Web Desk

ദുബായ്

June 07, 2020, 3:32 pm

ലക്ഷ്യം കാണാതെ വന്ദേഭാരത് മിഷന്‍: കേന്ദ്രസര്‍ക്കാരിന്റെ അശാസ്ത്രീയമായ ദൗത്യം പ്രവാസികളെ ദുരിതത്തിലാക്കുന്നു

Janayugom Online

 

 

ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെ എങ്ങനെയെങ്കിലും സ്വന്തം നാടണയാനുള്ള തത്രപ്പാടിലാണ് പ്രവാസികള്‍. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ വന്ദേഭാരത് ദൗത്യവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.

കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിലൂടെ രണ്ട് ഘട്ടങ്ങളിലായി 1,07123 പേരെ തിരികെ എത്തിച്ചതായാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. രജിസ്റ്റര്‍ ചെയ്തതിന്റെ 41ശതമാനം മാത്രമാണിത്. മൂന്നാംഘട്ടത്തില്‍ 38,000 പേരെ തിരികെ എത്തിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. വന്ദേശഭാരത് ദൗത്യത്തിലൂടെ നാട്ടിലേക്ക് തിരികെ എത്താനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമാകട്ടെ 3,48,565 ഉം. പദ്ധതിയുടെ നാലാംഘട്ടത്തെക്കുറിച്ച് കേന്ദ്രം തികഞ്ഞ മൗനം പുലര്‍ത്തുകയുമാണ്. രജിസ്റ്റര്‍ ചെയ്ത് എംബസിയില്‍ നിന്ന് വിളിയും കാത്തിരിക്കുകയാണ് പ്രവാസികളില്‍ പലരും. അടിയന്തരാവശ്യം അറിയിച്ചിട്ട് പോലും തങ്ങളെ പരിഗണിച്ചിട്ടില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഇവരില്‍ ഏറെയും മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്.

പല കമ്പനികളും ജീവനക്കാരെ മടക്കി അയക്കാന്‍ തീരുമാനിച്ച് കഴിഞ്ഞു. ചില കമ്പനികളും സംഘടനകളും ഇവര്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങളും ഒരുക്കിയിട്ടുമുണ്ട്. എന്നാല്‍ ഇവയും അനുമതി കാത്ത് കിടക്കുകയാണ്. ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നതല്ലാതെ യാതൊരു നടപടിയും കൈക്കൊള്ളുന്നുമില്ല. ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരാത്തതിന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തന്നെ രംഗത്തെത്തിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്ന് രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലെത്തി.

ഗള്‍ഫ് രാജ്യങ്ങളിലെ പല പ്രവാസികളും വലിയ ദുരിതത്തിലാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പ്രായമായവരും രോഗികളുമായവരെ ആദ്യഘട്ടത്തില്‍ തന്നെ പട്ടാള ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്ക് ഇവിടെ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുകയും ആവശ്യമായ മരുന്നും വൈദ്യസഹായവും ഭക്ഷണവും എത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വലിയൊരു വിഭാഗം പേര്‍ ജോലിയും ഭക്ഷണവും പോലും ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ്. ലേബര്‍ ക്യാമ്പുകളിലും മറ്റും കഴിയുന്ന ഇവരുടെ ഇടയില്‍ രോഗവ്യാപനമുണ്ടെന്നതും കനത്ത ആശങ്ക സൃഷ്ടിക്കുണ്ട്.

സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒഴിവാക്കുമെന്ന സൂചനകള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ തന്നെ പലരും മടങ്ങിയെത്തുന്നവര്‍ക്കായി വീടുകളില്‍ മതിയായ സൗകര്യങ്ങളും ഒരുക്കാന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രായമായവരെയും കുട്ടികളെയും ബന്ധുവീടുകളിലേക്ക് മാറ്റുക പോലും ചെയ്തു. മാസങ്ങളായി ആരെയും കാണാനാകാതെയും പുറത്തിറങ്ങാനാകാതെയും ഒറ്റപ്പെട്ടുപോയവരും പ്രവാസികളുടെ കൂട്ടത്തിലുണ്ട്. ഫോണിലേക്ക് എത്തുന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ ഇവരില്‍ കനത്ത മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. ഒപ്പമുണ്ടായിരുന്നവരില്‍ പലരും മരുഭൂമിയില്‍ കുഴിച്ച് മൂടപ്പെട്ടതും ഇവരില്‍ വന്‍ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മാതാപിതാക്കളെയും ഭാര്യയെയും പൊന്നുമക്കളെയും കാണാനാകാതെ ഈ ലോകം വിട്ട് പോകേണ്ടി വരുമോയെന്ന ആശങ്കയും ഇവരുടെ ഉറക്കം കെടുത്തുന്നു. ജനിച്ച് വളര്‍ന്ന നാട്ടില്‍ ആറടി മണ്ണിനുള്ള അവകാശം പോലും ഇല്ലാതെ വരുമെന്ന ചിന്തയും ഇവരില്‍ ഉടലെടുത്തിരിക്കുന്നു.

നടപടി കൈക്കൊള്ളാനെടുക്കുന്ന ഓരോ നിമിഷവും ഇവരുടെ ശാരീരിക‑മാനസികാരോഗ്യം നമ്മള്‍ കവര്‍ന്നെടുക്കുക കൂടിയാണ്. ഇനിയെന്ത് എന്ന വലിയൊരു ചോദ്യം ഉയരുമ്പോഴും സ്വന്തം സര്‍ക്കാരില്‍ എല്ലാ വിശ്വാസവും അര്‍പ്പിച്ച് കാത്തിരിക്കുകയാണിവര്‍-തങ്ങളുമായി ഈ വിമാനം പിറന്ന മണ്ണില്‍ തൊടുന്ന നിമിഷത്തിനായി. സ്വന്തം യൗവ്വനവും ആരോഗ്യവും കളഞ്ഞ് മരുഭൂമിയിലെ സ്വന്തം നാടിന് പകര്‍ന്ന തണല്‍ വെറുതെ ആകില്ലെന്ന് ഇവര്‍ സ്വയം ആശ്വസിക്കുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ക്കപ്പുറം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ഈ ഘട്ടത്തില്‍ സര്‍ക്കാരുകളില്‍ നിന്ന് ഉണ്ടാകേണ്ടത്.

Eng­lish Sum­ma­ry: vand­heb­harath mis­sion is unsientific