13 July 2024, Saturday
KSFE Galaxy Chits

ഞാൻ ഏകനല്ല.…

ഷര്‍മിള സി നായര്‍
October 9, 2022 2:10 am

പരീക്കുട്ടി: കറുത്തമ്മ യാത്ര ചോദിക്കാൻ വന്നതായിരിക്കുമല്ലേ? ഇതുവരെ നാമൊന്നിച്ചായിരുന്നു. ഇനി ഞാനൊറ്റയ്ക്കാണ്
കറുത്തമ്മ: എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ചുമുതലാളി
പരീക്കുട്ടി: കറുത്തമ്മ പോയാലും ഈ കടാപ്പുറത്തിന്ന് ഞാൻ പോവില്ല
കറുത്തമ്മ: എന്റെ കൊച്ചുമുതലാളീ… എന്തിനാ നമ്മൾ കണ്ടുമുട്ടിയത്?
പരീക്കുട്ടി: ദൈവം പറഞ്ഞിട്ട്. ഞാനെന്നും ഇവിടിരുന്ന് കറുത്തമ്മയെ ഓർത്ത് ഉറക്കെ ഉറക്കെപ്പാടും.
കറുത്തമ്മ: ഞാനതു കേട്ട് തൃക്കുന്നപ്പുഴയിലിരുന്ന് ഓർത്തോർത്ത് നിലവിളിക്കും
പരീക്കുട്ടി: അങ്ങനെ പാടിപ്പാടി ഞാൻ ചങ്കുപൊട്ടിച്ചാവും.
കറുത്തമ്മ: അതിനു മുമ്പ് എന്റെ ജീവൻ പറന്നു പറന്നിവിടെത്തും.
പരീക്കുട്ടി: എന്നിട്ട് നല്ല നിലാവുള്ള രാത്രികളിൽ രണ്ടു ജീവനും കൂടി കെട്ടിപ്പിടിച്ച് ഈ കടപ്പുറത്തൊക്കെപ്പാടിപ്പാടി നടക്കും.

ഒരു സാഹിത്യകൃതിക്കപ്പുറത്തേയ്ക്ക് ഒരു സിനിമ വളരുക. കഥാപാത്രങ്ങൾ എന്നേയ്ക്കുമായി മാഞ്ഞു പോവുക. കറുത്തമ്മയ്ക്കും പരീക്കുട്ടിയ്ക്കും ഷീലയുടെയും മധുവിന്റെയും രൂപം കൈവരിക… അപൂർവ്വത്തിൽ അപൂർവ്വമായി സംഭവിക്കുന്നതാണിതൊക്കെ.
എഴുപതുകളുടെ ഒടുവിലാണ്. അന്നൊക്കെ നാട്ടിലെ സ്കൂളിൽ വല്ലപ്പോഴും സിനിമാ പ്രദർശനമുണ്ട്. അന്നത്തെ ചിത്രം ‘ചെമ്മീൻ’ ആയിരുന്നു. അമ്മൂമ്മയുടെ വാലായി അപ്പച്ചിയ്ക്കൊപ്പം ഒരാറു വയസ്സുകാരിയും കൂടി. തകഴിയും രാമു കര്യാട്ടുമൊന്നും ആരാന്നവൾക്കറിയില്ല. റേഡിയോയിൽ അപ്പച്ചി എപ്പോഴും കേൾക്കുന്ന “മാനസ മൈനേ വരൂ…” എന്ന പാട്ട് കാണണം. അത് പാടുന്ന പരീക്കുട്ടിയെ കാണണം. മന്നാഡേയാണത് പാടിയതെന്ന് അന്നവൾക്കറിയില്ല. അപ്പച്ചിയുടെ നെടു നെടുങ്കൻ നെടുവീർപ്പുകൾ വെള്ളിത്തിരയിലെ ഷീലയുടെ നെടുങ്കൻ നെടുവീർപ്പുകളെ തോൽപ്പിക്കുന്നതിന്റെ പൊരുൾ ഒരാറു വയസ്സുകാരിക്ക് മനസ്സിലാവുന്നതിനുമപ്പുറമായിരുന്നു. എങ്കിലും കറുത്തമ്മയും കൊച്ചു മുതലാളിയും കുറച്ചുനാൾ ആ കുഞ്ഞു മനസിൽ നിറഞ്ഞു നിന്നു.

