January 28, 2023 Saturday

വൈഗൈ… വീണ്ടും വൈഗൈ

സുജാത ശശീന്ദ്രൻ
November 8, 2020 10:34 am

സുജാത ശശീന്ദ്രൻ

വൈഗൈ,

2012 ഏപ്രിൽ.

വൈഗൈ. എന്റെ ഭാവനകളെ തൊട്ടുണർത്തിയ നദി. പളനിയിൽ നിന്നും മധുരയിലേക്ക് വണ്ടി കയറുമ്പോൾ മനസ്സിൽ രണ്ട് ആഗ്രഹങ്ങൾ ആയിരുന്നു. ഒന്ന്, എന്റെ സ്വപ്നനദിയായ വൈഗൈ നേരിട്ടു കാണുക. രണ്ട്, പവിത്രമായ വൈഗൈ തീരത്ത് സ്ഥിതി ചെയ്യുന്ന മധുരമീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തുക.

അതിപുരാതനമായ തമിഴ് സംസ്കാരത്തിന്റെ ഈറ്റില്ലമാണ് മധുര. നയനമനോഹരമായ പ്രകൃതിയുടെ മടിത്തട്ടിൽ രാജകീയ പ്രൗഢിയോട് ഉയർന്നു നിൽക്കുന്ന ഗോപുരങ്ങൾ ദക്ഷിണ ഭാരതത്തിൽ എത്തുന്ന ഏതൊരു സഞ്ചാരിയുടെയും ആകർഷണകേന്ദ്രമാണ്. തമിഴ് കലയുടെയും ശില്പചാതുര്യത്തിന്റെയും സാംസ്കാരിക മഹത്വത്തിന്റെയും ചരിത്ര വിജ്ഞാനം പതിച്ച ക്ഷേത്രമണ്ഡപങ്ങൾ ഒരു മഹാഗ്രന്ഥം പോലെ നമ്മുടെ മുന്നിൽ തുറന്നു കിടക്കുന്നു. പരിപാവനമായ വൈഗൈ നദിയുടെ തീരത്ത് പരിലസിച്ചങ്ങനെ തലയുയർത്തി നിൽക്കുന്ന ഒരു നഗരത്തിന്റെ കീർത്തിസ്തംഭമാണ് ശ്രീ മീനാക്ഷി ക്ഷേത്രം.

കവികൾക്കും അമ്പലങ്ങൾക്കും പ്രസിദ്ധമാണ് ഈ നഗരം. കവികൾ ഈ നഗരത്തെ ആവോളം വാഴ്ത്തിയിട്ടുണ്ട്. അതോടൊപ്പം വൈഗൈ നദിയേയും. കരകവിഞ്ഞൊഴുകുന്ന വൈഗൈയെയാണ് അധികവും വാഴ്ത്തിയിട്ടുള്ളത്. എ കെ രാമാനുജന്റെ ‘A Riv­er’ എന്ന കവിതയിലൂടെയാണ് ഞാൻ വൈഗൈയെ കൂടുതലായി അറിയുന്നത്. വേനൽക്കാലത്ത് വരണ്ടുണങ്ങിയും മഴക്കാലത്ത് കരകവിഞ്ഞൊഴുകിയും നിലകൊള്ളുന്ന വൈഗൈ എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു.

