യുലിസസിന്‍റെ വിവര്‍ത്തകന്‍

Web Desk
Posted on May 27, 2018, 10:00 am

അനില്‍മാരാത്ത്

വിവര്‍ത്തനം ഏറ്റവും മികച്ച ഒരു സാംസ്‌കാരിക പ്രവര്‍ത്തനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തില്‍ വിവര്‍ത്തന സാഹിത്യം നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോക ക്ലാസിക്കുകളടക്കം 140 പുസ്തകങ്ങളുടെ ബൃഹത്തായ ഒരു പരമ്പര മലയാളത്തിന് സംഭാവന ചെയ്ത വിവര്‍ത്തകനാണ് എന്‍ മൂസക്കുട്ടി. സര്‍ഗാത്മകതയുടെ സമ്പന്നഭൂമിയായ പൊന്നാനിക്കളരിയുടെ സമീപം അയിരൂരിലാണ് ജനനം. വെളിയങ്കോട് ഗവ. ഹൈസ്‌കൂള്‍, കോഴിക്കോട്-ഫാറൂഖ് കോളജ്, തൃശൂര്‍ കേരളവര്‍മ്മ, സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ ബിരുദം കരസ്ഥമാക്കി. പഠനകാലത്തുതന്നെ മലയാള അധ്യാപകരായിരുന്ന വിദ്വാന്‍ എ കൃഷ്ണനും കവിയും എഴുത്തുകാരനുമായിരുന്ന എപിപി നമ്പൂതിരിയും സ്വാധീനം ചെലുത്തിയ ഗുരുനാഥന്‍മാരായിരുന്നു.

വിദ്യാഭ്യാസകാലഘട്ടത്തിനുശേഷം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പൊന്നാനിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായിരുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന കൊളാടി ഗോവിന്ദന്‍കുട്ടി, പി വി ബിരാന്‍കുട്ടി, ടി ഇബ്രാഹിം തുടങ്ങിയവരായിരുന്നു മാര്‍ഗദര്‍ശികളും സഹപ്രവര്‍ത്തകരും. യുവജനപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. അഖിലേന്ത്യ യുവജന ഫെഡറേഷന്റെ പൊന്നാനി താലൂക്ക് സെക്രട്ടറിയും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം പാരലല്‍ കോളജ് അധ്യാപകനുമായി. എരമംഗലത്തിനടുത്ത് കോതമുക്കില്‍ ഇന്ത്യന്‍ കമ്മ്യൂണിസംറ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന കൊളാടി ഉണ്ണിയുടെ സ്മാരകമായുള്ള വായനശാലയോട് ചേര്‍ന്നായിരുന്നു പാരലല്‍ കോളജ് പ്രവര്‍ത്തിച്ചിരുന്നത്.

1978‑ലാണ് പ്രവാസജീവിതമാരംഭിക്കുന്നത്. ഖത്തര്‍ സര്‍ക്കാര്‍ ഓഫീസിലായിരുന്നു ജോലി. ഒഴിവുസമയം എഴുത്തിനും വായനയ്ക്കുമായി മാറ്റിവച്ചു. ഗള്‍ഫ് ടൈംസ് പത്രത്തില്‍ പ്രതികരണങ്ങളും ലേഖനങ്ങളുമെഴുതി. മലയാളി സുഹൃത്തുക്കളോടൊപ്പം ഖത്തര്‍ സൗഹൃദവേദി രൂപീകരിച്ചു. എഴുത്തുകാരന്‍ പി കെ പാറക്കടവ് ആയിരുന്നു സെക്രട്ടറി, മൂസക്കുട്ടി ജോയിന്റ് സെക്രട്ടറിയുമായിരുന്ന നാട്ടില്‍നിന്ന് ധാരാളം പുസ്തകങ്ങള്‍ വരുത്തിവായിച്ചു. ജെയിംസ് ജോയസിന്റെ യുലീസസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ച കാലം. പുസ്തകം വായിക്കണമെന്ന മോഹം ഉടലെടുത്തു പുസ്തകം വരുത്തിച്ചു. 