മധു എന്ന മഹാനടനെ അറിയാൻ വീണ്ടും വർഷങ്ങൾ കഴിയേണ്ടിവന്നു. നസീറും സത്യനും അരങ്ങു തകർത്തുകൊണ്ടിരുന്ന കാലത്ത്, വ്യത്യസ്തയാർന്ന രൂപഭാവങ്ങളോടെ മലയാള ചലച്ചിത്ര ലോകത്ത് സ്വന്തം സിംഹാസനം ഉറപ്പിച്ച മഹാനടൻ. കണ്ണുകളും പുരികവും വരെ ചലിപ്പിച്ചു കൊണ്ടുള്ള ആ ഭാവാഭിനയശൈലി മലയാളി നെഞ്ചിലേറ്റിയിട്ട് അഞ്ചരപ്പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.
ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി പ്രേക്ഷകരുടെ മനം കവർന്ന മഹാനടൻ നവതിയിലേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലൂടിത്തിരി നേരം.

നാനൂറോളം ചിത്രങ്ങൾ വ്യത്യസ്ത റോളുകൾ

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടേയും തങ്കമ്മയുടേയും മകനായി 1933 സെപ്റ്റംബർ 23ന് ജനിച്ച മാധവൻ നായർ മലയാള ചലച്ചിത്ര ലോകത്തേക്കു കടന്നുവരുന്നത് 1962ലാണ്. രാമുകര്യാട്ടിന്റെ ‘മൂടുപട’മായിരുന്നു ആദ്യസിനിമ. എന്നാൽ റിലീസായ ആദ്യ ചിത്രം ‘നിണമണിഞ്ഞ കാല്പാടുകൾ’ ആയിരുന്നു. ശോഭനാ പരമേശ്വരൻ നായർ നിർമ്മിച്ച് പി എൻ പിഷാരടി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേംനസീറിന്റെ നായക കഥാപാത്രത്തെ വെല്ലുന്ന അഭിനയപ്രകടനത്തിലൂടെ മധു പ്രേക്ഷക ശ്രദ്ധ നേടി. പിന്നീടങ്ങോട്ട് ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേധം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ, അമ്മയ്ക്കൊരു താരാട്ട്,
കായലും കയറും, യാഗം, കോളിളക്കം, പടയോട്ടം, പച്ചവെളിച്ചം, 1921,നാടുവാഴികൾ, ചമ്പക്കുളം തച്ചൻ, ട്വന്റി ട്വന്റി… തുടങ്ങി മധു മലയാള സിനിമയുടെ അവിഭാജ്യതയായി മാറിയ എത്രയെത്ര ചിത്രങ്ങൾ.
1969ൽ കെ എ അബ്ബാസിന്റെ ‘സാഥ് ഹിന്ദുസ്ഥാനി’ എന്ന ഹിന്ദി ചിത്രത്തിലൂടെ ഹിന്ദിയിലും മുഖം കാണിച്ചു. അമിതാബ് ബച്ചൻ തന്റെ ചലച്ചിത്രജിവിതത്തിന് അരങ്ങേറ്റം കുറിച്ചത് ഈ സിനിമയിൽ മധുവിനൊപ്പമായിരുന്നു.

