October 3, 2022 Monday

വന്ദേമാതരവും ജനഗണമനയും

ദിവാകരന്‍ ചോമ്പാല
August 10, 2022 5:15 am

ഇന്ത്യയുടെ ത്രിവർണപതാക ഓഗസ്റ്റ് 13നും 15 നുമിടയിൽ രാജ്യവ്യാപകമായി ഓരോ വീടുകളിലും ഉയരാൻപോകുകയാണ്. എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് 1947 ഓഗസ്റ്റ് 15ന് ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ അഭിമാനപൂർവമായ ഓർമ്മപ്പെടുത്തലെന്ന നിലയിൽ ഈ സംരംഭത്തെ സ്വാഗതാർഹം എന്നതിലുപരി അഭിമാനകരം എന്നേ ഓരോ ഭാരതീയനും പറയാൻ തോന്നു. ദേശസ്നേഹത്തിന്റെ പ്രതിഫലനത്തോളം തന്നെ ദേശീയ പ്രാധാന്യമേറെയുള്ളതും രാജ്യത്തെ പ്രതിനിധീകരിക്കുന്നതുമായ ദേശീയഗാനത്തെക്കുറിച്ചും ദേശീയ ഗീതത്തെക്കുറിച്ചും അറിയേണ്ടതും അറിയാതെപോയതുമായ ചില സുപ്രധാനകാര്യങ്ങളും ഏറെയുണ്ട്.
ഗാന്ധിജി മഹാത്മാ എന്ന് വിശേഷിപ്പിച്ച ഭാരതീയനായ ഒരു മഹത്‌വ്യക്തിത്വം നമ്മുടെ രാജ്യത്തുണ്ടായിരുന്നു. ‘ശക്തിമന്ത്രം’ എന്ന് മഹാത്മാഗാന്ധി വിശേഷണം നൽകിയ ഇന്ത്യൻ ദേശീയ ഗാനമായ ജനഗണമനയുടെ രചയിതാവ് രവീന്ദ്രനാഥടാഗോർ ആയിരുന്നു ഇന്ത്യയുടെ അഭിമാനമായ ആ ആദരണീയൻ. ഗീതാഞ്ജലി എന്ന കൃതിയിലൂടെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരനും സാംസ്കാരിക നായകനുമായ രവീന്ദ്രനാഥടാഗോർ, ബംഗാളി ഭാഷയിൽ രചിച്ച് തത്വബോധി പത്രത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച ‘ഭാരത ഭാഗ്യവിധാത ’ എന്ന കവിതയിൽ നിന്നും എടുത്തിട്ടുള്ളതാണ് ജനഗണമന.


ഇതുകൂടി വായിക്കൂ: മനുഷ്യത്വമാണ് ഇന്ത്യ ഭരിക്കേണ്ടത്


1911 ഡിസംബർ 27ന് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്താ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിലാണ് ടാഗോറിന്റെ ബന്ധുകൂടിയായ സരളാദേവി ചൗതു റാണി എന്ന വനിത ആദ്യമായി ജനഗണമന ആലപിച്ചത്. അതിനു മുൻപുള്ള കാലങ്ങളിലും സന്ദർഭങ്ങളിലുമെല്ലാം സമരവേദികളിലും സമ്മേളനങ്ങളിലുമെല്ലാം വന്ദേമാതരം എന്ന ദേശഭക്തി ഗീതം ആയിരുന്നു ആലപിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടന്ന സന്യാസി കലാപത്തെ ആസ്പദമാക്കി ബങ്കിംചന്ദ്ര ചതോപാധ്യായ എഴുതിയ ആനന്ദമഠം എന്ന നോവലിൽ നിന്നുള്ള കവിതാശകലമാണ് വന്ദേമാതരം എന്ന ദേശീയഗീതം.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വിരൽ ചൂണ്ടുന്നതരത്തിലുള്ള കൃതിയാണിതെന്ന പേരിൽ ബ്രിട്ടീഷുകാർ ഈ നോവൽ നിരോധിക്കുകയുണ്ടായി. സ്വാതന്ത്ര്യാനന്തരമാണ് നിരോധനം നീക്കിയത്. വന്ദേമാതരത്തിന് ബംഗാളി ഭാഷയിൽ ദേശ് രാഗത്തിൽ സംഗീതം നൽകി ചിട്ടപ്പെടുത്തിയത് ജാദുനാഥ് ഭട്ടാചാര്യയാണ്. ഇഗ്ലീഷിലേക്ക് തർജ്ജിമ ചെയ്തത് അരവിന്ദഘോഷ് ആയിരുന്നു.
1896ൽ കൊൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് രവീന്ദ്രനാഥടാഗോർ ആദ്യമായി വന്ദേമാതരം ആലപിച്ചത്. രണ്ടാമത് ആലപിച്ചതും കൊൽക്കത്തയില്‍ തന്നെ. 1901ൽ. ഭാരത ഭാഗ്യവിധാതാ എന്ന പേരിലറിയപ്പട്ടിരുന്ന ജനഗണമനയാണ് ഇന്ത്യയുടെ ദേശീയ ഗാനമായിപരിണമിച്ചത്. ജനഗണമന ശങ്കരാഭരണ രാഗത്തിൽ ചിട്ടപ്പെടുത്തിയത് ക്യാപ്റ്റൻ രാംസിങ് ഠാക്കൂർ എന്ന സംഗീതജ്ഞൻ. ബംഗാളി ഭാഷയിലുള്ള ഈ ഗാനം ഹിന്ദിയിലും ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തിയത് രവീന്ദ്രനാഥടാഗോർ തന്നെയാണ്.
ജനഗണമനയെ മോർണിങ് സോങ് ഓഫ് ഇന്ത്യ എന്ന പേരിൽ ടാഗോർ തന്നെ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയപ്പോൾ മുഖ്യസഹകാരിയെപ്പോലെ മാർഗരറ്റ് കസിൻ എന്ന വനിതയുടെ കൂട്ടായ്മയും ഒപ്പം നിന്നു. ഹിന്ദിയിലും ഉറുദുവിലും ജനഗണമന പരിഭാഷപ്പെടുത്തിയതാവട്ടെ ആബിദ് അലിയും.