ഞങ്ങൾ മധുരയിൽ എത്തിയപ്പോൾ രാത്രി വളരെ വൈകിയിരുന്നു. മീനാക്ഷി കോവിലിനടുത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുത്ത് രാത്രി അവിടെ തങ്ങി. പിറ്റേന്ന് നേരം പുലർന്നപ്പോൾ തന്നെ കുളികഴിഞ്ഞ് ഞങ്ങൾ മീനാക്ഷി കോവിലിൽ ദർശനം നടത്താൻ പോയി. ദർശനത്തിന് വേണ്ടി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. കോവിലിനുള്ളിൽ കയറിയതുമുതൽ എന്തോ ഒരു ചൈതന്യം ഞങ്ങൾക്ക് അനുഭവപ്പെട്ടു. അവിടുത്തെ ചിത്രപ്പണികളും ദാരുശില്പങ്ങളും എന്നെ വല്ലാതെ ആകർഷിച്ചു. ദേവി മീനാക്ഷിയും സുന്ദരേശ്വരസ്വാമിയും ഒന്നിച്ച് പരിലസിക്കുന്ന ഒരു ക്ഷേത്രമാണിത്. കൂടുതൽ പ്രാധാന്യം ദേവി മീനാക്ഷിയ്ക്കാണ്. അതിനാൽ, ഭക്തർ ആദ്യം ദേവി മീനാക്ഷിയേയും പിന്നീട് സുന്ദരേശ്വര സ്വാമിയേയും ദർശിക്കുന്നു. പാർവ്വതി ദേവി ഇവിടെ പാണ്ഡ്യരാജകുമാരിയായി അവതരിച്ചുവെന്നും, ഭക്തജനങ്ങൾക്കുവേണ്ടി അറുപത്തിനാല് അത്ഭുത പ്രവൃത്തികൾ ചെയ്ത പരമശിവനെ വിവാഹം ചെയ്തുവെന്നുമാണ് ഐതിഹ്യം.

അഷ്ടശക്തി മണ്ഡപത്തിൽ മീനാക്ഷി കല്യാണം കൊത്തിവച്ചിട്ടുണ്ട്. അതിന്റെ തൊട്ടടുത്ത് മീനാക്ഷി നായ്ക്കൻ മണ്ഡപവും ഉണ്ട്. സ്വർണത്താമരക്കുളവും കിളിക്കുട്ടുമണ്ഡപവും ഏറെ ആകർഷണീയമിണ്. അവിടെയെത്തുന്ന ഏതൊരു ഭക്തനേയും ഹഠാതാകർഷിക്കുന്ന ഒന്നാണ് ആയിരംകാൽ മണ്ഡപം. അവിടുത്തെ നടരാജവിഗ്രഹവും പുരാവസ്തുക്കളും എത്ര കണ്ടാലും മതിവരുകയില്ല.

മീനാക്ഷി ദർശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഏകദേശം മൂന്നു മണി കഴിഞ്ഞു. തൊട്ടടുത്ത ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് കുറച്ചുസമയം അവിടെ ചുറ്റിക്കറങ്ങി, കുട്ടികൾക്ക് വേണ്ട കുറച്ച് സാധനങ്ങളും വാങ്ങി. അതിനുശേഷം വൈഗൈ കാണാനായി പുറപ്പെട്ടു. ഒരു ഓട്ടോറിക്ഷയിൽ ആയിരുന്നു യാത്ര. അതിന് മുമ്പുതന്നെ വൈഗൈയെക്കുറിച്ച് വായിച്ചറിഞ്ഞ ഒരു ഏകദേശ രൂപം കുട്ടികൾക്കും കൊടുത്തു. അവർക്ക് അപ്പോൾ കൂടുതൽ ഉൽസാഹമായി. എന്റെ സ്വപ്നനദി കാണാനുള്ള തിടുക്കമായിരുന്നു എന്റെ ഭർത്താവിനും. മനസ്സ് ഒരു കുതിരയെപ്പോലെ വൈഗൈലേക്ക് പാഞ്ഞു.

മധുരമീനാക്ഷിയിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ടാകണം വൈഗൈലേക്ക്. റോഡിന്റെ ഇരു വശങ്ങളിലുമുള്ള മനോഹരമായ കാഴ്ചകൾ മക്കൾ കൗതുകത്തോടെ കാണുകയും അവ ക്യാമറയിൽ പകർത്തുകയും ചെയ്തു. അപ്പോൾ ചെറിയ ചാറ്റൽമഴ തുടങ്ങിയിരുന്നു. അങ്ങനെ ഞങ്ങൾ വൈഗൈ തീരത്തെത്തി.