പരീക്ഷണങ്ങളുടെ തോഴൻ

മറ്റു നായക നടന്മാർ പ്രായത്തിൽ കവിഞ്ഞ വേഷങ്ങളും നെഗറ്റീവ് വേഷങ്ങളും ചെയ്യാൻ വിമുഖത കാണിക്കുമ്പോഴാണ് മധു മലയാള ചലച്ചിത്ര ലോകത്തിലെ വേറിട്ട മുഖമാവുന്നത്. 1980കളിൽ പ്രായത്തിനൊത്തതും പക്വതയാർന്നതുമായ വേഷങ്ങളിലേക്ക് അദ്ദേഹം ചേക്കേറി. അഭിനയസാധ്യതയുള്ള ഏത് കഥാപാത്രവും ചെയ്യാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. പരീക്കുട്ടിയെന്ന പ്രണയാതുരനായ കാമുകൻ പ്രേക്ഷക മനസിൽ മായാതെ നിൽക്കുമ്പോൾ തന്നെ, വില്ലനായും, അച്ഛനായും അപ്പൂപ്പനായും, കാരണവരായും അഭിനയിക്കാൻ അദ്ദേഹം തയ്യാറായി. വെറുമൊരു കൊമേഴ്സ്യൽ നടനായ് മാത്രം അറിയപ്പെടാൻ മധു ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കോമേഴ്സ്യൽ/ആർട്ട് വേർതിരിവില്ലാതെ എന്നും പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകാൻ അദ്ദേഹം തയ്യാറായിരുന്നു. പി എൻ മേനോന്റെ ‘ഓളവും തീരവും’, ജോൺ എബ്രഹാമിന്റെ ആദ്യ ചിത്രമായ ‘വിദ്യാർത്ഥികളെ ഇതിലെ ഇതിലെ… അടൂരിന്റെ ‘സ്വയംവരം’ തുടങ്ങിയവ ഉദാഹരണങ്ങൾ.
മൂടുപടത്തിലെ കൊച്ചുകുഞ്ഞ്, ഭാർഗവീ നിലയത്തിലെ ശശികുമാർ എന്ന സാഹിത്യകാരൻ, ഓളവും തീരവും മലയാളത്തിനു സമ്മാനിച്ച മധുമാനറിസങ്ങളില്ലാത്ത ബാപ്പുട്ടി, പിൽക്കാലത്ത് പൂർണ സംതൃപ്തി നൽകിയെന്ന് അദ്ദേഹം അവകാശപ്പെടുന്ന കുടംബ സമേതത്തിലെ രാഘവപ്പണിക്കർ, സ്പിരിറ്റിലെ ക്യാപ്റ്റൻ നമ്പ്യാർ തുടങ്ങി എത്രയെത്ര വ്യത്യസ്ത കഥാപാത്രങ്ങൾ.

1977 ൽ ഐ വി ശശിയും പത്മരാജനും കൈകോർത്ത ‘ഇതാ ഇവിടെ വരെ‘യിലെ ആന്റിഹീറോ, താറാവുകാരൻ പൈലി. പരീക്കുട്ടിയെന്ന പ്രണയാതുരനായ കാമുകനിലൂടെ മധുവെന്ന നായക നടനെ മനസിൽ കുടിയിരുത്തിയ ആരാധകർ പൈലിയെ സ്വീകരിക്കാൻ ഒട്ടും വിമുഖത കാണിച്ചില്ല. ഏത് തരം കഥാപാത്രവും ആ കൈകളിൽ ഭദ്രം.
സത്യൻ‑ശാരദ, നസീർ‑ഷീല ജോഡികൾ പോലെ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്ന താരജോഡിയായിരുന്നു മധു-ശ്രീവിദ്യ. ആ കോമ്പിനേഷന്റെ കെമിസ്ട്രി ഒന്നു കൊണ്ടു മാത്രം ഹിറ്റായ എത്രയെത്ര സിനിമകൾ. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എം ടിയുടെ അതിർത്തികൾ ലംഘിക്കരുത്, തീക്കനൽ, ചെണ്ട, ഏണിപ്പടികൾ തുടങ്ങി അറുപതോളം ചിത്രങ്ങളിൽ മധു ‑ശ്രീവിദ്യ താരജോഡി തിളങ്ങി.
പ്രിയപ്പെട്ട ചിത്രമേതെന്ന് ചോദിച്ചാൽ കാലത്തിനപ്പുറം വളർന്ന ചെമ്മീനല്ല, സിന്ദൂര ചെപ്പാണെന്ന് അഭിനയചക്രവർത്തി. എങ്കിലും പരീക്കുട്ടിയിലും നിസ്വാർത്ഥനായൊരു കാമുകനെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അനുസ്മരിക്കുന്നു. പുതിയ തലമുറപോലും പരീക്കുട്ടിയെ നെഞ്ചിലേറ്റിയത് ആ നിഷ്കാമ കർമ്മം കൊണ്ടാണെന്ന് പറയുമ്പോള്‍ മുഖത്ത് ആഢ്യത്വം നിറഞ്ഞ ചിരി.

