Friday
18 Oct 2019

ഊര്‍ജ്ജിത പ്രശ്‌നപരിഹാരത്തിനായി വനം അദാലത്തുകള്‍

By: Web Desk | Thursday 8 August 2019 9:41 PM IST


അഡ്വ. കെ രാജു (വനംവകുപ്പു മന്ത്രി)

നം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് പരിഹാരം കാണുന്നതിനായി വിവിധ തലത്തിലുള്ള വനഓഫീസുകളില്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെടാറുള്ളത്. വിവിധ കാരണങ്ങള്‍ കൊണ്ട് തീരുമാനമാകാതെ കിടക്കുന്ന ഫയലുകള്‍ പല വകുപ്പിലുമെന്ന പോലെ വനം വകുപ്പിലുമുണ്ട്. ഇവ പരിഹരിക്കുന്നതിനായി ഒരു തീവ്രയത്‌ന പരിപാടിക്ക് വനം വകുപ്പ് തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വനം വകുപ്പ് പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. എല്ലാ ജില്ലകളിലെയും അദാലത്ത് തീയതികള്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ അദാലത്തും, വന അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനവും തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് നടക്കുകയാണ്. നാളെ നെടുമങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മണി മുതല്‍ അദാലത്ത് നടക്കും. ഒക്‌ടോബര്‍ നാലിന് വയനാട്ടില്‍ നടക്കുന്ന അദാലത്തോടു കൂടി സമാപിക്കും.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ മുഖ്യമന്ത്രി സംസ്ഥാനത്തെ ഉദ്യോഗസ്ഥരോടായി പറഞ്ഞത് ഓരോ ഫയലും ഓരോ ജീവിതമാണ് എന്നായിരുന്നു. ഫയലുകള്‍ വേഗം തീര്‍പ്പാക്കി ജനങ്ങള്‍ക്ക് പരമാവധി മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വനം വകുപ്പിലെ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിരവധി വിഷയങ്ങള്‍ തീര്‍പ്പാകാതെ നില്‍ക്കുന്നു എന്നത് ഒരു വസ്തുതയാണ്. അതിന് വിവിധ കാരണങ്ങളാണുള്ളത്. പട്ടയ സംബന്ധമായ വിഷയങ്ങള്‍ ഒഴികെ വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട ഏത് വിഷയം സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള സുവര്‍ണ്ണ അവസരമാണ് വനംഅദാലത്തുകള്‍. സ്വന്തം മേല്‍വിലാസവും ഫോണ്‍നമ്പരും രേഖപ്പെടുത്തിയ അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം അതാത് ജില്ലകളിലെ വനം വകുപ്പ് ഓഫീസുകളില്‍ നല്‍കിയാല്‍ മതി. ഇ-ഡിസ്ട്രിക്ട് മുഖേന ഓണ്‍ലൈനായും അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുമ്പോള്‍ പരാതിക്കാരന് ടോക്കണ്‍ നമ്പര്‍ നല്‍കും.
എല്ലാ ജില്ലകളിലും നടക്കുന്ന അദാലത്തുകളില്‍ വനം വകുപ്പു മന്ത്രിയും വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. കഴിയുന്നത്ര പരാതികള്‍ക്ക് അദാലത്തില്‍ വച്ചു തന്നെ പരിഹാരം കാണുന്നതിനാണ് വകുപ്പ് ശ്രമിക്കുന്നത്. ഇതിനായി വനം വകുപ്പിന്റെ വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം കൂടി അദാലത്തുകളില്‍ ഉറപ്പാക്കും. മുഖ്യമായും കൃഷി, തദ്ദേശസ്വയംഭരണം, ആദിവാസിക്ഷേമം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കും. