December 3, 2022 Saturday

എത്രയെത്ര നാടക രാവുകൾ…

ബേബി ആലുവ
February 28, 2021 4:30 am

നാലു പതിറ്റാണ്ടോളം നീളുന്ന ചെറായി സുരേഷ് എന്ന നടന്റെ നാടകോപാസനയ്ക്ക് അംഗീകാരമായി കേരള സംഗീത നാടക അക്കാദമിയുടെ ഇക്കൊല്ലത്തെ ഗുരുപൂജ പുരസ്കാരമെത്തി. ശ്രദ്ധേയനായ നാടക പ്രവർത്തകനും യുവകലാ സാഹിതിയുടെ എറണാകുളം ജില്ലാ സ്ഥാപക പ്രസിഡണ്ടുമായിരുന്ന, അന്തരിച്ച കാർത്തികേയൻ പടിയത്തിന്റെ അവാർഡുകൾ വാരിക്കൂട്ടിയ മത്സര നാടകങ്ങളിലൂടെയാണ് സുരേഷ് അഭിനയരംഗത്തേക്കു കടക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എൻ ഇ ബാലറാം, കെപിഎസി സെക്രട്ടറിയായിരുന്ന അഡ്വ. എം ഗോപി എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്, ചെറായി സുരേഷ് എന്ന നടന് കെപിഎസി യിലേക്കുള്ള വഴി തുറന്നു. അക്കാലത്ത് സിപിഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന, മികച്ച പ്രാസംഗികനായ എസ് രണദിവേയാണ് ആ കൂടിക്കാഴ്ചയ്ക്കു മുൻകയ്യെടുത്തത്. 

കെപിഎസി രണ്ടാമതായി സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബി ട്രൂപ്പിലേക്ക് പ്രാപ്തിയുള്ള അഭിനേതാക്കളെ തേടുന്ന കാലമായിരുന്നു അത്. ബി ട്രൂപ്പിനു വേണ്ടി എസ്എൽ പുരം സദാനന്ദൻ എഴുതി, തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘സിംഹം ഉറങ്ങുന്ന കാട് ’ എന്ന നാടകത്തിൽ, പ്രൊഫഷണൽ നാടകരംഗത്തെ കന്നിക്കാരനായ സുരേഷിനു നായക വേഷം തന്നെ കിട്ടി. തൊഴിലില്ലായ്മയുടെ രൂക്ഷത പ്രമേയമാക്കിയ നാടകത്തിൽ, പോലീസുകാരനായ അച്ഛൻ സർവീസിലിരിക്കെ മരിച്ചാൽ അടുത്ത അവകാശിയായി ആ ജോലി നേടാൻ കഴിയുമെന്നു കണ്ട് അച്ഛനു വിഷം കൊടുത്തു കൊല്ലുന്ന മകനായി രംഗത്തു വന്ന സുരേഷ്, ഇരുത്തംവന്ന വേഷപ്പകർച്ചയിലൂടെ നാടകാസ്വാദകരുടെയും നാടക രചയിതാവായ എസ്സെൽപുരത്തിന്റെയും സംവിധായകനായ തോപ്പിൽ ഭാസിയുടെയും കലവറയില്ലാത്ത പ്രശംസ നേടിയെടുത്തു. അടുത്തതായി അവതരിപ്പിച്ച ‘സൂക്ഷിക്കുക, ഇടതു വശം പോവുക’ എന്ന നാടകത്തിൽ, ഒന്നു മാറ്റിപ്പിടിക്കാനുള്ള നിർദ്ദേശത്തോടെ, ഹ്യൂമർ ടെച്ചുള്ള കുട്ടൻ മേസ്തിരി എന്ന മദ്ധ്യ വയസ്കന്റെ തീർത്തും വ്യത്യസ്തമായ വേഷം നൽകി സുരേഷിലെ നടന്റെ പാത്രാവിഷ്കരണ ക്ഷമതയെ മിനുക്കിയെടുത്തു, നാടക രചയിതാവും സംവിധായകനുമായ തോപ്പിൽ ഭാസി. 