മധുവെന്ന ഫിലിംമേക്കർ

പരീക്കുട്ടിയുടെ വിജയത്തിനു ശേഷം തന്റെ അടുത്തേക്ക് വന്ന പൊട്ടക്കാമുകൻ വേഷങ്ങൾ ചെയ്ത് മടുത്തപ്പോഴാണ് സ്വന്തമായ് സംവിധാനം ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ ഫിലിംമേക്കർ നടനോ സംവിധായകനോ അല്ല നിർമ്മാതാവാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രൊഡ്യൂസർ ഈസ് ദ മേക്കർ ഓഫ് ദ ഫിലിം.  1970 ൽ പുറത്തിറങ്ങിയ ‘പ്രിയ’ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സി രാധാകൃഷ്ണന്റെ ‘തേവിടിശ്ശി’ എന്ന നോവലിന് അദ്ദേഹത്തിന്റെ തന്നെ തിരക്കഥ. എൻ പി അലി ആയിരുന്നു നിർമ്മാണം. അടൂർ ഭാസിയെ ആയിരുന്നു നായകനായി മധു തിരഞ്ഞെടുത്തത്. കോമഡിയില്ലാതെ ഭാസിക്ക് ഒരു മുഴുനീളൻ വേഷം. അതും അക്കാലത്ത് ഒരു പരീക്ഷണമായിരുന്നു. ശാരദയെ ആയിരുന്നു നായികയായി ഉദ്ദേശിച്ചിരുന്നത്. തിരക്കു കാരണം ശാരദയ്ക്ക് അഭിനയിക്കാനായില്ല. കൽക്കത്തയിലെ തിയറ്റർ ആർട്ടിസ്റ്റായ ലില്ലി ചക്രവർത്തി ആയിരുന്നു നായിക വേഷത്തിൽ. സ്ത്രീലമ്പടനായ ഒരു ആന്റി ഹീറോയായി മധുവും. അന്ന് ആ റോൾ ചെയ്യരുതെന്ന് പലരും ഉപദേശിച്ചതായി മധു. പക്ഷേ, താര പദവി നിലനിർത്തുന്നതിനല്ല, അഭിനയസാധ്യതയ്ക്കായിരുന്നു മധു എന്നും പ്രഥമ പരിഗണന നൽകിയിരുന്നത്.

ചിത്രം പൂർത്തിയായപ്പോൾ സെൻസർ ബോർഡ് ‘A’ സർട്ടിഫിക്കറ്റ് നൽകി. പക്ഷേ ചിത്രം നിറഞ്ഞ സദസിലോടി. നിരൂപകരും പ്രേക്ഷകരും മുക്തകണ്ഡം പ്രശംസിച്ചു. സംസ്ഥാന സർക്കാരിന്റെ ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും ‘പ്രിയ’ നേടിയെടത്തു.
ചിത്രം റിലീസായ ദിവസം കൊല്ലത്ത് ഗ്രാന്റ് തീയേറ്ററിൽ നേരിട്ട് പോയ അനുഭവം അദ്ദേഹം പങ്കുവച്ചു: ചിത്രം പ്രേക്ഷകർ എങ്ങനെ ഏറ്റുവാങ്ങുമെന്ന ഒരാകാംക്ഷയിലായിരുന്നു. പുരുഷന്മാർക്കിടയിൽ രണ്ട് പെൺകുട്ടികൾ മാത്രം. സെൻസർ ബോർഡ് A സർട്ടിഫിക്കറ്റ് നൽകിയതിന്റെ പ്രതിഷേധമായി തന്റെ പെൺമക്കളുമായി തീയറ്ററിലെത്തിയ ആ അച്ഛനെ അദ്ദേഹം ഇപ്പോഴും ഓർക്കുന്നു.
‘പ്രിയ’യുടെ വിജയം പകർന്ന ആത്മവിശ്വാസത്തിൽ സിന്ദൂരച്ചെപ്പ്, നീലക്കണ്ണുകൾ, തീക്കനൽ എന്നിവയുൾപ്പെടെ പന്ത്രണ്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. അതിൽ തീക്കനൽ അന്നോളം മലയാള സിനിമ കണ്ടതിൽ നിന്ന് വ്യത്യസ്തമായൊരനുഭവമായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയിൽ ഒരു സ്റ്റൈലിഷ് ചിത്രം. തോപ്പിൽ ഭാസിയായിരുന്നു തിരക്കഥ.

