വിജയ് സി എച്ച്

February 28, 2021, 4:00 am

നിറങ്ങളുടെ കലഹവും വിശ്വാസവും

Janayugom Online

ർട്ടിസ്റ്റ് നമ്പൂതിരിയുടെ നാട്ടിൽ വരയുടെ വഴിയില്‍ മറ്റൊരു പ്രതിഭ കൂടി. എടപ്പാളിനടുത്തുള്ള ആലങ്കോട് ജനിച്ചു വളർന്ന ഈ ചിത്രകാരി കരിവാട്ടുമനയിലെ കലാകാരണവരെ ഒരിക്കൽ പോലും കണ്ടിട്ടില്ല. ദീപു എന്ന് ചിത്രരചനാ വൃത്തങ്ങളിൽ അറിയപ്പെടുന്ന ദീപ്തി ജയൻ, തമിഴ് നാട് ഇലക്ട്രിസിറ്റി ബോർഡിൽ ജോലിചെയ്യുന്ന ഭർത്താവിനോടൊത്ത്, കഴിഞ്ഞ ഇരുപതുവർഷമായി അയൽ സംസ്ഥാനത്തെ വിവിധ ഗ്രാമങ്ങളിൽ വരയുടെ ലോകത്ത് വസിക്കുന്നു. ചായക്കൂട്ടുകളുമായുള്ള ഉൽക്കടമായ പ്രണയലീലയില്‍ രാവിന്റെ ഏഴാംയാമം താണ്ടുമ്പോൾ, ദീപു പെയിന്റിങ് ബോർഡിനു താഴെ വീണുറങ്ങും, തന്റെ രചനകൾ വിലയിരുത്താൻ കേരളക്കരയിൽനിന്ന് കലാസ്നേഹികൾ എത്തുമെന്ന് സ്വപ്നം കാണും.

 

പ്രിയപ്പെട്ടവൻ കണ്ടെത്തിയ പ്രതിഭ
എൽകെജി യിൽ പഠിച്ചിരുന്ന മൂത്ത മകൻ ചന്തുവിന്റെ പുസ്തകത്തിൽ ‘എ ഫോർ ആപ്പിൾ’ വരച്ച് അവനെ സഹായിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഘര്‍ത്താവ് ജയന്‍ നന്നായി വരയ്ക്കുന്നല്ലോയെന്ന് ആശ്ചര്യപ്പെട്ടു. തുടര്‍ന്ന് ദീപുവിന് ചിത്ര രചന ഔപചാരികമായി പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി. ചെന്നൈ പട്ടണത്തിൽനിന്ന് ഏറെ ദൂരത്തുള്ള ഗ്രാമത്തിൽ താമസിച്ചിരുന്ന അവര്‍ക്ക് ഒന്നും അത്ര എളുപ്പമായിരുന്നില്ല. പക്ഷെ, നന്നായി പടം വരക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്യുമായിരുന്ന പിതാവിന്റെ രക്തം തന്നെയാണ് ദീപുവിന്റെ സിരകളിൽ ഓടുന്നതെന്ന് ഇഷ്ടമുള്ളൊരാൾ കണ്ടെത്തിയ നിമിഷം മുതൽ അവരുടെ വര സ്വപ്നങ്ങൾക്ക് ചിറകുകൾ ലഭിച്ചു.

ഓൺലൈൻ പഠനങ്ങൾ
മലയാള മണ്ണിലെ മുഖ്യധാരയിൽനിന്നകന്ന് തമിഴ് ഗ്രമാന്തരങ്ങളിൽ കഴിയേണ്ടിവന്ന ദീപുവിന് ബാലപാഠങ്ങൾക്കുശേഷം, വരയുടെ വലിയ ലോകത്തേക്കു പ്രവേശിക്കാൻ ഓൺലൈൻ മാർഗ്ഗങ്ങളേ തുറന്നു ഉണ്ടായിരുന്നുള്ളൂ. സമൂഹമാധ്യമ വേദികളിൽ കണ്ടുമുട്ടിയ സദു അലിയൂരും, എബി എൻ ജോസഫും കേരളക്കരയിലിരുന്നുകൊണ്ട് ദീപുവിന് സഹായഹസ്തങ്ങൾ നീട്ടി, ദേവദൂതന്മാരെപ്പോലെ! കഴിഞ്ഞവര്‍ഷം അന്തരിച്ച സദു മാഷിൽനിന്ന് വാട്ടർ കളറിംങ് പഠിച്ചു.