പിന്നീട്, എസ് എൽപുരത്തിന്റെ സൂര്യസോമയിൽ ‘സ്വർണ്ണവലയുള്ള ചിലന്തി’ എന്ന നാടകത്തിൽ. തുടർന്ന്, ചേർത്തല തപസ്യയുടെ, ലോഹിതദാസ് രചിച്ച് ടി കെ ജോൺ സംവിധാനം ചെയ്ത ‘സിന്ധു ശാന്തമായൊഴുകുന്നു’ എന്ന നാടകത്തിൽ ബാപ്പുട്ടി എന്ന നായക വേഷം. ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ, തിരുവനന്തപുരം വികാസിന്റേതുൾപ്പെടെ മികച്ച നടനുള്ള 11 അവാർഡുകൾ സുരേഷിനു ലഭിച്ചു. (ഈ നാടകം പിന്നീട് ‘ആധാരം’ എന്ന പേരിൽ സിനിമയായപ്പോൾ ബാപ്പുട്ടിയുടെ വേഷം ചെയ്ത മുരളി മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി). തപസ്യയ്ക്കു ശേഷം ആറു വർഷം തുടർച്ചയായി ടി കെ ജോണിന്റെ സമിതിയായ വൈക്കം മാളവികയിലായിരുന്നു സുരേഷ്. ‘ശുദ്ധികലശം’ നാടകത്തിലൂടെ ഇടയ്ക്ക് വിട്ടു നിന്ന കെപിഎസി യിലേക്കു വീണ്ടും മടക്കം. കെപിഎസിക്കും സൂര്യസോമയ്ക്കും മാളവികയ്ക്കും പുറമെ, ആലുവ മൈത്രി കലാകേന്ദ്രം, പാലാ കമ്മ്യൂണിക്കേഷൻ, കൊല്ലം ഗീഥാ കമ്മ്യൂണിക്കേഷൻ, അങ്കമാലി നാടക നിലയം, ചങ്ങനാശ്ശേരി പ്രതിഭ, പൂഞ്ഞാർ നവധാര, ആലുവ ശാരിക, ചേർത്തല ജൂബിലി, കൊച്ചിൻ നാടകവേദി, കൊച്ചിൻ കൺമണി, കൊട്ടാരക്കര ആശ്രയ, ആറ്റിങ്ങൽ ശ്രീധന്യ, തിരുവനന്തപുരം സ്വദേശാഭിമാനി തുടങ്ങിയ ഒട്ടേറെ നാടക സമിതികളുടെ 35- ലേറെ നാടകങ്ങളിലൂടെ ഏഴായിരത്തോളം നാടക രാവുകളിൽ, അരങ്ങിന്റെ പ്രകാശപ്പൊലിമയിൽ, അഭിനന്ദനാർഹമായ ശബ്ദ നിയന്ത്രണത്തിലൂടെ, ഭാവപ്പകർച്ചയിലൂടെ ജീവനുള്ളതാക്കി മാറ്റിയ വ്യത്യസ്ത മനോവ്യാപാരങ്ങളുള്ള എത്രയെത്ര കഥാപാത്രങ്ങൾ. നാടക മർമ്മമറിയാവുന്ന തോപ്പിൽ ഭാസി, എസ് എല്‍പുരം എന്നീ ഗുരുക്കന്മാരിൽ നിന്നു കിട്ടിയ ശിക്ഷണത്തിൽ നിന്നു സ്വരൂപിച്ച ഊർജ്ജം കൈമുതലാക്കി വിവിധ പ്രൊഫഷണൽ നാടക സമിതികളുടെ സ്വർഗ്ഗപുത്രി, മാനത്തെ പൊന്നൂഞ്ഞാൽ, ആകാശക്കൊട്ടാരം, സുമംഗലിയുടെ സ്വപ്നം, കാർത്തികേയൻ പടിയത്തിന്റെ സാഗര സംഗീതം എന്നീ നാടകങ്ങളും സുരേഷ് സംവിധാനം ചെയ്തിട്ടുണ്ട്. 

ദിവസം നാലു നാടകം വരെ കളിച്ച കാലം സുരേഷ് ഓർക്കുന്നു. ഒരു നഗരത്തിൽ ഒരു വേദിയിൽ വിവിധ ഫൈൻ ആർട്സ് സൊസൈറ്റികൾക്കു വേണ്ടി ആഴ്ചകളോളം സെറ്റ് അഴിക്കാതെ കെപിഎസി നാടകം കളിച്ച കാലമുണ്ടായിരുന്നു. 700 — ഓളം ഫൈൻ ആർട്സ് സൊസൈറ്റികൾ സജീവമായിരുന്ന കേരളത്തിൽ, അവയില്ലാതായതോടെ പള്ളിപ്പെരുന്നാളുകളും ഉത്സവപ്പറമ്പുകളും മാത്രമായി പ്രൊഫഷണൽ നാടക സമിതികളുടെ ആശ്രയം. കോവിഡ് മഹാമാരിയുടെ വരവോടെ ആൾക്കൂട്ടങ്ങൾക്കു നിയന്ത്രണം വന്നതോടെ അവിടങ്ങളിലും നാടകത്തിനു കർട്ടൻ വീണു. അതിന്റെ ഫലമായി ആയിരക്കണക്കിനു നാടക കലാകാരന്മാരും കലാകാരികളും സാങ്കേതിക പ്രവർത്തകരും മാസങ്ങളായി ദുരിതത്തിൽ. നാടകരംഗത്തെ പ്രതിസന്ധി വർദ്ധിക്കുന്നു… ചെറായി സുരേഷ് ഇരുണ്ട നാടകകാലത്തെ വ്യാകുലതയോടെ നോക്കുന്നു. 

തോപ്പിൽ ഭാസിയുടെ ഇളയ സഹോദരൻ കുമാരപിള്ളയുടെ മകൾ അനിതയാണ് സുരേഷിന്റെ ഭാര്യ. കെപിഎസി അടക്കം പല നാടക സമിതികളിലും സഹകരിച്ചിട്ടുള്ള മികച്ച അഭിനേത്രിയായ അനിത ധാരാളം പ്രാദേശിക പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിപിഐ ചാരുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി സോഹന്റെ പത്നിയും തിരുവനന്തപുരത്ത് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥയുമായ നീലിമ സുരേഷ് ഏകമകൾ.
eng­lish sum­ma­ry; varan­tham about cherai suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.