 

 

അക്ഷരാർത്ഥത്തിൽ ആ സിനിമ ഒരു വൺമാൻഷോ ആയിരുന്നു. 1976 ൽ വിഷു റിലീസായിരുന്ന ‘തീക്കനൽ’ വൻ വിജയമായിരുന്നു. ഒപ്പം റിലീസ് ചെയ്ത നസീർ ചിത്രങ്ങളെ ‘തീക്കനൽ’ പിന്തള്ളി. കളർ ചിത്രമായിരുന്നിട്ടു കൂടി അതിന്റെ പ്രിന്റ് നഷ്ടപ്പെടാനിടയായതിനു പിന്നിലെ ചതി വിഷമത്തോടെ അദ്ദേഹം അനുസ്മരിക്കുന്നു. ചിത്രത്തിന്റെ നിർമ്മാതാവെന്ന് അവകാശപ്പെട്ടയാൾ (അയാൾ യഥാർത്ഥ നിർമ്മാതാവിന്റെ ബിനാമി ആയിരുന്നുവെന്ന് അദ്ദേഹം). മനപ്പൂർവം പ്രിന്റ് കൈവശപ്പെടുത്തി. നിയമപരമായി ജയിച്ചെങ്കിലും അപ്പോഴേയ്ക്കും നെഗറ്റീവ് നശിപ്പിക്കപ്പെട്ടിരുന്നു
സതി, മാന്യശ്രീ വിശ്വാമിത്രൻ, അക്കൽദാമ, ഉദയം പടിഞ്ഞാറ് തുടങ്ങി പതിനഞ്ച് ചിത്രങ്ങൾ നിർമ്മിച്ചു. കാശു മാത്രം ലക്ഷ്യമാക്കി ആയിരുന്നില്ല സിനിമ നിർമ്മിച്ചത് സാമ്പത്തിക വിജയത്തിനൊപ്പം കലാമൂല്യത്തിനും പ്രാധാന്യം നൽകിയിരുന്നു. അഭിനയത്തിലെന്നതു പോലെ സംവിധാനത്തിലും, നിർമ്മാണത്തിലും വ്യത്യസ്ത പുലർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതറിയാവുന്നതുകൊണ്ടാവണം സിൽക്ക് സ്മിത നായികയാക്കി നിർമ്മിച്ച ‘രതിലയം’ പോലും കുടംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.
ഒരു യുഗസന്ധ്യ എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. രമണൻ എന്ന സിനിമയിൽ അദ്ദേഹം മൂന്നു ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ഇരുപതോളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഞാൻ ഒരു സ്റ്റാറായിരുന്നില്ല അഭിനേതാവായിരുന്നു

വിഖ്യാത എഴുത്തുകാരായ ബഷീർ, എം ടി വാസുദേവൻ നായർ, പാറപ്പുത്ത്, എസ് കെ പൊറ്റെക്കാട്, തോപ്പിൽ ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയവരുടെ സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള അവസരം എപ്പോഴും ലഭിച്ചിരുന്നത് മധുവിനായിരുന്നു. ചെമ്മീനിലെ പരീക്കുട്ടി, ഭാർഗവിനിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടൻ പ്രേമത്തിലെ ഇക്കോരൻ, ഏണിപ്പടികളിലെ കേശവപിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ്… തുടങ്ങിയ എത്രകഥാപാത്രങ്ങൾ. ഇതെന്തുകൊണ്ടെന്ന് ചോദിച്ചാൽ അദ്ദേഹം പറയുന്നതിങ്ങനെ:
‘ഞാൻ ഒരു സ്റ്റാറായിരുന്നില്ല, അഭിനേതാവായിരുന്നു. സിനിമയ്ക്കായി കഥയുണ്ടാക്കുമ്പോൾ പലപ്പോഴും നായകനെ മഹത്വവൽക്കരിക്കുന്ന രീതിയിലാവും. സാഹിത്യ കൃതികളിലെ നായകന്മാർ പച്ചയായ മനുഷ്യരാണ്. മഹത്വവൽക്കരിക്കപ്പെട്ടവരല്ല. ഒരു സ്റ്റാറല്ല, അഭിനേതാവാണ് അതിനു ചേരുന്നത്.’

