ലോകത്തെ ഏറ്റവും സുന്ദരമായ സുപ്രഭാതം വിടരുന്നത് എവിടെയാണെന്ന് ചോദിച്ചാല്‍ ദേവിക പറയും അത് ഗംഗയിലെ സൂര്യോദയമാണെന്ന്. പ്രത്യേകിച്ചും കാശി എന്ന വാരാണസിയിലെന്ന്. സൂര്യന്‍ ഒരു പൊന്‍താഴികക്കുടം പോലെ ഗംഗയുടെ കിഴക്കന്‍ വാതില്‍ ഉയരുമ്പോള്‍ കാശി വിശ്വനാഥന്റെ മഹാക്ഷേത്രത്തില്‍ നിന്ന് പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ സാന്ദ്രനാദത്തോടെ ഉയരും. ‘ഗംഗാതരംഗ രമണീയ ജടാകലാപം, ഗൗരീനിരന്തരവിഭൂഷിതവാമഭാഗം, വാരാണസി പുരപതിം ഭജവിശ്വനാഥം..’ ഗംഗയുടെ ചിറ്റോളങ്ങള്‍ തഴുകുന്ന കല്പടവുകളില്‍ നിന്ന് ഭക്തസഹസ്രങ്ങള്‍ ആദിത്യമന്ത്രം ചൊല്ലി സൂര്യഭഗവാനെ വണങ്ങി വരവേല്‍ക്കുന്ന ദൃശ്യം ഒരുപക്ഷേ കാശിയുടെ മാത്രം സവിശേഷതയാകാം.
നിരീശ്വരവാദികളും യുക്തിവാദികളുമായ യാത്രികര്‍ വാരാണസിയിലെ സൂര്യോദയത്തിന്റെ അഭൗമഭംഗി ആസ്വദിച്ച് ഏതോ ഒരു മാസ്മരിക ലോകത്തെത്തിയപോലെ. സൂര്യനുണരും മുമ്പുതന്നെ ഉണരുന്ന വാരാണസിയിലെ മനുഷ്യര്‍. ഭക്തിയെ ചൂഷണം ചെയ്തു സമ്പന്നരാകുന്ന ഒരു കൂട്ടമുണ്ടെങ്കിലും ഈ തീര്‍ത്ഥാടനഭൂമിയിലെ ജനങ്ങളിലേറെയും ദരിദ്രരാണ്. കൊച്ചുകര്‍ഷകരും കര്‍ഷകതൊഴിലാളികളും റിക്ഷാ തൊഴിലാളികളും പച്ചക്കറി കച്ചവടക്കാരുമായ പാവങ്ങളും. ഒരു നേരത്തെ ആഹാരം പോലും ഒരാഡംബരമായ നിസ്വര്‍. നേരംപുലരും മുമ്പുതന്നെ ഉണര്‍ന്ന് തെരുവുകളിലിറങ്ങുന്ന കുട്ടികള്‍ ഏറെയുള്ളതും ഇവിടെയാകാം. പ്രഭാത വിശ്വനാഥ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കു മുന്നില്‍ കെെനീട്ടുന്ന ഭിക്ഷാംദേഹികളായ പെെതലുകള്‍.
ചിലര്‍ നിരത്തുകളില്‍ പഴയ സെെക്കിള്‍ ടയറുകള്‍ ഉരുട്ടിക്കളിക്കുന്നതു കാണാം. ഇന്ത്യന്‍ കനവുകളില്‍ ഇടമില്ലാത്ത ദെെന്യജന്‍മങ്ങള്‍, എങ്കിലും അവരുടെ കണ്ണുകളില്‍ സ്വപ്നങ്ങളുടെ പ്രകാശം. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോഡിയെ ലോക്‌സഭയിലേക്കു തെരഞ്ഞെടുത്ത വാരാണസി. കഴിഞ്ഞ ദിവസം ഇവിടെ റോഡില്‍ കളിച്ചുകൊണ്ടിരുന്ന ഒരു എട്ടുവയസുകാരന്‍ വെടിയേറ്റു വീണു. നിമിഷങ്ങള്‍ക്കുള്ളില്‍ പിടഞ്ഞുമരിച്ചു. മോഡിയുടെ കയ്യാളായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൊലീസ് വെടിയുണ്ടകള്‍ക്കിരയാക്കിയ ആ പെെതലിന്റെ ജീവനറ്റ കണ്ണുകളില്‍ രോഷമായിരുന്നോ, പ്രത്യാശയായിരുന്നോ തിളങ്ങി നിന്നതെന്നറിയില്ല. വാരാണസിയില്‍ പിടഞ്ഞുമരിച്ച ആ കുരുന്നിന് പൗരത്വനിയമം എന്തെന്നറിയില്ലായിരുന്നു.
