വള്ളത്തോള്‍ പൂങ്കാവനത്തിന്റെ നിര്‍മ്മാണം തുടങ്ങി

Web Desk

മലപ്പുറം/ തിരൂര്‍

Posted on September 20, 2020, 9:48 pm

ചേന്നര പെരുന്തിരുത്തിയില്‍ മഹാകവി വള്ളത്തോള്‍ സ്മാരക പുഴയോര പൂങ്കാവനത്തിന്റെ നിര്‍മ്മാണം തുടങ്ങി. മംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പെരുന്തിരുത്തി വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് മഹാകവി വള്ളത്തോളിനായി സ്മൃതി കേന്ദ്രം ഉയരുന്നത്. തിരൂര്‍ പൊന്നാനിപ്പുഴ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 14 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടക്കുന്നത്.

അറുപത് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള സ്ഥലമാണ് ഇതിനായി വിട്ടു നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല. 2017ല്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത പുഴ സംരക്ഷണ പരിപാടിയുടെ ആലോചന യോഗത്തില്‍ മംഗലം പഞ്ചായത്ത് അവതരിപ്പിച്ച പദ്ധതിയാണിത്. തൂക്കുപാലത്തിന്റെ ടൂറിസം സാധ്യതകള്‍ കൂടി കണക്കിലാക്കിയാണ് പദ്ധതി പെരുന്തിരുത്തിയില്‍ നടപ്പിലാക്കുന്നത്.

ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍, കുടുംബശ്രീ തുടങ്ങി ഏജന്‍സികളുമായി ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തിയാക്കുക. സന്നദ്ധ സംഘടനകളുമായും വള്ളത്തോള്‍ കുടുംബവുമായും സഹകരിച്ച് പൂങ്കാവനത്തില്‍ വ്യത്യസ്തമായ പദ്ധതികള്‍ നടപ്പിലാക്കും. വള്ളത്തോള്‍ പൂങ്കാവനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറാ മജീദ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ സലിം അധ്യക്ഷത വഹിച്ചു.

മഹാകവി വള്ളത്തോളിന് ജന്മനാട്ടില്‍ ഒരു സ്മാരകത്തിന് പുറമെ സ്മൃതി കേന്ദ്രം കൂടി ഉയരുന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യാതിഥിയായി സംസാരിച്ച മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞു. വള്ളത്തോള്‍ സ്മൃതി കേന്ദ്രത്തിന് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ സലാം പൂതേരിയെ ചടങ്ങില്‍ ആദരിച്ചു.

ENGLISH SUMMARY:Vallathol Poonka­vanam Con­struc­tion has start­ed
You may also like this video