കേരള ലളിതകലാ അക്കാദമിയുടെ സ്വർണ്ണ മെഡൽ നേടിയ സദു മാഷ് ലോകത്ത ഏറ്റവും മികച്ച 50 ജലച്ചായ ചിത്രകാരന്മാരുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കലാകാരനായിരുന്നു. നിരവധി വിശ്വവിഖ്യാതമായ വർക്കുകൾ ചെയ്തിട്ടുള്ള എബിയിൽ നിന്ന് അക്രലിക്ക് പെയിന്റിങും സ്വായത്തമാക്കി. ദീപു ഗൃഹപാഠങ്ങൾ ചെയ്ത് അയച്ചുകൊടുക്കും. ശേഷം തിരുത്ത് നിർദ്ദേശങ്ങളുമായി അവ തിരിച്ചെത്താൻ ആകാംക്ഷയോടെ കാത്തിരിക്കും.

രേഖാചിത്രങ്ങളിലേയ്ക്ക്
സാഹിത്യമൊന്ന് തൊട്ടറിയണമെങ്കിൽ ഇലസ്ട്രേഷൻ പഠിക്കണമെന്ന് തിരിച്ചറിഞ്ഞ ദീപു ആർട്ടിസ്റ്റ് മദനന്റെ ശിഷ്യത്വം സ്വീകരിച്ചു. ”കഥയാണെങ്കിലും കവിതയാണെങ്കിലും അത് ഉള്ളിൽത്തട്ടി വായിക്കണം, അതിലെ ഏറ്റവും വൈകാരികത നിറഞ്ഞ ചില സന്ദർഭങ്ങൾ ചിന്തയിൽ മായാതെ നിലകൊള്ളും, ആ ദൃശ്യങ്ങളാണ് രേഖാചിത്രങ്ങളായി പിറവി കൊള്ളേണ്ടത്.” മദനൻ മാഷ് ശിഷ്യയ്ക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘അഷിതയുടെ ഹൈക്കു കവിതകൾ’ എന്ന പുസ്തകത്തിലെ കൊച്ചുകാവ്യങ്ങൾക്കുവേണ്ടി വരച്ച 87 ചിത്രീകരണങ്ങളിലൂടെ ദീപു രേഖാചിത്രമെന്ന മഹനീയ കലാശാഖയുടെ ഉള്ളറകളിലേക്ക് പ്രവേശിച്ചു. ശ്രീകുമാരൻ തമ്പി, സി രാധാകൃഷ്ണൻ, സച്ചിദാനന്ദൻ, പെരുമ്പടവം ശ്രീധരൻ, പ്രഭാവർമ്മ, ഏഴാച്ചേരി രാമചന്ദ്രൻ, കെജിഎസ് മുതൽ വി എം ഗിരിജ വരെയുള്ളവരുടെ രചനകള്‍ക്ക് ചിത്രീകരണം നടത്തി സ്ത്രീകള്‍ അധികം കൈവയ്ക്കാത്ത മേഖലയിലേക്ക് കടന്നു.

അമൂർത്ത ചിത്രങ്ങളെ അടുത്തറിഞ്ഞു
രൂപമോ ശരീരോ ഇല്ലാത്തതിനെയും കാന്‍വാസിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നെ സൂക്ഷ്മചിന്ത ദീപുവിന്റെ മനസിനെ മഥിച്ചപ്പോൾ, ആത്മാവിനും, വായുവിനും, കാലത്തിനും ചായം ചാലിച്ചു. വ്യക്തികളും, വസ്തുക്കളും, പ്രകൃതി ദൃശ്യങ്ങളും, ജന്തുക്കളും, സംഭവങ്ങളും മൂർത്തമായതിനാൽ ആവിഷ്ക്കാരം സുഗമമാണ്. എന്നാൽ, അമൂർത്തതയ്ക്ക് ബ്രഷുകൊണ്ട് ഭൗതിക രൂപം നൽകാൻ (Abstract art) കൂടിയാലോചനകൾ അനിവാര്യമായിരുന്നു. ഈ വിഷമ ഘട്ടത്തിൽ അവരെ മുന്നോട്ടു നടത്തിയത് അച്യുതൻ കൂടല്ലാരാണ്. തെക്കൻ ചെന്നൈയിലെ തിരുവന്മിയൂരിൽ താമസിക്കുന്ന മാടത്ത് തെക്കെപ്പാട്ട് തറവാട്ടിലെ ഗുരുവുമായി ഫോണിലൂടെയും നേരിൽകണ്ടും ദീപു സംവദിച്ചു. കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരവും, കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പും, തമിഴ്‌നാട് ലളിതകലാ അക്കാഡമി അവാർഡും നേടിയിട്ടുള്ള അച്യുതൻ മാഷുടെ വിദഗ്ദ്ധാഭിപ്രായങ്ങൾ ദീപുവിലെ അമൂർത്ത ഭാവനകളെ ദീപ്തമാക്കി.