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കും അദാലത്ത്. ഓരോ ജില്ലയിലും നിശ്ചയിച്ചിരിക്കുന്ന തീയതികള്‍ക്ക് ഒരാഴ്ച മുമ്പു വരെ ലഭിക്കുന്ന പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. അദാലത്തിനായി ഒരോ ജില്ലയിലും ഓരോ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ ഒട്ടേറെ പരാതികള്‍ ജനങ്ങളില്‍ നിന്ന് ലഭിക്കാറുണ്ട്. വന്യജീവികളുടെ ആക്രമണം, പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും ആശ്രിതര്‍ക്കുള്ള ധനസഹായം, വനം കുറ്റകൃത്യങ്ങള്‍, ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവര്‍ത്തനം തുടങ്ങി വിപുലവും വിവിധങ്ങളുമായ വിഷയങ്ങള്‍ സംബന്ധിച്ച പരാതികളാണ് അവയിലേറെയും. അവയില്‍ കഴിയാവുന്നത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പരിശ്രമമാണ് നടത്തുന്നത്. പട്ടയം സംബന്ധമായും, ഭൂവിനിയോഗം സംബന്ധിച്ചുമുള്ള പ്രശ്‌നങ്ങള്‍ ഇത്തരമൊരു അദാലത്തില്‍ വച്ച് തീര്‍പ്പു കല്‍പ്പിക്കാന്‍ എളുപ്പമല്ല. അതുകൊണ്ട് അവ ഒഴിച്ചുള്ള പ്രശ്‌നങ്ങളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. പരമാവധി ജനസൗഹൃദ സമീപനം സ്വീകരിക്കുന്ന വകുപ്പാക്കി വനം വകുപ്പിനെ മാറ്റാനുള്ള എളിയ ശ്രമം കൂടിയാണ് വനഅദാലത്തുകള്‍.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സര്‍ക്കാരിന്റെ സജീവമായ ഇടപെടലുകള്‍ ഫലം കണ്ടു എന്ന ചാരിതാര്‍ഥ്യം ഞങ്ങള്‍ക്കുണ്ട്. ദേശീയ തലത്തില്‍ തന്നെ വനവിസ്തൃതി കൂടിയ സംസ്ഥാനമായി കേരളം മാറി. വന്യജീവി ആക്രമണം മൂലം നഷ്ടം സംഭവിക്കുന്നവര്‍ക്കുള്ള പരിഹാരത്തുക ഇരട്ടിയായി വര്‍ധിപ്പിച്ചു. പുതുതായി കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍, മണല്‍ വിപണനകേന്ദ്രം, തേക്കും ചന്ദനവുമുള്‍പ്പെടെ വിവിധയിനം തടികള്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍, കൂടുതല്‍ മേഖലകളില്‍ സൗരോര്‍ജ്ജവേലിയുള്‍പ്പെടെയുള്ള സംരക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവ ഈ കാലയളവിലെ നേട്ടങ്ങളില്‍ ചിലതു മാത്രമാണ്. രാജ്യത്തെ ടൈഗര്‍ റിസര്‍വുകളില്‍ സംസ്ഥാന ടൈഗര്‍ റിസര്‍വുകള്‍ക്ക് ആദ്യ സ്ഥാനങ്ങള്‍ നേടാന്‍ കഴിഞ്ഞു. വനവും, വന്യജീവികളെയും സംരക്ഷിക്കുന്നതിനു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. അതേസമയം തന്നെ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘട്ടനത്തിന്റെ പ്രശ്‌നങ്ങളെ ചെറുതായി കാണാന്‍ കഴിയില്ല. ഇവ പരിഹരിക്കുന്നതിനായുള്ള ശാസ്ത്രീയ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. വനം വകുപ്പില്‍ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് കണ്‍വീനര്‍ സംവിധാനം അവസാനിപ്പിച്ച് കോണ്‍ട്രാക്ട് രീതി നടപ്പിലാക്കി.
വനങ്ങളെയും പ്രകൃതി സമ്പത്തുകളെയും സംരക്ഷിക്കേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവ് മനുഷ്യര്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഇന്ന് രൂക്ഷമായ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. വനസംരക്ഷണം കുറ്റമറ്റതാക്കാന്‍ ജനകീയ പങ്കാളിത്തം കൂടിയേ തീരൂ. ഒപ്പം വന്യജീവികള്‍ പൊതുജീവിതത്തിന് ഭംഗം വരുത്താനും പാടില്ല. അതിനായി വനം വകുപ്പ് കൂടുതല്‍ ജനകീയമായ പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് നടപ്പിലാക്കുന്നത്.

Related News