വനിതാ പൊലീസിനെ മര്‍ദിച്ച സംഭവം; 5 ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Web Desk
Posted on January 03, 2019, 10:18 am

പറവൂര്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വടക്കേക്കര സ്റ്റേഷന്‍ പരിധിയിയിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥ പിഎന്‍ ഷീജയ്ക്കാണ് ഇന്നലെ മര്‍ദനമേറ്റത്. സംഭവത്തിൽ  കൊടുങ്ങല്ലൂര്‍ സ്വദേശികളായ പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് സൂചന.

മൂത്തകുന്നം കവലയില്‍ ഇന്നലെ വൈകിട്ടാണ് ഈ അക്രമം അരങ്ങേറിയത്. കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിനായിരുന്നു മര്‍ദ്ദനം. മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി കരണത്ത് അടിക്കുകയും റോഡില്‍ തള്ളിയിടുകയുമായിരുന്നു.ഈ സമയത്തു തന്നെ അപ്രതീക്ഷിതമായി അതുവഴി വന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരനായ ഷീജയുടെ ഭര്‍ത്താവിനും മര്‍ദനമേറ്റു.

കൊടുങ്ങല്ലൂരില്‍ നിന്നെത്തിയ 10 പേരടങ്ങിയ സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവര്‍‌ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.