ജമ്മുവിനുള്ള നവരാത്രി സമ്മാനമാണ് വന്ദേഭാരത് എക്‌സ്പ്രസെന്ന് പ്രധാനമന്ത്രി

Web Desk
Posted on October 03, 2019, 1:13 pm

ന്യൂഡല്‍ഹി: ഡല്‍ഹി-കത്ര റൂട്ടില്‍ സര്‍വീസ് തുടങ്ങിയ വന്ദേഭാരത് എക്‌സ്പ്രസ് ജമ്മുവിലെ ജനങ്ങള്‍ക്കും വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്കുമുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. യാത്രാസൗകര്യം വര്‍ധിക്കുന്നതോടൊപ്പം ജമ്മുകശ്മീരിലേക്കുള്ള ആത്മീയ സന്ദര്‍ശനത്തിനും ഇത് ഏറെ സഹായിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ന്യൂഡല്‍ഹിയില്‍ ഈ അതിവേഗ ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഈ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേഗത്തിലും സേവനങ്ങളിലും മറ്റും പുത്തന്‍ ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് റയില്‍വേ എന്നും അദ്ദേഹം പറഞ്ഞു.

ട്രെയിന്‍ 18 എന്ന് നേരത്തെ പേരിട്ട വന്ദേ ഭാരത് എക്‌സ്പ്രസ് വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള ഭക്തര്‍ക്ക് ഏറെ അനുഗ്രഹമാകുമെന്ന് ഇന്ത്യന്‍ റയില്‍വേ അധികൃതര്‍ പറഞ്ഞു. ഈ മാസം അഞ്ച് മുതലാണ് വാണിജ്യ സര്‍വീസ് തുടങ്ങുക.

160 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിന്‍ രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. വൈ ഫൈ, ബയോ വാക്വം ടോയ്‌ലറ്റ്, ജിപിഎസ്, സിസിടിവി തുടങ്ങിയവയും ഇതിലുമ്ട്. രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണിത്. നേരത്തെ ഡല്‍ഹി-വാരണസി റൂട്ടില്‍ ഒരെണ്ണം സര്‍വീസ് തുടങ്ങിയിരുന്നു.