വലന്റീന തെരസ്‌കോവ

Web Desk
Posted on March 05, 2018, 1:45 am

1937 മാര്‍ച്ച് ആറിനാണ് വലന്റീന തെരസ്‌കോവ ജനിച്ചത്. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാണ്. 1963 ജൂണ്‍ 16നായിരുന്നു ബഹിരാകാശ യാത്ര.
മധ്യ റഷ്യയിലെ മസലെനിക്കോവ് എന്ന ഗ്രാമത്തിലാണ് തെരസ്‌കോവ ജനിച്ചത്. തെരസ്‌കോവയുടെ അച്ഛന്‍ ട്രാക്ടര്‍ ഡ്രൈവറായിരുന്നു. അമ്മ തുണിമില്ലില്‍ ജോലി ചെയ്തിരുന്നു. എട്ടു വയസുള്ളപ്പോള്‍ തെരസ്‌കോവ സ്‌കൂളില്‍ ചേര്‍ന്നു. 16 വയസുള്ളപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു. പിന്നീട് വിദൂര വിദ്യാഭ്യാസം വഴി പഠനം തുടര്‍ന്നു.
പാരച്യൂട്ടുപയോഗത്തിലും സ്‌കൈഡൈവിങ്ങിലും തെരസ്‌കോവ വൈദഗ്ധ്യം നേടി. തുണിമില്ലില്‍ ജോലി ചെയ്യുന്ന അവസരത്തിലാണ് ഇവയില്‍ പരിശീലനം നേടിയത്. 1961 ല്‍ യൂറി ഗഗാറിന്‍ ആദ്യമായി ബഹിരാകാശത്തേക്ക് പോയതിനു ശേഷം ഒരു വനിതയെ ബഹിരാകാശത്തേക്കയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. 400 അപേക്ഷകരില്‍ അഞ്ച് പേരെ തെരഞ്ഞെടുത്തു. അതില്‍ തെരസ്‌കോവയുമുണ്ടായിരുന്നു. 1963 മെയ് 23ന് നടന്ന യോഗത്തില്‍ ബഹിരാകാശത്തേക്കയയ്ക്കുന്നത് തെരസ്‌കോവയാണെന്ന് തീരുമാനിച്ചു. നികിത ക്രൂഷ്‌ച്ചേവ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. 1963 ജൂണ്‍ 16ന് വോസ്‌ക് 6 ല്‍ ബഹിരാകാശ യാത്ര നടത്തി ചരിത്രം സൃഷ്ടിച്ചു. മൂന്നു ദിവസം ബഹിരാകാശത്ത് ചെലവഴിച്ച തെരസ്‌കോവ് ഭൂമിയെ 48 പ്രാവശ്യം വലംവച്ചു. യാത്രയ്ക്ക് ശേഷം എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് കോസ്മനോട്ട് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. 1977 ല്‍ പിഎച്ച്ഡിയും നേടി. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായിരുന്ന തെരസ്‌കോവ 1963 നവംബര്‍ മൂന്നിന് ആന്‍ഡിയന്‍ നികോലലാവിനെ വിവാഹം കഴിച്ചു. 1964 ല്‍ മകള്‍ ജനിച്ചു. 1982 ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. രണ്ടാമത് വിവാഹം കഴിച്ച യൂലിണി ഷാപോഷിനിക്കോവ് 1999 ല്‍ അന്തരിച്ചു.
കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിനുത്തരം

മേരി ക്യൂറിയാണ് രണ്ട് വ്യത്യസ്ത മേഖലകളില്‍ നൊബേല്‍ സമ്മാനം ലഭിച്ച മറ്റൊരു വ്യക്തി. 1903 ല്‍ ഭൗതികത്തിലും 1911 ല്‍ രസതന്ത്രത്തിലും നൊബേല്‍ സമ്മാനം നേടി.

ഈ ലക്കത്തിലെ ചോദ്യം

ബഹിരാകാശത്തേക്ക് പോയ രണ്ടാമത്തെ വനിതയാര്?

ലോകവനിതാ ദിനമായ മാര്‍ച്ച് 8ന് തെരസ്‌കോവയെപ്പോലെ നേട്ടം കൈവരിച്ച വനിതകളെക്കുറിച്ച് പോസ്റ്റര്‍ പ്രദര്‍ശനം നടത്താം.