ഇതുകൂടി വായിക്കൂ: കവിതയുടെ സംഘഗാനം


ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ ഗാനം ഇന്ത്യൻ ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു.
ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി ജനഗണമന ആലപിച്ചത് 1950 ജനുവരി 24നാണ്. അന്നേ ദിവസംതന്നെയാണ് ജനഗണമന ഇന്ത്യൻ ദേശീയഗാനമായി അംഗീകരിച്ചതായി പ്രഖ്യാപനമുണ്ടായതും. രാജ്യം പരമോന്നത റിപ്പബ്ലിക്കാവുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു ഈ മഹാസംഭവം നടന്നത്.
വന്ദേമാതരത്തെ ദേശീയഗീതമായും ജനഗണമനയെ ദേശീയഗാനമായും 1950 ജനുവരി 24 ന് ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പ്രത്യേകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള ഏതൊരു സാഹചര്യത്തിലും ദേശീയഗാനം ആലപിക്കാം.
ദേശീയഗാനാലാപനം നടക്കുമ്പോൾ ശ്രോതാക്കൾ ബഹുമാനപുരസരം എഴുന്നേറ്റ് നിൽക്കേണ്ടതാണ്. ജനഗണമന ആലപിക്കേണ്ട ഔദ്യോഗിക സമയം 52 സെക്കന്‍ഡാണെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ, തുടക്കത്തിലും അവസാനത്തിലുമുള്ള രണ്ടുവരികൾ പാടി അവസാനിപ്പിക്കാവുന്നതുമാണ്.
വിജയം എന്ന അർത്ഥത്തിൽ ജയ എന്ന വാക്ക് ദേശീയഗാനത്തിൽ 10 തവണ ഉപയോഗിക്കുന്നുണ്ട്. ജനഗണമനയുടെ സാരാംശം ചുരുക്കത്തിലിങ്ങനെയാണ്; ‘സർവജനങ്ങളുടെയും മനസിന്റെ അധിപനും നായകനുമായവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവൻ അവിടുന്നു ജയിച്ചാലും.


ഇതുകൂടി വായിക്കൂ: കരയുന്നോ സഭ ചിരിക്കുന്നോ


പഞ്ചാബ്, സിന്ധ്. ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം ഒഡിസ, ബംഗാൾ എന്നീ പ്രദേശങ്ങളിലും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും യമുന, ഗംഗ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടുത്തെ ശുഭനാമം കേട്ടുണരുന്നു. അവിടുത്തെ ശുഭാശിസുകൾ പ്രാർത്ഥിക്കുന്നു, അവിടുത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ വിജയിച്ചാലും… വിജയിച്ചാലും… വിജയിച്ചാലും’. ‘സാരേ ജഹാംസെ അഛാ’- എന്നുതുടങ്ങുന്ന ഇക്ബാലിന്റെ കൃതിയും ആത്മാഭിമാനത്തോടെതന്നെയാണ് ഭാരതീയർ കാതോർക്കുന്നത്.
വഞ്ചിപ്പാട്ട് രാഗത്തിൽ വള്ളത്തോൾ രചിച്ച ‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ…’ മലയാളികൾ നെഞ്ചിലേറ്റിയ ദേശഭക്തി ഗാനങ്ങളിൽ എന്നും മുൻനിരയിൽ. ‘വരിക വരിക സഹജരെ കരളുറച്ച് കൈകൾ കോർത്ത് കാൽനടയ്ക്ക് പോക നാം, എന്ന അംശി നാരായണ പിള്ളയുടെ കവിത, കാലമേറെ കടന്നുപോയെങ്കിലും തലമുറകൾ കൈമാറിയ ഈരടികളാണ്.
ഭാരതമെന്നാൽ പാരിന്‍നടുവില്‍ കേവലമൊരുപിടി മണ്ണല്ല എന്ന് ഓർമ്മപ്പെടുത്തുക മാത്രമല്ല, ‘ഭാരതമെന്ന പേര്‍ കേട്ടാൽ അഭിമാനപൂരിതമാകണം അന്തഃരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’. കാല്പനികതയിൽ പൊതിഞ്ഞ, രാജ്യസ്നേഹം വിളംബരം ചെയ്യുന്ന എത്രയോ വരികൾ വേറെയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.