ടയര്‍ ഉരുട്ടിക്കളിച്ചുകൊണ്ടിരുന്ന ആഹ്ലാദത്തിന്റെ ലോകത്തുനിന്നും അവന്‍ പറന്നകന്നത് പൗരത്വമില്ലാത്ത, കളിക്കാന്‍ പഴയ സെെക്കിള്‍ ടയറുകളില്ലാത്ത ഏതോ അജ്ഞാതലോകത്തേക്ക്… മോഡിയുടെയും അമിത്ഷായുടെയും തീയുണ്ടകള്‍ ജീവനെടുത്ത ആ സ്വപ്നക്കുരുന്നിന്റെ ദാരുണാന്ത്യത്തിന്റെ വാര്‍ത്തയോടൊപ്പം ഹൃദയത്തിലേയ്ക്ക് വന്നലച്ചത് കവി മധുസൂദനന്‍ നായരുടെ വരികള്‍; ‘ഓരോ ശിശു രോദനത്തിലും കേള്‍പ്പു നാം ഒരു കോടി ഈശ്വരവിലാപം. വാരാണസിയില്‍ നിന്നും വിശ്വനാഥ വിലാപം ഉയരുന്നുവോ. അപ്പോഴും രാഷ്ട്രഹൃദയം മന്ത്രിക്കുന്നു. ‘ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നു, ഉയരുന്നു അവര്‍ രണാങ്കണങ്ങളില്‍ പൊരുതുന്നു.’ ചോരച്ചാലുകള്‍ നീന്തിക്കയറിയ ഭാരതത്തിന്റെ ചരിത്രവും ഹിന്ദുവിന്റെ മതേതര മനസും അറിയാതെ പോയ മോഡിയും അമിത്ഷായും കാലത്തോടും ചരിത്രത്തോടും ഒരു അപരാജിത ജനതയോടും കണക്കുപറയാനുള്ള നാളുകള്‍ എണ്ണിത്തുടങ്ങിയിരിക്കുന്നു. ജനശബ്ദത്തെ മൗനത്തിന്റെ വല്മീകമണിയിക്കാന്‍ എന്തെല്ലാം ഉരുണ്ടുകളികളും ചെപ്പടിവിദ്യകളുമാണ് അവര്‍ നടത്തുന്നത്.
പ്രതിഷേധിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം എടുത്തുകളയുന്നു. രാജ്യത്തെയാകെ നിശാനിയമത്തില്‍ കരിങ്കമ്പിളി പുതപ്പിക്കുന്നു. മൊബെെല്‍ ഫോണുകളും ഇന്റര്‍നെറ്റും നിശബ്ദമാക്കുന്നു. ഇന്ത്യയുടെ തെരുവീഥികളും ഇടനാഴികളും ചോരപ്പുഴകളാക്കുന്നു. ഭരണഘടനയും ക്രിമിനല്‍ നടപടിച്ചട്ടങ്ങളും ശിക്ഷാനിയമങ്ങളും നോക്കുകുത്തികളാക്കി രാജ്യത്തെ ഒരു തടവറയാക്കുന്നു. അപ്രഖ്യാപിതമായ മാധ്യമമാരണ നിയമങ്ങള്‍ പല വേഷത്തിലും എടുത്തു പ്രയോഗിക്കുന്നു. ദേശദ്രോഹ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു. മാധ്യമങ്ങളെ മൂക്കുനുള്ളി ഭക്ഷിച്ചുകളയുമെന്ന പുത്തന്‍ തിട്ടൂരവും കോടികള്‍ മുടക്കി പരസ്യങ്ങളായി പുറപ്പെടുവിക്കുന്നു. ദേശദ്രോഹം നിര്‍വചിക്കേണ്ടത് ഇന്ത്യന്‍ ജനതയാണെന്നു പോലുമറിയാത്ത രംഗ‑ബില്ലമാര്‍! ഭീഷണികൊണ്ട് വാക്കുകളും അക്ഷരങ്ങളും ശബ്ദവും അരിഞ്ഞുവീഴ്ത്താമെന്നു കരുതുന്നവരെ ഏഭ്യന്മാരെന്നു വിളിച്ചാല്‍ ഒറിജിനല്‍ ഏഭ്യന്മാര്‍ പോലും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നതിനാല്‍ തല്‍ക്കാലം ഇവരെ ഏഭ്യന്മാരെന്നു വിളിക്കുന്നില്ല.
