Saturday
16 Feb 2019

വാന്‍ഗോഗ്

By: Web Desk | Sunday 10 February 2019 5:20 PM IST

കെ വി സുമിത്ര

ഒരു പോറല്‍
പോലുമേല്പിക്കാതെയല്ലേ
നീ വയല്‍ചില്ലയിലെ
സംഗീതമൊക്കെയും
കോരിയെടുത്തത്..
സൂര്യകാന്തിപ്പൂക്കളുടെ
ഉറച്ച നിശ്വാസം
വാന്‍ഗോഗ്,
അതായിരുന്നുവല്ലോ
നിന്റെ ശ്വാസവും.

പ്രണയം കടുപ്പിച്ച
നിറമെഴുത്തുകള്‍
പ്രണയത്താല്‍ മൂര്‍ഛിച്ച
പ്രാണപിടച്ചിലുകള്‍
പ്രണയം ക്ഷോഭിച്ച
വരഗീതങ്ങള്‍

ഭ്രാന്തടുപ്പിച്ചൊടുക്കം
കാതില്‍ നിറയും
പ്രണയത്തെ തന്നെ
തിരികേ നല്‍കി.
മറ്റൊന്നുമില്ല
കാതും കാമിനിയും
കടല്‍ പോലെയൊഴുകും
പ്രണയതുരുത്തില്‍.

കാതും മുറിച്ചു
കൊടുക്കുമ്പോള്‍
വേദനയല്ലല്ലോ
അഹങ്കാരമായിരുന്നില്ലേ
നിനക്ക്.
ഒടുക്കത്തെയൊടുങ്ങാത്ത
ഊര്‍ജ്ജമല്ലേ !!

വാന്‍ഗോഗ്,
നിന്റെ നീണ്ട നാസികയും
ചപ്രതലമുടിയും
കൂര്‍ത്തകണ്ണുകളോളം
വിരിഞ്ഞുനില്‍ക്കുന്നില്ല.

പ്രണയമെന്നാല്‍
പ്രപഞ്ചം നിനക്ക്.
തുറന്ന ക്യാന്‍വാസിലെ
അലമാര പോലെ……
ഇടയ്ക്കിടെ വിടര്‍ത്തിയും
മലര്‍ത്തിയും.
ഉള്ളിലേക്ക് നോക്കും
നീ,
പിന്നെ തിരിച്ചടയ്ക്കും.
അവളെ ചിലപ്പോള്‍
ഉള്ളില്‍ പൂട്ടും.

വാന്‍ഗോഗ്,
അറിയുന്നു ചില
ഗന്ധക ഭാഷകള്‍
ഹൃദയാകൃതിയില്‍ തീര്‍ത്ത
ക്യാന്‍വാസ് ലിപികള്‍.
അറിയുന്നു,
ചിലതരം തരിപ്പുകള്‍
ചില നേരത്ത് മാത്രം
മണക്കുന്ന
വരയോര്‍മകള്‍..