പ്രദർശനങ്ങൾ
പതിനെട്ട് ഗ്രൂപ്പ് എക്സിബിഷനുകശിലേക്ക് ദീപുവിന്റെ പെയിന്റിങ്ങുകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിൽ ഒടുവിലത്തേതായ ‘ഓവിയം’, കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഇപ്പോഴും തുടരുന്നു. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം. കശ്മീർ ലളിതകലാ അക്കാദമി നടത്തുന്ന അന്തർദേശീയ സമൂഹ ചിത്ര പ്രദർശനത്തിൽ കഴിഞ്ഞ നാലു വർഷമായി ദീപുവിന്റെ ചിത്രങ്ങളുണ്ട്. കൂടാതെ, കേരളത്തിലും തമിഴ് നാട്ടിലുമായി മൂന്ന് സോളോ എക്സിബിഷനും നടത്തി.

പ്യുരിറ്റി ഓഫ് അഫക്ഷന്‍
2019‑ൽ, ‘ചിത്രസഞ്ചാരം’ എന്ന പേരിൽ തിരുവനന്തപുരം ലളിതകലാ അക്കാദമിയിൽ നടത്തിയ ഇരുനൂറിലേറെ എൻട്രികളുണ്ടായിരുന്ന ഒരു ദേശീയതല പ്രദർശനത്തിൽ ദീപുവിന്റെ രണ്ട് പെയിന്റിങ്ങുകളുമുണ്ടായിരുന്നു. അതിലൊന്ന് ‘പ്യുരിറ്റി ഓഫ് അഫക്ഷന്‍’ എന്ന അടിക്കുറിപ്പോടുകൂടിയ ഒരു അക്രിലിക് വർക്കായിരുന്നു. തന്റെ പേരക്കുട്ടിയെ ചേർത്തുപിടിച്ച് വടികുത്തിയിരിയ്ക്കുന്ന അപ്പൂപ്പന്റെ വാത്സല്യ വിശുദ്ധി സന്ദർശകരെ ആകര്‍ഷിച്ചു.

അതിനിടെയാണ് പന്ന്യൻ രവീന്ദ്രൻ സന്ദർശകനായെത്തിയത്. ‘പ്യുരിറ്റി ഓഫ് അഫക്ഷന്‍’ ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹം നടത്തം അവിടെ നിർത്തി, പടത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കി. “എന്തൊരു ഫീലാണ് ഈ പടത്തിന്! ഇതെന്നെ എന്റെ ബാല്യത്തിലേക്ക് തിരികെ കൊണ്ടുപോയി.” വൈകാരികത നിറഞ്ഞ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. മുത്തച്ഛനും മുത്തശ്ശിക്കും സ്ഥാനമില്ലാത്ത ഇന്നത്തെ ന്യൂക്ലിയർ കുടുംബ ഘടനയിൽ പുതിയ തലമുറയിലെ പാവം കുട്ടികൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് ഈ കലർപ്പില്ലാത്ത ലാളനയാണെന്നും പന്ന്യൻ വിതുമ്പിക്കൊണ്ട് പറഞ്ഞു.

ലാലേട്ടനെത്തി


പ്രദർശനത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചലച്ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ നിരവധി പ്രക്ഷുബ്ധ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് കോളിളക്കത്തിൽപ്പെട്ട്, ആപൽക്കരമാം വിധം പൊന്തുകയും താഴുകയും ചെയ്യുന്ന പായ്ക്കപ്പലിലാണ്. സമൂഹ മാധ്യമങ്ങളിൽ ദീപു പോസ്റ്റ് ചെയ്ത സമാന അവസ്ഥയിൽപെട്ടു നട്ടംതിരിയുന്ന ഒരു പായ്ക്കപ്പലിന്റെ അക്രിലിക് വർക്ക് ശ്രദ്ധയിൽപ്പെട്ട ലാലേട്ടൻ, പെയിന്റിങ് തനിക്കു വേണമെന്ന് ആവശ്യപ്പെട്ടു. വിലയെത്രയെന്ന് ആരാഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മുഖത്തുനോക്കി പ്രതിഫലം ചോദിക്കാൻ ദീപുവിനായില്ല. എല്ലാം മനസ്സിലാക്കിയ ലാലേട്ടൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതല്‍ തുക നല്‍കി അത് വാങ്ങി.