775 പേജുള്ള പുസ്തകത്തിന്റെ 100 പേജ് പിന്നിട്ടിട്ടും ഉള്ളടക്കം മനസില്‍ കയറാത്തതുകൊണ്ട് ആ വായനാശ്രമം ഉപേക്ഷിച്ചു. എന്നാല്‍ പുസ്തകത്തിന്റെ സംഗീതാത്മക ഭാഷ മനസില്‍ കോറിയിട്ടു. 1986ല്‍ ഇറാന്‍-ഇറാഖ് യുദ്ധം മൂലം നാട്ടിലേക്ക് പലായനം ചെയ്യേണ്ടിവന്നു. തൃശൂരിലെ എക്‌സ്പ്രസ് പത്രത്തിന്റെ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. അതോടെ സാംസ്‌കാരിക നഗരത്തില്‍ സ്ഥിരതാമസമാക്കി. 1999ലാണ് സമകാലിക മലയാളം വാരികയില്‍ ‘വിവര്‍ത്തകനെ ആവശ്യമുണ്ടെന്ന പെന്‍ബുക്‌സിന്റെ പരസ്യം വരുന്നത്.വിവര്‍ത്തകനുള്ള അപേക്ഷ നല്‍കി. ഗുരുതുല്യനും ഇ മൊയ്തു മൗലവിയുടെ മകനുമായ ട്രോട്‌സ്‌കിസ്റ്റ് ആചാര്യന്‍ എം റഷീദിന്റെ പ്രേരണയില്‍ ‘ഓണ്‍ ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍’ എന്ന കൃതി ‘സാഹിത്യവിമര്‍ശവും വിപ്ലവവും’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തതാണ് ഈ മേഖലയില്‍ ആകെയുള്ള മുന്‍പരിചയം. പിന്നെ എക്‌സ്പ്രസിലെ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളും ലേഖനങ്ങളും പരിഭാഷപ്പെടുത്തിയതിന്റെ അനുഭവവും. സിഡ്‌നിഷെല്‍ഡന്റെ ‘അര്‍ധരാത്രിയുടെ മറുവശം’ എന്ന നോവലാണ് പെന്‍ബുക്‌സിനുവേണ്ടി വിവര്‍ത്തനം ചെയ്തത്. ആദ്യ അധ്യായം ചെയ്തത് തൃപ്തികരമായതോടെയാണ് മുഴുവന്‍ ചെയ്യാന്‍ അനുവാദം നല്‍കിയത്. അതോടെ വിവര്‍ത്തനം ഉപജീവനമാര്‍ഗമായി മാറി. തൃശൂരിലെ എച്ച്&സിക്കുവേണ്ടി പരിഭാഷപ്പെടുത്തിയ ജീവിതവിജയത്തിന് 101 മാര്‍ഗങ്ങള്‍, ഖുര്‍ആന്‍ കഥകള്‍ കുട്ടികള്‍ക്ക് തുടങ്ങിയ പുസ്തകങ്ങളുടെ വില്‍പന ലക്ഷങ്ങള്‍ പിന്നിട്ടിരുന്നു.
ബാലസാഹിത്യം, വിദ്യാഭ്യാസം, വൈജ്ഞാനികം, നിഘണ്ടു എന്നീ വിഭാഗങ്ങളില്‍ നിരവധി പുസ്തകങ്ങള്‍ എച്ച്&സിക്കുവേണ്ടി വിവര്‍ത്തനം ചെയ്തതോടെ എന്‍ മൂസക്കുട്ടി വിവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക, അമോസ് ഓസിന്റെ ഹിമയടക്കം പന്ത്രണ്ടോളം കൃതികള്‍ ഡിസി ബുക്‌സിന് വേണ്ടി ചെയ്തു. വിര്‍ജീനിയാ വുള്‍ഫിന്റെ എഴുത്തുകാരിയുടെ മുറി, സുഭാഷ് ചന്ദ്രബോസിന്റെ ആത്മകഥ, ഗാന്ധിജിയുടെ ജീവിതം എന്ന കല തുടങ്ങി 14 പരിഭാഷകള്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഡോസ്റ്റോവ്‌സ്‌കിയുടെ അധോതലത്തില്‍ നിന്നുള്ള കുറിപ്പുകള്‍, മുസോളിനിയുടെ ആത്മകഥ, ഷെനേയുടെ മോഷ്ടാവിന്റെ ദിനക്കുറിപ്പുകള്‍ എന്നിവ പാപ്പിയോണിനും ഒലിവിനുവേണ്ടി ചെയ്തു.