പ്രതിഷേധം കത്തിക്കാളുന്ന ഇന്ത്യയുടെ ചിത്രം സമൂഹമറിയരുതെന്ന വാശിയോടെ പുറപ്പെടുവിച്ച മാധ്യമമാരണ നിയമത്തെ പുല്ലാക്കിയ മാധ്യമങ്ങള്‍ക്ക് അരുണാഭിവാദ്യങ്ങള്‍. തൃക്കോട്ടൂര്‍ പെരുമയുടെ കഥാകാരനായ യു എ ഖാദറിന് ‘മാതൃഭൂമി’ അഞ്ച് ലക്ഷം രൂപയുടെ അവാര്‍ഡ് പ്രഖ്യാപിച്ചു. പൗരത്വബില്‍ പാസായശേഷം പ്രഖ്യാപിക്കുന്ന ആദ്യ അവാര്‍ഡിനൊപ്പം ‘മാതൃഭൂമി’ ‘ഖുറെെഷിക്കൂട്ട’ത്തിന്റെ കര്‍ത്താവായ ഖാദറിനിട്ട് ഒരു ചെയ്ത്തുകൂടി ചെയ്തുകളഞ്ഞു. 84കാരനായ ഈ മഹാ സാഹിത്യകാരന്റെ ജനനസ്ഥലവും ഉമ്മയുടെ പേരും വെളിപ്പെടുത്തി നടത്തിയത് വലിയൊരു ചെയ്ത്തായിപ്പോയി. ഇപ്പോഴത്തെ മ്യാന്‍മറായ പഴയ ബര്‍മ്മയിലെ ഐരാവതി നദിക്കരയില്‍ അന്നത്തെ ബര്‍മ്മിസ് തലസ്ഥാനമായ റംഗൂണ്‍ എന്ന ഇപ്പോഴത്തെ യാംഗൂണിലെ ബില്ലില്‍ ഗ്രാമത്തിലാണ് യുഎഇ ഖാദര്‍ പിറന്നത്. പിതാവ് നമ്മുടെ കൊയിലാണ്ടിക്കാരന്‍ മൊയ്തൂട്ടി ഹാജി. മാതാവ് ബര്‍മ്മക്കാരിയായ മാമെെദി.
ഭാര്യ മരിച്ച ശേഷം മൊയ്തൂട്ടി ഹാജി മകന്‍ ഖാദറെയും കൂട്ടി കൊയിലാണ്ടിയില്‍ താമസമായി. എട്ട് പതിറ്റാണ്ട് മുമ്പു നടന്ന സംഭവം. പക്ഷേ ബര്‍മ്മീസ് മാതാവ് ജന്‍മം നല്‍കിയ ഖാദറിന് ഇപ്പോഴും ഒരു ബര്‍മ്മീസ് ഛായ. പൗരത്വബില്‍ എടുത്തുവീശുന്ന മോഡിക്ക് ഇത്രയൊക്കെ പോരെ. മ്യാന്‍മറില്‍ ജനിച്ച് ബര്‍മ്മിസ് ലുക്കുള്ള ഖാദര്‍ റോഹിങ്ക്യന്‍ മുസ്ലിം നുഴഞ്ഞുകയറ്റകാരനെന്ന് ചാപ്പകുത്തി തിരിച്ചയയ്ക്കാന്‍ ഇനി ഇതില്‍ക്കൂടുതല്‍ എന്തുവേണം. മലയാളക്കരയിലെ സഹൃദയലോകത്തിന് മോഡിയോട് ഒരപേക്ഷയുണ്ട്. ഞങ്ങളുടെ പ്രിയ ഖാദറിനെ ഞങ്ങള്‍ക്കു വിട്ടുതരിക. റോഹിങ്ക്യന്‍ ചാരനും പൗരനുമൊക്കെയായി ചാപ്പകുത്തി നാടുകടത്തരുതേ. ഇന്ദ്രപ്രസ്ഥം ഇന്നലെ തലയറഞ്ഞു ചിരിച്ചു. മോഡിയുടെ സിംഹാസനം കടലെടുക്കുന്നുവെന്നായപ്പോള്‍ അദ്ദേഹം ഇന്നലെ ഈവന്റ് മാനേജ്മെന്റ് കമ്പനികളെ ഉപയോഗിച്ച് ദില്ലി രാംലീലാ മെെതാനത്ത് ഒരു പൊതുയോഗം സംഘടിപ്പിച്ചു.
