ഓര്‍മയില്‍ അരയന്‍ തിളങ്ങുമ്പോള്‍

Web Desk
Posted on July 28, 2019, 9:53 am

പൂവറ്റൂര്‍ ബാഹുലേയന്‍

‘ചരിത്രം സൃഷ്ടിക്കുന്നവരെ ചരിത്രത്തില്‍ ഇല്ലാത്തവരായി മാറ്റുംവിധം അപരവല്‍ക്കരണവും പാര്‍ശ്വല്‍ക്കരണവും അദൃശ്യഭിത്തികള്‍ സൃഷ്ടിക്കുന്നതുകൊണ്ടാണ് വലിയ ജീവിതമുള്ളവര്‍ ഒരു ചെറിയ ജീവചരിത്രം പോലുമില്ലാതെ വിസ്തൃതരാകുന്നതും ചെറിയ ജീവിതം മാത്രമുള്ളവര്‍ വലിയ ജീവചരിത്രമുള്ളവരായി അരങ്ങുവാഴുന്നതും!’ ഡോ. വള്ളിക്കാവ് മോഹന്‍ദാസിന്റെ ‘അരയന്‍’ എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ കെഇഎന്‍ കുറിച്ചിട്ട ഈ വാക്കുകള്‍ നൂറുശതമാനവും ശരിയവ്ക്കുന്നതാണ് ചരിത്ര പുരുഷനാകേണ്ട ബഹുമുഖ പ്രതിഭയായിരുന്ന ഡോ. വേലുക്കുട്ടി അരയനോട് കാലം കാട്ടിയ ചരിത്രനിരാസം. ഡോ. വേലുക്കുട്ടി അരയനെ ചരിത്രത്തിലേക്ക് തിരിച്ചു നടത്തിയ ‘അരയന്‍’ ഗ്രന്ഥത്തെ അധികരിച്ച് പ്രമുഖ എഴുത്തുകാരി ശാന്താ തുളസീധരന്‍ രചിച്ച ‘വള്ളിക്കാവിന്റെ അരയന്‍, ചരിത്രത്തിലില്ലാത്തവരുടെ ചരിത്രം’ എന്ന ഗ്രന്ഥം അത്യപൂര്‍വ്വമായ നിയോഗവും അനുഭവമാകുന്നു.
എങ്ങനെയാണ് ചിലര്‍ ചരിത്രത്തില്‍ വലിയവരാവുന്നത് എന്നതിലുപരി ചിന്തോദ്ദീപകമാണ് എങ്ങനെയാണ് ചില മഹാപ്രതിഭകള്‍ ചരിത്രത്തില്‍ ചെറുതാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നത് എന്നത്. എന്തുകൊണ്ടാണ് എങ്ങനെയാണ് ഡോ. വേലുക്കുട്ടി അരയന്‍ എന്ന ബഹുമുഖ പ്രതിഭ ചരിത്രത്തിന്റെ എല്ലാ മേഖലകളിലും വിസ്മൃതരായത്? ശാന്താതുളസീധരന്‍ സൂചിപ്പിച്ചപോലെ പത്രപ്രവര്‍ത്തന ചരിത്രത്തിന്റെ ഗവേഷണ വഴിയില്‍ ആകസ്മികമായിട്ടാവും ഡോ. വള്ളിക്കാവ് മോഹന്‍ദാസ് ഡോ. വേലുക്കുട്ടി അരയനിലെ അത്ഭുത പ്രതിഭയെ തിരിച്ചറിഞ്ഞത്. അരായിരുന്നു ഈ അരയന്‍. പത്രപ്രവര്‍ത്തനം, കല, സാഹിത്യം, നിരൂപണം, ഗവേഷണം, രാഷ്ട്രീയം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, ഗ്രന്ഥശാല, പ്രവര്‍ത്തനം, യുക്തിവാദം തുടങ്ങിയ മേഖലകളില്‍ ഉജ്ജ്വലമായി തിളങ്ങിയ മഹാപ്രതിഭ എന്നൊക്കെ പറയുന്നതിനപ്പുറമാണ് ഈ അരയന്‍. എന്നിട്ടും ചരിത്രത്തിന്റെ ഈ വിഭിന്ന മേഖലകളിലെങ്ങും ഈ അരയന്റെ പേര് എഴുതപ്പെടാതെ പോയതെന്തുകൊണ്ട്? അതിനുത്തരം അങ്ങനെ പെട്ടൊന്നൊന്നും കണ്ടെത്താനാവില്ല തന്നെ. ഇവിടെയാണ് ഡോ. വള്ളിക്കാവിന്റെ അരയന്‍ എന്ന ഗ്രന്ഥത്തിന്റേയും ഇതിനെ അധികരിച്ചെഴുതിയ ശാന്താ തുളസീധരന്റെ വള്ളിക്കാവിന്റെ അരയന്‍ എന്ന ഗ്രന്ഥത്തിന്റേയും ചരിത്രപരവും മനുഷ്യസ്‌നേഹപരമായ പ്രാധാന്യം.