ഫ്രഞ്ചില്‍ നിന്ന് എഡിറ്റിങ് ഒട്ടും കൂടാതെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ദി തീഫ്‌സ് ജേണല്‍, മോഷ്ടാവിന്റെ ദിനക്കുറിപ്പുകളുടെ മലയാള ഭാഷാന്തരം വളരെ ക്ലേശകരമായിരുന്നുവെന്ന് മൂസക്കുട്ടി പറയുന്നു. മേഷ്ടാവിന്റെ ദിനക്കുറിപ്പുകളുടെ പ്രകാശനം നിര്‍വഹിച്ചത് പ്രശസ്ത നോവലിസ്റ്റും സാമൂഹിക ചിന്തകനുമായ കെ അരവിന്ദാക്ഷനായിരുന്നു. പ്രകാശനത്തിനുശേഷം ‘തനിക്കെന്തുകൊണ്ട് യൂലീസസ് വിവര്‍ത്തനം ചെയ്തുകൂടാ’ എന്ന അദ്ദേഹത്തിന്റെ ചോദ്യം മൂസക്കുട്ടിയില്‍ ഞെട്ടലുണ്ടാക്കി. പ്രവാസജീവിതകാലത്തെ യൂലീസസ് വായനാനുഭവം ഒരു മിന്നല്‍പോലെ കടന്നുപോയി. പല പ്രസിദ്ധ പരിഭാഷകരും തൊട്ടുനോക്കി കൈപൊള്ളി പിന്‍വാങ്ങിയ ചരിത്രവും യുലിസസിനുണ്ട്. സാഹിത്യരംഗത്തെ സുഹൃത്തുക്കള്‍ നല്‍കിയ ധൈര്യവും പ്രോത്സാഹനവും സാഹസകൃത്യത്തിന് കരുതുത്തുപകര്‍ന്നു. അന്നേക്ക് നൂറോളം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തതിന്റെ ബലത്തിലും ആത്മവിശ്വാസത്തിലുമാണ് യുലിസസിന്റെ വിവര്‍ത്തനം രണ്ടും കല്‍പിച്ച് ആരംഭിച്ചത്. വിവര്‍ത്തന സാഹിത്യചരിത്രത്തില്‍ സ്വന്തമായി ഒരിടം അടയാളപ്പെടുത്തണമെന്ന അദമ്യമായ ആഗ്രഹവും ദൗത്യം ഏറ്റെടുക്കുന്നതിനുണ്ടായിരുന്നു. കേരള സാഹിത്യ അക്കാഡമി യുലിസസ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതോടെ ആത്മവിശ്വാസവും ഉത്തരവാദിത്തവും വര്‍ധിച്ചു.
അക്കാഡമിയുടെ പബ്ലിക്കേഷന്‍ ഓഫീസര്‍ ഇ ഡി ഡേവിസ് അക്കാഡമി പ്രസിദ്ധീകരിച്ച സാഹിതിയില്‍ ‘യുലിസസ് മലയാളത്തിലേക്ക് എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനമെഴുതി കവര്‍പേജില്‍ ചിത്രം സഹിതം വിവരണവും നല്‍കി. അതോടെ എഴുത്തുകാരുടെയും വായനക്കാരുടെയും ആശംസകള്‍ വിവര്‍ത്തകനെ തേടിയെത്തി. ഏതാണ്ട് മൂന്ന് വര്‍ഷം നീണ്ടുനിന്ന സപര്യയായിരുന്നു വിവര്‍ത്തനകാലം. 1244 പേജുള്ള പുസ്തകം പൂര്‍ത്തിയാക്കുന്ന കാലയളവില്‍ മറ്റനേകം ജോലികള്‍ മാറ്റിവയ്‌ക്കേണ്ടി വന്നു.
