നാടോടിപ്പാട്ടിലെ പ്രകാശം (ന്‍)

ശാസ്താംകോട്ട ഭാസ്
Posted on August 02, 2020, 4:15 am

ശാസ്താംകോട്ട ഭാസ്

“ആദിയില്ലല്ലോലന്തമില്ലല്ലോ
ലക്കാലംപോയായുകത്തിൽ
ഇരുളുമില്ലല്ലോവെളിച്ചമില്ലല്ലോ
ലക്കാലംപോയായുകത്തിൽ…
ഊണുമില്ലല്ലോലുറക്കമില്ലല്ലോ
ലക്കാലംപോയായുകത്തിൽ
രയ്യരയ്യാ. . രയ്യരയ്യാ… രയ്യരം രയ്യരം രയ്യരയ്യം.… ”
ആദിയും അന്തവുമില്ലാത്ത ജീവിതത്തിന്റെ അന്തഃസാര ശൂന്യതയെ നാടൻപാട്ടിന്റെ ഈരടികളാൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ ആടിത്തിമർക്കുകയാണ് നാടോടി പ്രകാശ് എന്ന പ്രകാശ്കുട്ടൻ. നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാടൻപാട്ടിന്റെ ജീവതാളത്തിലേക്ക് ഇറങ്ങിവന്ന നാടൻ പാട്ടുകലാകാരൻ. ഉത്സവരാവുകളിൽ, നാട്ടരങ്ങുകളിൽ നാടൻപാട്ടിന്റെ ചടുലതാളങ്ങളിൽ ഇമ്പപ്പെട്ട വായ്ത്താരികൾ കൊണ്ട് പ്രേക്ഷകരെ പാടി ഉണർത്തിയ നാട്ടുവഴക്കത്തിന്റെ കാവലാൾ. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഫോക് ലോർ അക്കാഡമി പ്രതിഭാപുരസ്ക്കാരം പ്രകാശ്കുട്ടനെ തേടിയെത്തിയത് അർഹതയ്ക്കുള്ള അംഗീകാരമായി.

നാടൻപാട്ടിന്റെ പ്രചാരണത്തിനും ചൊൽക്കാഴ്ചകൾക്കും വേണ്ടി സമർപ്പിച്ച ജീവിതമാണ് പ്രകാശ്കുട്ടന്റേത്. മനസ്സ് മലിനമാകാത്ത ഒരു ജനതയുടെ ആത്മനൊമ്പരങ്ങളാണ് നാടൻപാട്ടുകൾ. നിസ്വരും നിരാലംബരുമായിരുന്ന മണ്ണിന്റെ മക്കൾ പണിയെടുക്കുന്ന വേളകളിൽ പാടിപ്പൊലിപ്പിച്ച നാടൻ പാട്ടുകൾ അതിന്റെ ഗരിമ നിലനിർത്തിക്കൊണ്ടു തന്നെ അരങ്ങുകളിൽ പാടിതിമർക്കാനുള്ള പ്രകാശ്കുട്ടന്റെ കഴിവ് പ്രശംസനീയമാണ്. ഒരു കാലത്ത് കേരളത്തിന്റെ നെല്ലറ എന്ന് പേരുകേട്ട പടിഞ്ഞാറെകല്ലടയിലെ വിളന്തറയിൽ ഒരു സാധാരണ കർഷകത്തൊഴിലാളി കുടുംബത്തിൽ പി കുട്ടന്റേയും റ്റി. നാണിയുടേയും മകനായി ജനിച്ച പ്രകാശ് താൻ വളർന്ന ജീവിത സാഹചര്യങ്ങളിൽ നിന്നും ലഭിച്ച അറിവും മണ്ണിനോടും മണ്ണിൽ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളോടുമുള്ള അഭിനിവേശവും കൊണ്ട് ബാല്യ‑കൗമാര കാലത്തുതന്നെ നാടൻ സംസ്കൃതിയോടിണങ്ങിയായിരുന്നു ജീവിച്ചുപോന്നത്. അതായിരുന്നു പിൽക്കാലത്ത് നാടൻപാട്ടിന്റേയും നാടൻകലകളുടേയും പ്രചാരകനും സംരക്ഷകനുമാകാൻ പ്രകാശ്കുട്ടനെ പ്രേരിപ്പിച്ച ഘടകം.