സാമൂഹികാപചയത്തിന്റേയും സാമ്പത്തികാസ്ഥിതിരതയുടേയും ദുരാചാരങ്ങളുടേയും ഒരു നശിച്ച കാലത്ത് 1894 ലാണ് വേലുക്കുട്ടി അരയന്റെ ജനനം. പക്ഷേ, വേലുക്കുട്ടിയുടെ കുടുംബം താരതമ്യേന മെച്ചപ്പെട്ട നിലയിലായിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് അരയനാണ്ടി വിളാകത്ത് കുടുംബത്തിലെ പ്രസിദ്ധ വൈദ്യനായ വേലായുധന്‍ വൈദ്യന്റേയും ചെറിയഴീക്കല്‍ തെക്കേപ്പുറത്ത് വെളുത്ത കുണ്ടു അമ്മയുടേയും മകനായി പിറന്ന വേലുക്കുട്ടിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അനാവരണം ചെയ്യുന്ന അരയന്‍ ഒരു കാലഘട്ടത്തിന്റേയും നാടിന്റേയും ചരിത്രവും വെളിപ്പെടുത്തുന്നു. സവര്‍ണ്ണ‑അവര്‍ണ്ണ വൈജാത്യങ്ങള്‍ തീഷ്ണവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അശുദ്ധിയുടെ വിഴുപ്പുഭാണ്ഡം പേറുന്ന അക്കാലത്ത് അത്ഭുതമെന്ന് പറയട്ടെ, വേലുക്കുട്ടി സംസ്‌കൃത വിദ്യാഭ്യാസവും ആയൂര്‍വേദവും പഠിച്ചു. പുലയന്‍ 64 അടിയും കണിശന്‍ (ഗണകന്‍) 36 അടിയും അരയന്‍ 24 അടിയും അകലം പാലിക്കാന്‍ വിധിക്കപ്പെട്ടിരുന്ന കാലത്താണ് വേലുക്കുട്ടി അരയന്‍ നമ്പൂതിരി കുടുംബത്തില്‍ നിന്ന് സംസ്‌കൃതപഠനവും വൈദ്യപഠനവുമൊക്കെ സാധ്യമാക്കിയതെന്ന പരമാര്‍ത്ഥം ഒരുപക്ഷേ വായനയ്ക്കു വഴങ്ങാതെ നിന്നേക്കാം എന്നാണ് അരയനെ ആധാരമാക്കി ശാന്താ തുളസീധരന്‍ തുറന്നുകൊടുത്തത്.


വളരെ ചെറിയ പ്രായത്തില്‍ തന്നെ അക്ഷരലോകത്ത് അത്ഭുതം സൃഷ്ടിച്ച് ഗ്രന്ഥരചനയും പത്രപ്രവര്‍ത്തനവും ഗ്രന്ഥശാലാ പ്രവര്‍ത്തനവും തുടങ്ങിയ വേലുക്കുട്ടി എത്രമാത്രം നിശ്ചയദാര്‍ഢ്യത്തോടേയും ധീരതയോടെയുമാണ് കാലത്തിന്റെ കുത്തൊഴുക്കിനെതിരെ നീങ്ങിയതെന്ന് വ്യക്തം. അരയന്‍ എന്ന പേരില്‍ പത്രം തുടങ്ങിയ വേലുക്കുട്ടി സി കേശവന്‍, സി വി കുഞ്ഞുരാമന്‍, സി കൃഷ്ണന്‍ വൈദ്യര്‍, പരവൂര്‍ കേശവന്‍നാശാന്‍ തുടങ്ങിയ പ്രഗത്ഭമതികളുമായി സംവദിക്കുകയും യുക്തിഭദ്രമായ തന്റെ പുരോഗമനാശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തതായി ഇവിടെ വെളിപ്പെടുത്തുന്നു.
