വനമഹോത്സവത്തിന് തുടക്കമായി

Web Desk

മണ്ണുത്തി

Posted on July 02, 2020, 9:59 pm

വനമഹോത്സവം- 2020 സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വനം മന്ത്രി അഡ്വ. കെ രാജു നിര്‍വഹിച്ചു. പാര്‍ക്കില്‍ ലാന്‍ഡ്സ്‌കേപ്പ് വൃക്ഷവത്കരണത്തിന്റെയും അതിജീവന വനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 136 ഹെക്ടറില്‍ ഒമ്പത് മേഖലകളാക്കി തിരിച്ച് 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സുവോളജിക്കല്‍ പാര്‍ക്കിനെ ഒമ്പത് വ്യത്യസ്ത മേഖലകളാക്കി തിരിച്ച് ഓരോ മേഖലയ്ക്കും അനുയോജ്യമായ വനവൃക്ഷങ്ങള്‍, മുളകള്‍, പനകള്‍, പൂമരങ്ങള്‍, ചെടികള്‍, വള്ളികള്‍, ചെറുസസ്യങ്ങള്‍, ജലസസ്യങ്ങള്‍ ഉള്‍പ്പെടെയാണ് പത്ത് ലക്ഷത്തോളം തൈകള്‍ വെച്ചുപിടിപ്പിക്കുക.

പാര്‍ക്കിലെ കൂടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം മന്ത്രി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ ഈ വര്‍ഷം ഡിസംബറോടെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ അധ്യക്ഷത വഹിച്ചു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഇ എ ഓമന, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ കെ ജെ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

ENGLISH SUMMARY:vanolsavam start­ed
You may also like this video