മനസ്സിൽ വൈഗൈയെപ്പറ്റിയുള്ള ഭാവനകൾ ചിറകുവിടർത്തിയാടിയ എന്റെ മനസ്സ് ഒരു നഷ്ട വസന്തം പോലെയായി. നദി വറ്റി വരണ്ട സ്ഥിതിയിലായിരുന്നു. എങ്കിലും അവിടവിടെ കുറേശ്ശെ ജലരേഖകൾ കാണാമായിരുന്നു. എന്നെ ഏറ്റവും കൂടുതൽ നിരാശയാക്കിയത് പുണ്യനദിയായ വൈഗൈയിൽ കണ്ട മാലിന്യകൂമ്പാരങ്ങളാണ്. പ്ലാസ്റ്റിക് കൂമ്പാരങ്ങളും മലമൂത്ര വിസർജ്യങ്ങളും കൊണ്ടു നിറഞ്ഞ വൈഗൈ എന്നിൽ അസ്വസ്ഥത ഉളവാക്കി. എന്റെ മുഖത്ത് ദുഃഖം ഘനീഭവിച്ചു. ഞങ്ങൾ ദയനീയമായി പരസ്പരം നോക്കി. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കുട്ടികൾക്കും ആകെ നിരാശ തോന്നി.

വൈഗൈയുടെ ഒരു വശത്ത് നാടോടികളും യാചകരും തമ്പടിച്ചിരുന്നു. നദി വറ്റി വരണ്ടതിനാൽ ധാരാളം കന്നുകാലികൾ അവിടെ മേയുന്നുണ്ടായിരുന്നു. ഈ സമയം വൈഗൈ കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങളായും നിലകൊള്ളുന്നു എന്നും മനസ്സിലായി. നദിക്ക് കുറുകെയുള്ള പാലത്തിലൂടെ ധാരാളം വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു. സത്യത്തിൽ വൈഗൈ തീരം ഒരു മനം മടുപ്പിക്കുന്ന അനുഭവമാണ് ഞങ്ങൾക്കു സമ്മാനിച്ചത്.

വളരെയധികം ജനസാന്ദ്രതയുള്ള നഗരമാണ് മധുര. അതുകൊണ്ടുതന്നെ വീടുകളിൽ നിന്നും, അറവുശാലകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ നിന്നും ഒഴുക്കി വിടുന്ന മാലിന്യങ്ങൾ വൈഗൈയിലാണ് വന്നടിയുന്നത്. ഈ മാലിന്യക്കൂമ്പാരം വൈഗൈ എന്ന പുണ്യ നദിയുടെ ഒഴുക്കിനെ സാരമായി ബാധിക്കാനും ജലം മലിനമാക്കാനും കാരണമാകുന്നു. അതോടൊപ്പം ജലജീവികളുടെ ആവാസവ്യവസ്ഥിതിയേയും ഇത് കാര്യമായി ബാധിക്കാം. ഏതായാലും വൈഗൈയുടെ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള അനുഭവങ്ങളാണ് അവിടെ കാണാൻ കഴിഞ്ഞത്.

അവിടെ നിന്നുകൊണ്ടുതന്നെ ഒരു കാര്യം ഞാൻ മനസ്സിലാക്കി, മനുഷ്യൻ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം അവൻ മലിനമാക്കും. പ്രകൃതിയോട് ചെയ്യുന്ന ഈ ക്രൂരത മനുഷ്യനുതന്നെ ദോഷമാകുന്നു എന്ന സത്യം അവനറിയുന്നില്ല. മാലിന്യങ്ങൾ നിക്ഷേപിച്ച് കുളങ്ങളും തോടുകളും മലിനമാക്കുമ്പോൾ ജീവന്റെ നിലനില്പാണ് ഇല്ലാതാകുന്നത്. പുണ്യനദിയായ വൈഗൈയുടെ പവിത്രത നഷ്ടപ്പെടുന്നതോർത്തപ്പോൾ മനസ്സിൽ ദുഃഖം നിറഞ്ഞു. ഈ നദിയുടെ തീരത്താണല്ലോ മധുര മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവിയോടുള്ള ഭക്തിയും ആദരവും ഓർത്തെങ്കിലും ഈ നദിയെ പവിത്രമായി സൂക്ഷിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോയി. ഇനിയെന്നെങ്കിലും വരുമ്പോൾ മാലിന്യമുക്തമായ, തെളിനീരുള്ള, പരിപാവനമായ വൈഗൈ കാണാൻ കഴിയണേ എന്ന പ്രാർത്ഥനയോട് ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു.

വൈഗൈ,

2019 മേയ്.