ഓൺലൈൻ ആർട്ട് ഗാലറി
വിപണ സാധ്യതകൾ ലക്ഷ്യമിട്ട് ദീപു വർക്കുകൾ ചില ക്യൂറേറ്റഡ് ഓൺലൈൻ ആർട്ട് ഗാലറികളിൽ upload ചെയ്യാറുണ്ട്. അതിനെത്തുടർന്ന് യുഗാലറി (UGallery) എന്ന സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ‑കൊമേഴ്സ് പ്ലാറ്റ്ഫോം മുഖേന ഒരു ഇ‑മെയിൽ സന്ദേശം അവര്‍ക്ക് ലഭിച്ചു. ഒരു കടൽ ചിത്രത്തിന് താൽപര്യം അറിയിച്ചുകൊണ്ട് മിക്കി ആംസ്ട്രോങ് എന്നൊരു ബ്രിട്ടീഷുകാരൻ എഴുതിയതായിരുന്നു അത്. ആവശ്യപ്പെട്ട 5000 ഡോളർ അദ്ദേഹം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ ദീപു പെയിന്റിങ് അയച്ചുകൊടുത്തു.

NOCMA‑യുടെ ആദരവ്
തമിഴ് ആക്ഷൻ ചലച്ചിത്രങ്ങളിലെ അഭിനേതാവും, സംവിധായകനും, നിർമ്മാതാവുമായ അർജുൻ ദീപുവിന്റെ ഒരു എക്രിലിക് വർക്ക് വാങ്ങിയത് തമിഴ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. വിവരമറിഞ്ഞ നോർത്ത് ചെന്നൈ മലയാളി അസോഷിയേഷൻ (NOCMA) അനുമോദന പരിപാടി ഏർപ്പെടുത്തി. വിവിധതുറകളിലെ ഉന്നതർ അഭിനന്ദിച്ചു സംസാരിക്കുകയും വരകളെ വിലയിരുത്തുകയും ചെയ്തു. ചടങ്ങിനൊടുവിൽ മുഖ്യാതിഥിയായി എത്തിയിരുന്ന മലയാള സിനിമയുടെ ഇതിഹാസ താരം ഷീല ദീപുവിനെ പൊന്നാട അണിയിച്ചു.

ദേവരാജൻ മാസ്റ്ററുടെ പോട്രൈറ്റ്
പ്രശസ്ത സംഗീതജ്ഞൻ ജി ദേവരാജൻ മാസ്റ്ററുടെ തൊണ്ണൂറ്റിമൂന്നാം ജന്മദിനത്തിൽ ചെന്നൈയിലെ ആശാൻ മെമ്മോറിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ‘ദേവരാഗസ്മൃതി‘യിൽ, പത്നി ലീലാമണിയമ്മയ്ക്ക് ഉപഹാരം നൽകാനുള്ള പോട്രൈറ്റ് വരയ്ക്കാൻ ദീപുവിന് ഭാഗ്യം ലഭിച്ചു. ശ്രീകുമാരൻ തമ്പി, പി ജയചന്ദ്രൻ, ചിത്ര, ലതിക, എം ജയചന്ദ്രൻ, ശരത് മുതലായവർ ഉൾപ്പെടെ ഒട്ടനവധി പ്രമുഖർ പുഷ്പാർച്ചന നടത്തിയത് മൺമറഞ്ഞ സംഗീത ചക്രവർത്തിക്കായിരുന്നുവെങ്കിലും, ആ ഓർമ്മപ്പൂക്കളെ ഏറ്റുവാങ്ങിയത് ദീപു വരച്ച ചിത്രത്തിലായിരുന്നു. സന്തോ,ത്താല്‍ അവരുടെ കണ്ണുകൾ തുളുമ്പിയത് ആരൊക്കെയോ ശ്രദ്ധിച്ചിരുന്നു. പുത്രന്മാരായ ചന്തുവും (19) കുക്കുവും (16) ഓടിവന്ന് അവരെ കെട്ടിപ്പിടിച്ചു…