പുരോഗമന മതേതര ജനാധിപത്യ ശക്തികൾക്ക് കരുത്തുപകരുക : വനിതകലാസാഹിതി

Web Desk
Posted on March 14, 2019, 2:47 pm

കൊച്ചി : ഭരണഘടനയും ജനാധിപത്യവും പൗരാവകാശങ്ങളും വെല്ലുവിളിക്കുന്ന മത-വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളിൽനിന്നു രാജ്യത്തെ ജനങ്ങളെ രക്ഷിക്കുന്നതിന് പുരോഗമന മതേതര ജനാധിപത്യ ശക്തികളോടൊപ്പം എല്ലാവിഭാഗം ജനങ്ങളും, പ്രത്യേകിച്ച് ജനങ്ങളിൽ ഭൂരിപക്ഷം വരുന്ന സ്ത്രീകൾ രംഗത്തിറങ്ങണമെന്ന് യുവകലാസാഹിതി- വനിതാകലാസാഹിതി സംസ്‌ഥാന കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. യോഗത്തിൽ സംസ്‌ഥാന പ്രസിഡന്റ് ലില്ലി തോമസ് പാലോക്കാരൻ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്‌ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ  മുഖ്യപ്രഭാഷണം നടത്തി.

വനിതകലാസാഹിതി സംസ്‌ഥാന സെക്രട്ടറി ശാരദാമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം.സതീശൻ വനിതകലാസാഹിതി ഭാരവാഹികളായ ഷീലാ രാഹുലൻ, പി.ഉഷാകുമാരി,ഗീതാ പുഷ്ക്കരൻ, അഡ്വ.ആശാ ഉണ്ണിത്താൻ, ഡോ.സി.കെ.രത്നകുമാരി, ശാലിനി പടിയത്ത്‌, വി ആർ പ്രഭ ‚ലൈലമ്മ ഫ്രാൻസിസ് , എസ് കെ ശ്രീലേഖ ‚സി എസ് അജിത , പി ആർ രജനി , യുവകലാസാഹിതി ജില്ലാഭാരവാഹികളായ കെ.എ.സുധി, പ്രൊഫ.ജോർജ് ഐസക്‌ തുങ്ങിയവർ സംസാരിച്ചു.

യുവകലാസാഹിതി യു.എ.ഇ ഘടകം പ്രസിദ്ധീകരിച്ച ” ഗാഫ്‌ ” എന്ന വാർഷികപ്പതിപ്പിന്റെ കോപ്പി ഷീലാ രാഹുലന് നൽകി ആലംകോട് ലീലാകൃഷ്ണൻ  പ്രകാശനം ചെയ്തു. യൂ.എ.ഇ വനിതകലാസാഹിതി സെക്രട്ടറി ശ്രീലത അജിത് വർമ്മ ആശംസ പ്രസംഗം നടത്തി. സംസ്‌ഥാന വനിതാ ക്യാമ്പ്‌ മെയ് മാസത്തിൽ തേക്കടിയിൽ നടത്താനും ജില്ലകളിൽ പ്രവർത്തക സമ്മേളനങ്ങൾ ചേരാനും തീരുമാനിച്ചു. കുമാരനാശാന്റെ “ചിന്താവിഷ്ടയായ സീത ” എന്ന കവിതയുടെ നൂറാം വാർഷികം സംസ്‌ഥാന വ്യാപകമായി ആഘോഷിക്കുവാൻ തീരുമാനിച്ചു.