തിരക്കേറിയ നഗരമധ്യത്തിലൂടെയുള്ള യാത്ര. തലേന്ന് തിരുനെൽവേലിയിൽ ചിലവഴിച്ച് അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിച്ച ശേഷമുള്ള വരവാണ്. ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും മധുരയിലേക്കൊരു യാത്ര. ഇത്തവണ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. ലക്ഷ്യം പഴയതുതന്നെ മീനാക്ഷി ദർശനവും വൈഗൈ സന്ദർശനവും. എന്തോ, എന്നും മധുര എനിക്കൊരു സ്വപ്നഭൂമിയാണ്.

തിരുനെൽവേലി – മധുര ഹൈവേയിലൂടെ അതിരാവിലെ എയർ കണ്ടീഷനെ വെല്ലുന്ന കുളിർ കാറ്റേറ്റ് മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം പകർന്നു തന്ന യാത്ര. ഇടയ്ക്ക് വിശപ്പനുഭവപ്പെട്ടപ്പോൾ പ്രാതലിനായി ഇരുവശങ്ങളിലും ഞങ്ങൾ ആകാംക്ഷയോടെ ഒരു ഹോട്ടലിനായി പരതി. അപ്പോൾ ഒരു ചെറിയ ഹോട്ടൽ കണ്ടു. കാറുനിർത്തി ആകെയൊന്നു നോക്കി. തരക്കേടില്ല. ചെറുതെങ്കിലും വൃത്തിയുള്ള ഒരു ഹോട്ടൽ. ഞങ്ങൾ വളരെ സന്തോഷത്തോട് അവിടേക്ക് ചെന്നു. അവിടെ ചിരിക്കുന്ന മുഖത്തോട് രണ്ടു സ്ത്രീകളാണ് ഞങ്ങളെ സ്വീകരിച്ചത്. വാഴയിലയിൽ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ഒപ്പം അവരുടെ സ്നേഹപൂർവ്വമുള്ള ആതിഥ്യമര്യാദയും. വിശപ്പിന്റെ കൂടുതലോ അതോ അവരുടെ സ്നേഹപൂർവ്വമുള്ള വിളമ്പലോ, ആ പ്രാതലിന് പാൽപ്പായസത്തിന്റെ രുചിയായിരുന്നു. (ആ ഹോട്ടലിന്റെ പേര് ഓർക്കുന്നില്ല). അവരോട് നന്ദി പറഞ്ഞിറങ്ങി വീണ്ടും യാത്ര തുടർന്നു.

ഏകദേശം ഉച്ചയോടടുത്തപ്പോൾ ഞങ്ങൾ മീനാക്ഷി കോവിലിൽ എത്തി. അപ്പോഴും കോവിലിനുള്ളിലേക്ക് കയറാനുള്ള ഭക്തജനങ്ങളുടെ നീണ്ട ക്യൂ കാണാമായിരുന്നു. വർഷങ്ങൾ എല്ലാവരിലും മാറ്റം വരുത്തിയ പോലെ തന്നെ മീനാക്ഷി കോവിലിനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത്തവണ എല്ലാം ഒരു പുതുമയായി തോന്നി. ഏതായാലും മീനാക്ഷി ദർശനവും കഴിഞ്ഞ് ഭക്ഷണവും കഴിച്ച് വീണ്ടും വൈഗൈയിലേക്ക് യാത്ര തിരിച്ചു. മാലിന്യമുക്തമായ വൈഗൈ കാണാൻ.

നിർഭാഗ്യമെന്നു പറയട്ടെ വൈഗൈ പഴയതുപോലെ തന്നെ. ഒരു മാറ്റവുമില്ല, മാലിന്യകൂമ്പാരം തന്നെ. വളരെ നിരാശാജനകമായ കാഴ്ച. സങ്കടവും ദേഷ്യവും ഒന്നിച്ചു വന്ന നിമിഷം. ഇനിയെന്ന് ഈ നദി മാലിന്യമുക്തമാകും…? അറിയില്ല….. ഞങ്ങൾക്ക് ഒരിക്കൽ കൂടി നിരാശപ്പെട്ടു മടങ്ങേണ്ടി വന്നു, എല്ലാം ശരിയാകണേ എന്ന പ്രാർത്ഥനയോടെ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.