആസ്വാദകര്‍ക്കിടയില്‍ വാനമ്പാടിയായി. പിന്നാലെ നിരവധി ചിത്രങ്ങള്‍ അവരെത്തേടിയെത്തി. 1975 വാണിജയറാമിന് ഹിറ്റുകളുടെ വര്‍ഷമായിരുന്നു. മങ്കൊമ്പ്- എം എസ് വിശ്വനാഥന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘ബാബുമോനിലെ പത്മതീര്‍ത്ഥകരയില്‍‘എന്ന ഗാനം വാണിജയറാം അവിസ്മരണീയമാക്കി. എം എസ് വിക്കു പുറമെ എം ബി ശ്രീനിവാസന്‍, ആര്‍ കെ ശേഖര്‍, ഇളയരാജ,ജോണ്‍സണ്‍ എന്നിങ്ങനെ ഒട്ടേറെ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ ഇപ്പോഴും മൂളി നടക്കുന്ന ഹിറ്റു ഗാനങ്ങള്‍ ഏറെയും ചിട്ടപ്പെടുത്തിയത് എം കെ അര്‍ജ്ജുനന്‍ മാസ്റ്ററാണ്. 

അക്കൂട്ടത്തില്‍ ആദ്യത്തേതെന്ന് പറയാവുന്ന ഒരു ഗാനം 1975‑ല്‍ തന്നെ റിലീസായ പിക്നിക്കിലേതാണ്. ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…‘എന്ന ഈ ഗാനത്തിന്റെ പിറവിക്ക് പിന്നിലുമുണ്ട് അവിസ്മരണീയമായ ഒരു കഥ. പിക്നിക്കില്‍ ആകെ എട്ടു പാട്ടുകളാണ് ഉണ്ടായിരുന്നത്. ചെന്നൈ മഹാലിംഗ പുരത്തെ ഓഫീസിലിരുന്ന് ഏഴു പാട്ടുകളും അര്‍ജ്ജുനന്‍ മാസ്റ്റര്‍ കമ്പോസ് ചെയ്തു കഴിഞ്ഞു. എട്ടാമത്തെ പാട്ട് ഒരു വിധത്തിലും വഴങ്ങുന്നില്ല. പല ട്യൂണുകളുമിട്ടെങ്കിലും സംവിധായകന്‍ ശശികുമാറിന് ഇഷ്ടപ്പെടുന്നില്ല. അര്‍ജ്ജുനന്‍ മാസ്റ്ററെ പോലെ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയും ധര്‍മ്മസങ്കടത്തിലായി. രാത്രി വൈകി മാസ്റ്റര്‍ ലോഡ്ജിലേയ്ക്ക് ടാക്സിയില്‍ മടങ്ങും വഴിയാണ് ചെന്നൈ ചെട്ട്പട്ട് പാലത്തിനടുത്തെത്തിയപ്പോള്‍ മാസ്റ്ററുടെ മനസ്സില്‍ എവിടെ നിന്നോ ഒരു ട്യൂണ്‍ ഓടിയെത്തിയത്. ഉടനെ റൂമിലെത്തി അത് റെക്കോര്‍ഡ് ചെയ്ത് പിറ്റേന്ന് പുലര്‍ച്ചെ ശശികുമാറിന്റെ സമ്മതം നേടുകയായിരുന്നു. യേശുദാസിനൊപ്പം പാടിയ ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി‘എന്ന ആ ഗാനം അനശ്വരമായി എന്നു മാത്രമല്ല വാണി ജയറാമിന്റെ സംഗീത ജീവിതത്തില്‍ വലിയ വഴിത്തിരിവാകുകയും ചെയ്തു.
ഇക്കാലത്ത് തന്നെയാണ് ശ്രീകുമാരന്‍ തമ്പിയുടെ വരികളില്‍ ‘തിരുവോണ പുലരിതന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍‘എന്ന അതിമനോഹര ഗാനവും വാണിജയറാം ആലപിച്ചത്. തൊട്ടുപിന്നാലെ വിവിധ ചിത്രങ്ങള്‍ക്കായി പാടിയ ‘ആഷാഢമാസം ആത്മാവില്‍ മോഹം, ഏതോജന്മ കല്‍പ്പനയില്‍, സീമന്തരേഖയില്‍, നാദാപുരം പള്ളിയിലെ, പകല്‍സ്വപ്നത്തില്‍ പവനൊരുക്കും’ തുടങ്ങിയ ഒട്ടേറെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി മാറി.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 1983 എന്ന ചിത്രത്തില്‍ ഗോപി സുന്ദറിന്റെ സംഗീതത്തില്‍ അവര്‍ ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലിക്കുരുവി’ എന്ന ഗാനം ആലപിച്ചത്. പുലി മുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പെ” എന്ന പാട്ടും ആക്ഷന്‍ ഹീറോ ബിജുവില്‍ യേശുദാസിനൊപ്പം പാടിയ ‘പൂക്കള്‍ പനിനീര്‍പൂക്കള്‍’ എന്ന പാട്ടും മലയാളികളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുള്ള വാണിജയറാം ഇനി ആസ്വാദക മനസ്സിലെ ഓര്‍മ്മ ചിത്രം. 

Eng­lish Sum­ma­ry: valkkan­nezhuthi van­na vanambadi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.