സാമുഹിക തിന്മകള്‍ക്കെതിരെ ശ്രീനാരായണ ഗുരുവും വൈകുണ്ഡ സ്വാമികളും പരിവര്‍ത്തനത്തിന്റെ തിളക്കമാര്‍ന്ന ചരിത്രാധ്യാങ്ങള്‍ രചിച്ചപ്പോള്‍, നവോത്ഥാനത്തിന്റെ വേറിട്ട പന്ഥാവ് തുറക്കുകയായിരുന്ന തന്റെ സമരഭൂമികയില്‍ ഡോ. വേലുക്കുട്ടി അരയന്‍. സമ്പന്ന കുടുംബത്തില്‍ പിറന്ന വേലുക്കുട്ടി തന്റെ സമുദായത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പോരാടിയതോടൊപ്പം മറ്റ് സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കും വേണ്ടിയും തന്റെ വിപ്ലവജ്വാല തെളിച്ചു. തന്റെ കാലത്തെ ചൂഷണത്തിനെതിരെ അസമത്വങ്ങള്‍ക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉശിരാര്‍ന്ന പോരാട്ടത്തിന്റെ പടയൊരുക്കമാണ് വേലുക്കുട്ടി നടത്തിയത്. സമൂഹത്തിലെ അസഹിഷ്ണുതകളെ തുടച്ചുമാറ്റുകയെന്നത് സാമൂഹ്യബോധമുള്ള കര്‍മ്മനിരതനായ ഒരു നവോത്ഥാന നായകന്റെ ഉത്തരവാദിത്തവും ലക്ഷ്യവുമാണെന്നിരിക്കെ, സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ശക്തവും ഏകാഗ്രവുമായ പോരാട്ടത്തിനുള്ള പടയൊരുക്കം ‑അതായിരുന്നു വേലുക്കുട്ടി അരയന്റെ പ്രഖ്യാപിത ലക്ഷ്യം എന്ന് അരയന്‍ ഗ്രന്ഥത്തെ അധികരിച്ച് ശാന്താ തുളസീധരന്‍ വ്യക്തമാക്കുന്നു.
ഐതിഹാസിക സമരമെന്ന് ചരിത്രം രേഖപ്പെടുത്തിയ വൈക്കം സത്യഗ്രഹത്തില്‍ മധ്യതിരുവിതാംകൂറിലെ കോണ്‍ഗ്രസ് നേതാവും അരയ മഹാജനയോഗം ജനറല്‍ സെക്രട്ടറിയുമായ വേലുക്കുട്ടി അരയനും സജീവമായി പങ്കെടുത്തതെന്ന് ഡോ. വള്ളിക്കാവിന്റെ അരയന്‍ സമര്‍ത്ഥിക്കുന്നു. എന്നാല്‍ ടി കെ മാധവന്‍, കെ പി കേശവമേനോന്‍ മന്നത്തു പത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള ഡി സി കുഞ്ഞുരാമന്‍, കെ കേളപ്പന്‍, ഇ പി രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പം ഡോ. വേലുക്കുട്ടി അരയന്റെ പേര് ചരിത്രത്തിലെങ്ങും രേഖപ്പെടുത്തി കാണാത്തത് എന്തു നീതിയാണ്. തമസ്‌കരണത്തിന്റെ വേറിട്ട മുഖം മറനീക്കി പുറത്തുവരുമ്പോള്‍ ആശ്ചര്യത്തിന്റെ പാരതന്ത്ര്യത്തില്‍ വായനക്കാര്‍ എത്തുക സാധാരണമാണെന്നിരിക്കിലും ഇത്രമേല്‍ ചരിത്ര പ്രാധാന്യമുള്ള ഒരു പ്രക്ഷോഭകാരിയെ ഏതു മാനദണ്ഡത്താലാണ് ചരിത്രത്തിനു വെളിയില്‍ നിര്‍ത്തിയെന്ന ഗ്രന്ഥകാരിയുടെ ചോദ്യം സമൂഹത്തിന്റെ നീതിബോധത്തോടും മനഃസാക്ഷിയോടുമാണ്. മുപ്പതുകൊല്ലം സ്‌കൂളില്‍ ചരിത്രം പഠിപ്പിച്ചിട്ടും ഇങ്ങനെയൊരു വ്യക്തിയെക്കുറിച്ചോ അദ്ദേഹം നയിച്ച സമരങ്ങളെക്കുറിച്ചോ ജീവിച്ച സാഹചര്യങ്ങളെക്കുറിച്ചോ പഠിപ്പിച്ചില്ലെന്ന (പാഠപുസ്തകങ്ങളില്‍ ഇടം ലഭിച്ചിരുന്നില്ലല്ലോ) കുറ്റബോധം ഈ പുസ്തത്താളുകളുടെ മാത്രം സംഭാവനയാണെങ്കില്‍ ചരിത്ര പാഠപുസ്തകങ്ങളുടെ പട്ടികയില്‍ എന്തുകൊണ്ട് ഈ ഗ്രന്ഥത്തിന് ശരിയായ ഇടം ലഭിക്കുന്നില്ല. എന്ന ചോദ്യം കൂടി അധികാരപക്ഷത്തിനു മുന്നില്‍ സമര്‍പ്പിക്കാന്‍ എന്നിലെ അധ്യാപിക ബാധ്യസ്ഥയായിരിക്കുന്നു. — ശാന്താ തുളസീധരന്റെ വാക്കുകള്‍.