മറ്റു വിവര്‍ത്തനഗ്രന്ഥങ്ങളിലെന്ന പോലെ സാഹിത്യലോകം പൊതുവെ അംഗീകരിച്ചിട്ടുള്ള പദാനുപദ വിവര്‍ത്തനരീതിയാണ് യൂലിസസിലും അവലംബിച്ചിട്ടുള്ളത്. മൂലഗ്രന്ഥകാരന്റെ ശൈലിയും വികാരവുമെല്ലാം പ്രകടമാക്കാന്‍ പദാനുപദ തര്‍ജ്ജമകൊണ്ടേ സാധ്യമാകൂ. മൂലഗ്രന്ഥകാരനിലേക്ക് പരകായ പ്രവേശം നടത്തി അദ്ദേഹത്തിന്റെ ശൈലി ആവാഹിച്ച് ലക്ഷ്യ ഭാഷയില്‍ പ്രതിഫലിപ്പിക്കാന്‍ വിവര്‍ത്തകനു കഴിയണം. പാരായണ യോഗ്യതയും വായനാസുഖവും സംവേദക്ഷമതയും നിലനിര്‍ത്തിക്കൊണ്ടുള്ള വിവര്‍ത്തനശൈലിയാണ് വിവക്ഷിച്ചിട്ടുള്ളത്. പരിഭാഷയ്ക്ക് പൂര്‍ണത കൈവരണമെങ്കില്‍ സ്വന്തമായ ശൈലി പാടില്ല എന്ന ഉറച്ച അഭി്രപായക്കാരനാണ് മൂസക്കുട്ടി. പരിഭാഷകന്റെ ഭാഷാമികവ് പൊലിപ്പിച്ചു കാണിക്കുന്നതിനുവേണ്ടി മൂലഗ്രന്ഥത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള വിവര്‍ത്തനം ഗ്രന്ഥകാരനോട് ചെയ്യുന്ന അനീതിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ആയിരത്തില്‍പരം പേജ് വരുന്ന ആയിരത്തൊന്ന് രാവുകള്‍, ട്രോട്‌സ്‌കി രചിച്ച സ്റ്റാലിന്റെ ജീവചരിത്രം എന്നിവയാണ് മാതൃഭൂമി പ്രസിദ്ധികരിക്കാനിരിക്കുന്ന മറ്റ് പ്രമുഖ പരിഭാഷകള്‍. തോമസ്മന്‍ രചിച്ച ജര്‍മന്‍ നോവലായ മാജിക് മൗണ്ടന്‍ ഇക്കൊല്ലം തൃശൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിക്കും. നൊബേല്‍ സമ്മാനം ലഭിച്ച ഈ കൃതി ആയിരത്തില്‍പരം പേജ് വരും.
വിവര്‍ത്തനത്തിന് 2013‑ലെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, എം എന്‍ സത്യാര്‍ഥി അവാര്‍ഡ്, ഇ ദിവാകരന്‍ പോറ്റി അവാര്‍ഡ്, സര്‍ഗസ്വരം പ്രഥമ പുരസ്‌കാരം, വായനക്കാരുടെ കൂട്ടായ്മ പുരസ്‌കാരം എന്നിവ മൂസക്കുട്ടിയെ തേടിയെത്തി. 2014ല്‍ തിരൂരില്‍ നടന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലപ്പുറം ജില്ലാസമ്മേളനം മൂസക്കുട്ടിയെ ആദരിച്ചു.
മലയാളഭാഷയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന പരിഭാഷകളുടെ മഹത്തായ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ഈ അക്ഷരസ്‌നേഹിയുടെ സാംസ്‌കാരിക ദൗത്യം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.