ഗാനരംഗങ്ങൾ ഹിറ്റാവാൻ നൃത്തം ചെയ്യണമെന്നില്ല

ഗാനരംഗങ്ങൾ ഹിറ്റാവണമെങ്കിൽ നായകനും നായികയും ആടി പാടണമെന്ന രീതി തിരുത്തിക്കുറിക്കുകയായിരുന്നു മധു. ഒരു ഗാനരംഗത്തിൽ പോലും ഡാൻസ് ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മാണിക്യവീണയുമായെൻ…, അപാര സുന്ദര നീലാകാശം…, വൃശ്ചിക രാത്രി തൻ…, അനുരാഗഗാനം പോലെ…, ഏഴിലം പാല പൂത്തു… തുടങ്ങി ഭാവാഭിനയം കൊണ്ട് അനശ്വരമാക്കിയ എത്രയെത്ര ഗാനങ്ങൾ.
സിനിമയെന്നാൽ കഥകളി പോലെ ഭാവാഭിനയത്തിന് പ്രാധാന്യം നൽകേണ്ട കലാരൂപമാണെന്ന് അദ്ദേഹം. ഞാനിതെഴുതുമ്പോൾ വന്നത് ഗോവണി കയറിപ്പോവുന്ന ഡോ. രമേഷ് എന്ന കഥാപാത്രം (ചിത്രം: ഹൃദയം ഒരു ക്ഷേത്രം) മനസിൽ തെളിയുന്നു. “മംഗളം നേരുന്നു നിനക്കു ഞാൻ…” മലയാളത്തിലെ എക്കാലത്തെയും ഹിറ്റു ഗാനങ്ങളിലൊന്ന്. ഭാവാഭിനയത്തിന്റെ ചക്രവർത്തി മധു അനശ്വരമാക്കിയ ഗാനരംഗം. ഇങ്ങനെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന എത്രയെത്ര ഗാനരംഗങ്ങൾ.

എണ്ണമറ്റ ഗാനരംഗങ്ങളിൽ ഏറ്റവും ഇഷ്ടമായ ഗാനമേതെന്ന ചോദ്യത്തിന് ഉത്തരമിങ്ങനെ:
‘പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുണ്ട്, യുദ്ധകാണ്ഡത്തിലെ ‘ശ്യാമ സുന്ദര പുഷ്പമേ…’ ആണെന്ന്. അതിലും കാവ്യാത്മകമായൊരു ഗാനം ആ സിനിമയിലുണ്ട്.
“ഋതുരാജ രഥത്തിൽ സഖി നീ
വരുവാൻ വൈകുവതെന്തേ… ” കോളജ് അങ്കണത്തിൽ ഞാൻ പാടുന്നതാണ് രംഗത്ത്. ജയഭാരതിയും കൂട്ടുകാരികളും കേട്ടു നിൽക്കുന്നു.
മധു — ജയഭാരതി കോമ്പിനേഷൻ അനശ്വരമാക്കിയ ആ ഗാനരംഗം കാണാനവസരമുണ്ടായില്ലെങ്കിലും “നിദ്രയിൽ ഞാൻ ചാർത്തും ചുംബന
മുദ്രകൾ നീയറിയാതെ…” എന്ന വരികൾ മൂളിയിട്ടില്ലാത്ത കാമുക ഹൃദയങ്ങളുണ്ടാവോ.
നീലക്കണ്ണുകളിലെ കല്ലോലിനി, കാമം ക്രോധം മോഹത്തില സ്വപ്നം കാണും പെണ്ണേ, അസ്തമയത്തിലെ പാൽപൊഴിയും മൊഴി, സിന്ദൂരചെപ്പിലെ ഓമലാളെ കണ്ടു ഞാൻ, ദിവ്യദർശനത്തിലെ സ്വർണ്ണ ഗോപുര നർത്തകീ ശില്പം… തുടങ്ങി എത്രയെത്ര മെലഡികളാണ് മധു — ജയഭാരതി കോമ്പിനേഷൻ സമ്മാനിച്ചത്.
ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾക്ക് പിന്നിൽ ഏതൊരാൾക്കും ചില ഓർമ്മകളുണ്ടാവും. ഓർമ്മകൾ പിടിവിട്ട ആട്ടിൻകുട്ടിയെപ്പോലെ മേച്ചിൽപ്പുറങ്ങൾ തേടി അലഞ്ഞു നടക്കുന്നു. നിറം മങ്ങിയ ഓർമ്മകളിലെവിടെയോ ഒരു പുഴക്കര. നനയ്ക്കാനും കുളിക്കാനുമായി വന്ന അമ്മൂമ്മയ്ക്ക് കൂട്ടു വന്നതാണ് അവളും അപ്പച്ചിയും. അവർക്ക് പരസ്യമായി കുളിക്കാൻ അനുവാദമില്ല. തുണിയലക്കാം. അലക്കുന്നതിനിടയിൽ അപ്പച്ചി മൂളുന്നുണ്ട് “കൃഷ്ണ പക്ഷക്കിളി ചിലച്ചു…”
പിന്നെ വിവരണമായി.
“മധുവും ജയഭാരതിയുമാണ് സീനിൽ. ഇതു പോലൊരു പുഴയിൽ, ദേ അതുപോലൊരു പാറമേൽ എന്ന് തുടങ്ങി… ഡാൻസ് ചെയ്താലേ പാട്ട് ഹിറ്റാവൂന്ന് ആരാ പറഞ്ഞത്. എത്രയെത്ര റോമാന്റിക് ഗാനങ്ങളാണ് മധു — ജയഭാരതി, മധു ‑ശ്രീവിദ്യ കോമ്പിനേഷനിൽ.”
കാണാതെ തന്നെ, മധു ഫാനായിരുന്ന അപ്പച്ചിയിലൂടെ ആ രംഗം അവളുടെ കുഞ്ഞു മനസിൽ പതിഞ്ഞു. പതിറ്റാണ്ടുകൾക്കിപ്പുറം, ഇന്ന് യുട്യൂബിൽ ആ രംഗം കാണുമ്പോൾ ഒട്ടും പുതുമ തോന്നുന്നതേയില്ല… ആ പുഴക്കര, ആ പാറക്കല്ല്… ഓർമ്മകൾക്ക് അമ്മൂമ്മയുടെ തടിപ്പെട്ടിയിലെ താഴാമ്പൂവിന്റെ വാസന.

