Janayugom Online
idayilakkad vanarasadhya (2)

കലഹിച്ചും ആസ്വദിച്ചും വാനരപ്പടയുടെ ഓണസദ്യ 

Web Desk
Posted on August 26, 2018, 6:38 pm
തൃക്കരിപ്പൂര്‍: ആഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും  ഇടയിലെക്കാട് കാവിലെ വാനരര്‍ക്ക് ഇക്കുറിയും മുടക്കമില്ലാതെ ഓണസദ്യ. നവോദയ വായനശാല ആന്റ് ഗ്രന്ഥാലയം ബാല വേദിയുടെ ആഭിമുഖ്യത്തിലാണ് പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം ശേഖരിച്ചു കൊണ്ട് ഓണസദ്യ ഒരുക്കിയത്. നാടെങ്ങും ഓണാഘോഷമില്ലാത്തതിനാല്‍ ഇക്കുറി വന്‍ ജനാവലിയായിരുന്നു സദ്യയുടെ കൗതുകം വീക്ഷിക്കാനെത്തിച്ചേര്‍ന്നത്. കാഴ്ചക്കാര്‍ക്ക് കൗതുകവും രസവും പകര്‍ന്ന സദ്യ ഇത്തവണ പതിനൊന്നാം വര്‍ഷത്തിലേക്ക് കടന്നു.
     ഉപ്പു ചേര്‍ത്ത പലഹാരങ്ങളും ബേക്കറി സാധനങ്ങളും മറ്റുമായിരുന്നു കുരങ്ങുകള്‍ക്ക് ഭക്ഷണമായി നല്‍കിവന്നിരുന്നത്. അതേസമയം ഇതുമൂലം കാവിലെ വാനരപ്പടയുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം വിദഗ്ധ സഹായത്താല്‍ നടത്തിയ പഠനത്തില്‍ ഇത് കുരങ്ങുകള്‍ക്ക് നല്‍കുന്നത് അവയുടെ പ്രജനന ശേഷി കുറക്കുമെന്ന് കണ്ടെത്തിയിരുന്നു. ദിവസേന കാവിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കുന്നതിനും മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനര സംഘത്തെ കാണാനും നൂറുകണക്കിനാളുകള്‍ കാവിലെത്താറുണ്ട്. ഇവയ്ക്ക് ഉപ്പു ചേര്‍ക്കാത്തതും പഴങ്ങളും പച്ചക്കറികളും ഭക്ഷണമായി നല്‍കുക എന്ന സന്ദേശമുയര്‍ത്തിയാണ് വാനരര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഓണസദ്യ അവിട്ടം നാളില്‍ ഒരുക്കി വരുന്നത്.
ചക്ക, പപ്പായ, തക്കാളി, പൈനാപ്പിള്‍,വാഴപ്പഴം, സര്‍ബത്തിന്‍ കായ, വത്തക്ക, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, കക്കിരിക്ക എന്നിവയാണ് കുട്ടികള്‍ ഓണപ്പുടവയും ധരിച്ച് വാഴയിലയില്‍ വിഭവങ്ങളായി വിളമ്പിയത്. ചക്കയ്ക്കായിരുന്നു കുരങ്ങളുടെ പിടിവലിഏറെയും. ഹരിത ചട്ടം പാലിച്ച് സ്റ്റീല്‍ ഗ്ലാസില്‍ വെള്ളവും നല്‍കി. കാവിലെ വാനരന്‍മാര്‍ക്ക് നിത്യവും ഉപ്പു ചേര്‍ക്കാത്ത ചോറ് നല്‍കി വരുന്ന ചാലില്‍ മാണിക്കം ചോറുവിളമ്പിയതോടെയാണ് സദ്യക്ക് തുടക്കമായത്. മുന്‍വര്‍ഷങ്ങളിലൊക്കെ മാണിക്കത്തിന്റെ പപ്പീ …എന്ന വിളി കേട്ടാലേ വാനരനായകന്റെ കൂടെ കൊമ്പുകള്‍ പിടിച്ചുകുലുക്കിയും കരണം മറിഞ്ഞും ചില്ലത്തുമ്പില്‍ വാല്‍ ഇറുകിപ്പിടിച്ച് തലകീഴാക്കി ഊഞ്ഞാലാട്ട മടക്കമുള്ള അഭ്യാസങ്ങളും കാട്ടി അവര്‍ എത്താറുള്ളൂ. ഇത്തവണ ജനക്കൂട്ടത്തോടൊപ്പം മാണിക്കം കേരളീയ വസ്ത്രം ധരിച്ച് ചോറ്റു പാത്രവുമായി നേരത്തെ എത്തിയിരുന്നു. ഒരുക്കങ്ങള്‍ കണ്ട് വാനരക്കൂട്ടവും നേരത്തെ എത്തി, കാവിന്റെ സംരക്ഷണ വേലിയില്‍ ഇരിപ്പുറപ്പിച്ചു. വേലിയില്‍ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ പ്രളയ ദുരിതാശ്വാസഫണ്ട് ശേഖരണ അഭ്യര്‍ത്ഥന പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. കാവിനടുത്ത കെട്ടിടങ്ങളുടെ ടെറസിലടക്കം കുഞ്ഞുങ്ങളടക്കം നൂറുകണക്കിനാളുകള്‍ നിലയുറപ്പിച്ചിരുന്നു കൗതുക കാഴ്ച ആസ്വദിക്കാന്‍ . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബക്കറ്റ് പിരിവായി 4630 രൂപ കാണികളില്‍ നിന്നും ശേഖരിച്ച ശേഷമായിരുന്നു സദ്യ തുടങ്ങിയത്.12 ഏക്കര്‍ വിസ്തൃതിയുള്ള ഇടയിലെക്കാട് കാവിന്റെ ജൈവസമ്പന്നതയും പാരിസ്ഥിതിക പ്രാധാന്യവും കാവിലേക്ക് പ്ലാസ്റ്റിക് കവറുകള്‍ വലിച്ചെറിയുന്നത് തടയുന്നതിനുമെതിരെയുള്ള ബോധവല്‍ക്കരണവും ഇതോടൊപ്പം നടക്കുകയുണ്ടായി.