Janayugom Online
valsan thillankari-jana

വനിതാ പൊലീസുകാരുടെ പ്രായം പരിശോധിച്ചു; വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

Web Desk
Posted on November 12, 2018, 9:43 pm

കോഴിക്കോട്: ശബരിമല ക്ഷേത്രത്തില്‍ ചിത്തിര ആട്ട പൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച വനിതാ പൊലീസുകാരുടെ ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ താനടക്കമുള്ളവര്‍ പരിശോധിച്ചതായി ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗം വിവാദമാകുന്നു. പൊലീസിനേയും സംസ്ഥാന സര്‍ക്കാരിനേയും പരിഹസിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മുതലക്കുളം മൈതാനത്ത് വത്സന്‍ തില്ലങ്കേരി പ്രസംഗിച്ചത്. ശബരിമല സംരക്ഷണ സംഗമത്തിലാണ് വത്സന്‍ തില്ലങ്കേരി ഇക്കാര്യം പറഞ്ഞത്. ഇത്രയധികം പൊലീസുകാര്‍ വന്നിട്ടും ഒരു സ്ത്രീയെ എങ്കിലും കയറ്റാന്‍ കഴിഞ്ഞോ എന്നും ഇദ്ദേഹം വെല്ലുവിളിക്കുകയായിരുന്നു.

സന്നിധാനത്തെത്തിയ 15 വനിതാ പൊലീസുകാരില്‍ ഒരാളുടെ ഭര്‍ത്താവിന് 49 വയസായിരുന്നു പ്രായം. ഇതു കാരണം അവരുടെ പ്രായത്തില്‍ സംശയം തോന്നി. ഇക്കാര്യം ശബരിമലയിലുണ്ടായിരുന്ന എസ് പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് തങ്ങള്‍ക്ക് ഇവരുടെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള ‘സൗഭാഗ്യ’മുണ്ടായെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ ഹിന്ദു സമൂഹത്തിന്റെ സംഘടിത ശക്തിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് തെളിയിച്ചതായി തില്ലങ്കേരി വ്യക്തമാക്കി. നേരത്തെ പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറി നിന്ന് താന്‍ ആചാരം ലംഘിച്ചതായി തില്ലങ്കേരി സമ്മതിച്ചിരുന്നു. പൊലീസിന്റെ മൈക്ക് ഉപയോഗിച്ച് ഇദ്ദേഹം സംസാരിച്ചതും വലിയ വിവാദമായിരുന്നു.