എന്നിട്ട് ഒരു വെളിപ്പെടുത്തലും, ദില്ലിയിലെ 40 ലക്ഷം ചേരിനിവാസികള്‍ക്ക് കൊട്ടാരം പണിതു നല്‍കിയെന്ന്. മോഡി തന്റെ പ്രസംഗം വച്ചുകീറുമ്പോള്‍ തൊട്ടപ്പുറത്തെ ഫ്ലെെഓവറുകള്‍ക്കു കീഴിലും തെരുവോരങ്ങളിലുമായി ആയിരക്കണക്കിനു ഭവനരഹിതര്‍ ആകാശമേലാപ്പിനു കീഴെ കഴിയുന്ന ദയനീയ ദൃശ്യങ്ങള്‍. ഇതിനെയാണ് മുഖത്തു നോക്കി കളവ് പറയുക എന്നു നാമൊക്കെ പറയുന്നത്. ഒരുകാര്യം കൂടി തന്റെ പ്രസംഗത്തില്‍ മോഡി സമ്മതിച്ചു. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ കരുത്തെന്ന്. അതേ ആ ബഹുസ്വരതയുടെ രോഷജ്വാലകളാണ് ഇന്ത്യയാകെ കത്തിപ്പടരുന്നത്. അതേസമയം രാംലീലാ മെെതാനത്ത് തട്ടിക്കൂട്ടിയ സദസാകട്ടെ ഏകസ്വരതയുടേതും. പക്ഷേ ഒന്നുണ്ട്. മുന്‍കാലങ്ങളില്‍ മോഡിയുടെ സദസുകള്‍ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും കേട്ട് ഇരമ്പി മറിയുന്നവയായിരുന്നു. ഇന്നലെ തടുത്തുകൂട്ടിയ രാംലീലാ മെെതാനത്തെ സദസ് മോഡിയുടെ വാചകകസര്‍ത്തില്‍ അങ്ങനെയങ്ങു വീഴാതെ പോയതും ശ്രദ്ധേയം. അമ്പ് എന്ന് പറഞ്ഞാല്‍ വില്ലെന്നു മറുപടി പറഞ്ഞില്ലെങ്കില്‍ പിന്നെന്തു കോണ്‍ഗ്രസ്.
മുസ്ലിം വംശീയഹത്യയ്ക്കു വേണ്ടി കൊണ്ടുവന്ന പൗരത്വബില്ലിനെതിരെ രാഷ്ട്രം ഒറ്റക്കെട്ടായി പടയോട്ടം നടത്തുമ്പോള്‍ കേരളത്തിലെ ജനകീയ പോരാട്ടങ്ങളെ ഛിന്നഭിന്നമാക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. പൗരത്വബില്‍ എന്ന ഛിദ്രതയുടെ മുഖമുള്ള നിയമനിര്‍മ്മാണത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ അണിനിരന്നവര്‍ കൊടിയുടെ നിറം മറന്നു. ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത, അതാണ് നമ്മുടെ മുദ്രാവാക്യം’ എന്ന് അവര്‍ ആര്‍ത്തുവിളിച്ചു. കേരളത്തില്‍ ഭരണ‑പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് തലസ്ഥാനത്ത് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ഐക്യകാഹളം മുഴക്കിയത് അവരുടെ പാര്‍ട്ടികള്‍ പിരിച്ചുവിട്ടുകൊണ്ടായിരുന്നില്ല. ‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി നടന്ന ഒരുമയായിരുന്നു അത്.
പക്ഷേ ഈ കൂട്ടായ്മയില്‍ നിന്ന് മുല്ലപ്പള്ളി വിട്ടുനിന്നത് ഒരുമയ്ക്കെതിരായ സന്ദേശമായിരുന്നു. ഭരണ‑പ്രതിപക്ഷ ഐക്യത്തോടെ സമരം ചെയ്താല്‍ താന്‍ അറബിക്കടലില്‍ ചാടി ആത്മഹത്യ ചെയ്തു കളയുമെന്നാണ് മുല്ലപ്പള്ളിയുടെ ഭീഷണി. ഇതിനെയാണ് പച്ച മലയാളത്തില്‍ ഇടങ്കോലിടല്‍ എന്ന് മാലോകര്‍ പറയുന്നത്. ഐക്യം എന്ന വാക്ക് കോണ്‍ഗ്രസിന്റെ നിഘണ്ടുവില്‍ത്തന്നെ ഇല്ലാത്തപ്പോള്‍ ഭരണ‑പ്രതിപക്ഷങ്ങള്‍ പൊതുശത്രുവിനെതിരെ പോരാടുന്നതിലെന്തു കഴമ്പെന്ന് മുല്ലപ്പള്ളി ചോദിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു. സംയുക്ത പോരാട്ടം നല്ലൊരു സന്ദേശമാണെന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് ഈ സാഹചര്യത്തിലാണ് പ്രസക്തിയേറുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.