അനിയാ പൊറുക്കുക

ചവറ കെ എസ് പിള്ള
പിന്നെയുമൊരു സ്വപ്നപുഷ്പത്തിന് കരള്പിളര്-
ന്നിന്നിതാ യുവത്വം ഹാ! കത്തിയില്‍ പിടയ്ക്കുന്നു.
അനിയാ പൊറുക്കുക, ചുറ്റിലും നരാധമ-
രിനിയും മനുഷ്യരായ് മാറുവാന്‍ മടിപ്പവര്
ചക്രവ്യൂഹങ്ങള്ക്കുള്ളില് കുടുക്കും കശാപ്പുകാര്‍
രക്തദാഹികള്‍ ‘കൊല്ലും തിന്നലും’ പഥ്യമായുള്ളോര്
മൃഗയാ വിജൃംഭിതക്കുരുതി, കവര്‍ന്നു നിന്
രുധിര,മൊരമ്മതന്മഹാദു:ഖസാഗര-
ത്തിരയായ്വന്നീ നാടിന്നാത്മാവുലയ്ക്കുമ്പോള്
തച്ചുടച്ചതാമൊരുമണ്ചെരാതതിന്മുന്നില്
അസ്തമിച്ചല്ലോ,യിന്നിന്മാനുഷ ഗര്‍വം സര്‍വം!
എത്തി നില്ക്കുന്നു വീണ്ടും കാട്ടാളജന്മങ്ങളായ്
മൂര്‍ച്ചകൂട്ടുന്നു പകക്കത്തികള് സ്നേഹോദാര-
കീര്ത്തനമപമൃത്യു ഗാഥയായുലയുമ്പോള്
ചങ്കിലെ ചുടുചോരകൊണ്ടുനീയനശ്വര
തങ്കവിഗ്രഹമായി ഞങ്ങളില്‍ തിളങ്ങുന്നു.
‘അനിയാ പൊറുക്കുക,’യൊന്നിതുമാത്രം, നിന്റെ
ചരമക്കുറിയായി,ട്ടെന്മനം മന്ത്രിക്കുന്നു.