ആരവങ്ങളില്ലാതെ

അവസാനമായി അഭിനയിച്ചത് ‘വൺ’ എന്ന സിനിമയിൽ. അതും മമ്മൂട്ടിയുടെ നിർബ്ബന്ധ പ്രകാരം. ഒരൊറ്റ സീനിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവായി. അച്ഛൻമാർക്കും കാരണവർമാർക്കും സിനിമയിൽ സ്ഥാനമില്ലാതായിരിക്കുന്നെന്ന പരിഭവം അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. പേരിനൊരു റോൾ ചെയ്യാൻ തീരെ താൽപ്പര്യവുമില്ല. എങ്കിലും ഒരു മുഴുനീള കഥാപാത്രം കിട്ടിയാൽ വീണ്ടും വെള്ളിത്തിരയിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നദ്ദേഹം. പന്ന്യൻ രവീന്ദ്രന്റെ കഥാതന്തുവിൽ കെ ജയകുമാർ തിരക്കഥയെഴുതി മധുപാൽ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ട്.
കണ്ണമ്മൂലയിലെ വീട്ടിൽ തിരക്കുകളിൽ നിന്നൊഴഞ്ഞ് സ്വയം പ്രഖ്യാപിത ക്വാറന്റയിനിൽ കഴിയുകയായിരുന്നു മധു സാർ. ഒപ്പം സന്തത സഹചാരിയായ തങ്കൻ ചേട്ടനുമുണ്ട്. താൻ മരിക്കുമ്പോൾ ഒപ്പമുണ്ടായിരിക്കണമെന്നാഗ്രഹിച്ചിരുന്ന ഭാര്യ തങ്കം എട്ടുവർഷം മുമ്പ് പോയി. തുറന്നു കിടക്കുന്ന മുറിയിലേക്ക് ചൂണ്ടി അദ്ദേഹം പറയുന്നു;
”അതായിരുന്നു അവൾ കിടന്നിരുന്ന മുറി. ഇവിടെ ഞാൻ ഏകനല്ല എന്റെ തങ്കം ഒപ്പമുണ്ട്…”
‘ഞാൻ ഏകനാണ് ’ സിനിമയിലെ മാധവൻകുട്ടി മേനോൻ ഐപിഎസ് ഒരു മാത്ര ആ മുഖത്ത് മിന്നിമറയുന്നു.
ആ വാതിൽ ഇപ്പോഴും അടച്ചിട്ടില്ലാന്ന് പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ടല്ലോന്ന് ചോദിച്ചപ്പോൾ അഭിനയം തീരെയില്ലാതെ ഭാവാഭിനയചക്രവർത്തിയുടെ മറുപടി:
”അതിനു പിന്നിൽ വൈകാരികതയല്ല. കാറ്റും വെളിച്ചവും കയറാനാണ്. പക്ഷേ, എന്റെ തങ്കം ഇപ്പോഴും ഇവിടെയുണ്ട്…”

TOP NEWS

July 13, 2024
July 13, 2024
July 13, 2024
July 12, 2024
July 12, 2024
July 12, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.