11 September 2024, Wednesday
KSFE Galaxy Chits Banner 2

ബെമലിനെ വില്‍ക്കാന്‍ അനുവദിക്കില്ല: കുറഞ്ഞ ചെലവില്‍ വന്ദേഭാരത് ട്രെയിൻ സ്വയം നിര്‍മ്മിച്ച് ജീവനക്കാര്‍

ബി രാജേന്ദ്രകുമാര്‍
പാലക്കാട്
September 4, 2024 10:29 pm

തുച്ഛവിലയ്ക്ക് മോഡി സര്‍ക്കാര്‍ വില്‍ക്കാന്‍ ശ്രമിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡിലെ (ബെമൽ) ജീവനക്കാര്‍ ചുരുങ്ങിയ ചെലവിൽ വന്ദേഭാരത് ട്രെയിൻ നിർമിച്ച് മറുപടി നല്‍കി. ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ സ്വകാര്യ കമ്പനി വന്ദേഭാരത് ട്രെയിൻ നിർമിക്കാൻ ഒരെണ്ണത്തിന് 120 കോടി രൂപ ക്വട്ടേഷന്‍ നല്‍കി.

മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയപ്പോള്‍ വന്ദേഭാരത് നിര്‍മ്മാണം വെല്ലുവിളിയായി സ്വീകരിച്ചാണ് ബെമലിലെ ജീവനക്കാര്‍ മറുപടി നല്‍കിയത്. സ്വകാര്യ കമ്പനി രേഖപ്പെടുത്തിയ തുകയുടെ പകുതി വിലയില്‍, എന്നാല്‍ അതിലേറെ മികച്ച് ഉപകരണങ്ങളും ആധുനിക സംവിധാനങ്ങളും ബലവും ഉള്ള വന്ദേഭാരത് ബെമല്‍ ജീവനക്കാര്‍ പൂര്‍ത്തിയാക്കയപ്പോള്‍ ചെലവ് വെറും 67.5 കോടിയിലെത്തി. കൂടുതല്‍ ഓഡര്‍ ലഭിച്ചാല്‍ ബാംഗ്ലൂരിലേതിനെക്കാള്‍ വിലക്കുറച്ച് വന്ദേഭാരത് ഇറക്കാനാവുമെന്ന് പാലക്കാട്ടെ ബെമല്‍ ജീവനക്കാരും പറയുന്നു. 16 സെന്‍ട്രലൈസ്ഡ് എസി കോച്ചുകളുള്ള വന്ദേഭാരതില്‍ എഞ്ചിൻ ഉൾപ്പെടെ 67.5 കോടി രൂപയാണ് പരീക്ഷണവേളയില്‍ ചെലവ് വന്നെതെങ്കിലും സ്വകാര്യ കമ്പനി 120 കോടിയ്ക്ക് വാഗ്ദാനം ചെയ്തതിനേക്കാളേറെ ആധുനിക സജ്ജീകരണങ്ങളുള്ള ട്രെയിനാണ് നിരത്തിലിറക്കിയത്.

മണിക്കൂറില്‍ 160 മുതൽ 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകും എന്നതും പ്രത്യേകതയാണ്. അല്പം വൈകിയാണെങ്കിലും കേന്ദ്രമന്ത്രിയെത്തി ജീവനക്കാരെ അഭിനന്ദിക്കുകയും 675 കോടി രൂപയ്ക്ക് പത്ത് ട്രെയിൻ സെറ്റ് നിർമിക്കാനുള്ള ഓഡറും നല്‍കുകയുണ്ടായി. 16 കോച്ചുകളുള്ള 80 വന്ദേഭാരത് ട്രെയിനുകള്‍ നിർമിക്കാൻ 9600 കോടി രൂപ സ്വകാര്യ കമ്പനി ആവശ്യപ്പെട്ട സ്ഥാനത്ത് 5300 കോടി രൂപയ്ക്ക് ഇവ നിർമിച്ചു നൽകാനാകുമെന്നും ബെമല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 11 എസി ത്രീ ടയർ കോച്ച്, നാല് എസി ടു ടയർ, ഒരു എസി ഫസ്റ്റ് ക്ലാസ് ബർത്ത് ഉൾപ്പെടെ 823 ബർത്തുകളാ ബാഗ്ലീരില്‍ ഇറങ്ങിയ ട്രയിനിനുള്ളത്. ഏത് തരത്തിലുള്ള കോച്ചും നിർമിക്കാൻ ശേഷിയുള്ള ബെമലിന് കഞ്ചിക്കോട് ഉൾപ്പെടെ രാജ്യത്ത് നാല് നിർമാണ യൂണിറ്റുകളുണ്ട്. അതിൽ ബംഗളൂരു യൂണിറ്റാണ് വന്ദേഭാരത് സ്ലീപ്പർ കോച്ച് നിർമിച്ചത്. മെട്രോ കോച്ച് ഉൾപ്പെടെ നിർമിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമായ ബെമൽ 56,000 കോടി ആസ്തിയുള്ള മിനി നവരത്ന കമ്പനിയാണ്. ഇതിനെ 1800 കോടി രൂപ മാത്രം വിലയിട്ട് വിൽക്കാൻ തീരുമാനിച്ചതിനെതിരെ 1330 ദിവസമായി ജോലി ചെയ്തു തന്നെ ജീവനക്കാർ പ്രതിഷേധിക്കുകയും ചെയ്യ്തു.

വന്ദേഭാരത് ട്രെയിൻ നിർമിച്ച് റെയിൽവേയ്ക്ക് കൈമാറിയതോടെ ബെമലിന്റെ ഓഹരിവില 3600ൽ നിന്ന് 5000 രൂപയായും പിന്നീട് 5500 രൂപയായും ഉയരുകയാണ്. എല്ലാ കോച്ചിലും മോട്ടോറുകൾ ഘടിപ്പിച്ച ആധുനിക സംവിധാനങ്ങളോടെയാണ് കോച്ച് നിർമിച്ചത്. വില്‍ക്കാന്‍ വെച്ച ബെമലിനെ കൂടുതല്‍ കൂടുതല്‍ ലാഭത്തിലെത്തിക്കുകയാണ് ജീവനക്കാരുടെ സമര രീതി. ഇനിയെങ്കിലും ഇവരെ അംഗീകരിക്കണമന്നും വില്‍പ്പനയില്‍ നിന്നും പിന്മാറമെന്നും കേന്ദ്ര സര്‍ക്കാരിനോട് ബെമലിലെ ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.