ഒരു നാടിന്റെ ചരിത്രത്തില്‍ നിന്നും ഒരു ദേശത്തിന്റേയും അതിനുമപ്പുറം വിദേശാധിപത്യങ്ങളുടേയും ചരിത്ര വഴികളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് അരയന്‍. ഗ്രന്ഥകാരനിലെ ഗവേഷണത്ത്വര ഇന്ത്യയുടെ സാമൂഹിക‑സാമ്പത്തിക‑സാംസ്‌കാരിക മേഖലകളിലെ ഉള്ളറകളിലേക്കും വെളിച്ചമേകുന്നു. ആര്യന്മാരുടെ ആഗമനത്തോടെ ഉത്തരേന്ത്യയില്‍ നിന്നും കുടിയിറക്കപ്പെട്ട തദ്ദേശീയ ജനവിഭാഗങ്ങളുടെ കൂട്ടത്തില്‍ അരയ തായ്‌വഴികളും ഇവിടെ കണ്ടെത്താം. ബ്രാഹ്മണാധിപത്യം കേരളം ഉള്‍പ്പെടുന്ന ദേശത്ത് കയ്യെത്തിപ്പിടിക്കും വരെ ജാതി വ്യവസ്ഥയും അനുബന്ധ ദുരാചാരങ്ങളും ഇവിടെ അന്യമായിരുന്നുവെന്ന് സമര്‍ത്ഥിക്കുന്നു. ഡോ. വള്ളിക്കാവിന്റെ സാമൂഹിക പ്രതിബദ്ധതാടിസ്ഥാനത്തിലുള്ള ചരിത്രാന്വേഷണത്തെ തന്റെ ഗോത്രചരിത്ര പഠനവഴിയിലെ കണ്ടെത്തലുകളുമായി ചേര്‍ത്തുവയ്ക്കുകയാണ് അരയന്റെ പുനര്‍വായനയില്‍ ശാന്താ തുളസീധരന്‍.
വഴിയൊരുക്കം, അരയവഴി, അക്ഷരവഴി, പത്രവഴി, നിരൂപണ വഴി, സാഹിത്യവഴി, വഴിമാറ്റം എന്നീ തലങ്ങളില്‍ ഡോ. വേലുക്കുട്ടി അരയനിലെ വിഭിന്ന പ്രതിഭാ വിശേഷങ്ങളിലൂടെ ഡോ. വള്ളിക്കാവ് മോഹന്‍ദാസിന്റെ ‘അരയന്‍’ ചരിത്രമാവുമ്പോള്‍ അരയനിലെ സാമൂഹ്യ നവോത്ഥാന നായകനെ ഉയര്‍ത്തിക്കാട്ടി വൈവിധ്യമാര്‍ന്ന ചരിത്രജാലകങ്ങളിലൂടെ ഡോ. വേലുക്കുട്ടി അരയന്‍ എന്ന പ്രകാശ ഗോപുരത്തിലെത്തുകയാണ് ‘വള്ളിക്കാവിന്റെ അരയന്‍-ചരിത്രത്തിലില്ലാത്ത വരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിലൂടെ ശാന്താ തുളസീധരന്‍.

vallikkavinte arayan