1996–97 കാലഘട്ടത്തിൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് പ്രകാശ്കുട്ടന്റെ നേതൃത്വത്തിൽ സഹപാഠികളായിരുന്ന ശശീന്ദ്രബാബു, ഇട്ടിഅനിൽ, സി. കെ. സുനിൽ, സുജിത്ത്, ഗിരീഷ് തുടങ്ങിയവർ ചേർന്ന്
കാമ്പസ് രസിക എന്ന പേരിൽ ഒരു കലാ സാംസ്കാരിക കൂട്ടായ്മ രൂപീകരിച്ചുകൊണ്ടാണ് പ്രകാശ്കുട്ടൻ കലാരംഗത്ത് ചുവടുറപ്പിച്ചത്. ക്ലാസുകളിൽ കയറിയും കാമ്പസിലുമായി അതത് ദിവസത്തെ പത്രങ്ങളിൽ വരുന്ന പ്രധാന വിഷയങ്ങളെ അധികരിച്ച് ലഘുനാടകങ്ങളും നാടൻപാട്ടുകളും അവതരിപ്പിക്കുമായിരുന്നു. നല്ലൊരു ഹാസ്യനടൻ കൂടിയായ പ്രകാശ്കുട്ടൻ യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിക്ക്
പഠിക്കുന്ന കാലത്ത് കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ പങ്കെടുത്ത് ബെസ്റ്റകൊമേഡിയൻ പുരസ്ക്കാരം നേടിയിട്ടുണ്ട്. പുതിയ തലമുറയിൽപ്പെട്ടവരെ കലാരംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനായി നാടക ‑നാടൻപാട്ട് ശില്പശാലകൾ സംഘടിപ്പിക്കുന്നതിനും നാടോടി ശ്രദ്ധിക്കുന്നുണ്ട്. ഡിഗ്രി പഠനം കഴിഞ്ഞ് എറണാകുളം ലോ കോളേജിൽ നിയമപഠനത്തിന് ചേർന്നെങ്കിലും രണ്ടു വർഷം കഴിഞ്ഞ് പഠനം തുടരാനാകാതെ ഉപേക്ഷിക്കേണ്ടി വന്നു.

പിന്നീട് ഒരു ജോലിക്കുവേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ പഴയകാമ്പസ് സുഹൃത്തുക്കളുമായി ചേർന്ന്
‘നാടോടി’ എന്ന പേരിൽ ഒരു നാടൻപാട്ട് സംഘം രൂപീകരിച്ച് പ്രൊഫഷണൽ കലാരംഗത്ത് സജീവമായി. കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി തെരുവുനാടകങ്ങൾ, നാടൻപാട്ടുകൾ കോർത്തിണക്കിയ ചൊൽക്കാഴ്ചകൾ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ നാടകങ്ങൾ, സംഗീതശില്പങ്ങൾ എന്നീ കലാരൂപങ്ങൾ അവതരിപ്പിച്ചുകൊണ്ട് കേരളത്തിലുടനീളം സഞ്ചരിക്കുന്ന ഒരു കലാസംഘമായി നാടോടിയെ മാറ്റിയെടുത്തത് പ്രകാശ്കുട്ടന്റെ അക്ഷീണമായ പരിശ്രമം കൊണ്ടു മാത്രമാണ്.
നാടൻപാട്ടുകാരനും സിനിമാ പിന്നണിഗായകനുമായ മത്തായി സുനിൽ, പി എസ് ബാനർജി, ബൈജുമലനട, ബുധന്നൂർ രാജൻ, നിഥിൻ എസ് കുമാർ, വിജയലക്ഷ്മി, ജ്യോതിലക്ഷ്മി തുടങ്ങി പ്രശസ്തരായി മാറിയ നിരവധി കലാകാരന്മാരും കലാകാരികളും നാടോടി ഗ്രൂപ്പിലൂടെ വളർന്നു വന്നവരാണ്. അവരൊക്കെ ഇന്ന് സ്വന്തം ഗ്രൂപ്പുകളുണ്ടാക്കി നാടൻകലാരംഗത്ത് സജീവമാണ്.

പരിസ്ഥിതി സംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ പ്രത്യേകിച്ചും ശാസ്താംകോട്ട തടാക സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സമരങ്ങളിൽ വേറിട്ട പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റുന്നതിന് നാടോടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മതിയായ വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നിട്ടും ഒരു സർക്കാർ ജോലി പ്രകാശിന് ലഭിച്ചിരുന്നില്ല. നാടോടിയുടെ കലാപരിപാടികളിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടുമാത്രമായിരുന്നു അമ്മയും ഭാര്യ പി. പ്രതീക്ഷയും വിദ്യാർത്ഥികളായ ബുദ്ധനും ബോധിയും അടങ്ങുന്ന കുടുംബം ജീവിച്ചു പോന്നത്. എന്നാൽ ഈ കൊറോണകാലത്ത് ക്ഷേത്രങ്ങളിലേയും പള്ളികളിലേയും പൊതുപരിപാടികളും ഉത്സവങ്ങളും നിർത്തലാക്കിയിക്കുന്നതിനാൽ പ്രകാശ്കുട്ടനെപ്പോലെ നിരവധി കലാകാരന്മാരുടെ ജീവിതം പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്.

പുതിയ തലമുറയിൽപ്പെട്ടവരെ കലാരംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനായി നാടക- നാടൻപാട്ട് ശില്പശാലകൾ സംഘടിപ്പിക്കുന്നതിനും നാടോടി ശ്രദ്ധിക്കുന്നുണ്ട്. ‘വായ്മൊഴിത്താളം‘എന്ന പേരിൽ പുതിയ ഒരു നാടൻപാട്ട് കൂട്ടായ്മയ്ക്ക് പ്രകാശ്കുട്ടൻ നേതൃത്വം നൽകുന്നു. പ്രകാശ്കുട്ടനെ കൂടാതെ ശിവജി കല്ലട, സുരേഷ്ചന്ദ്രൻ, അമ്പാടി, ജിഷ്ണു അയ്യപ്പൻ, രാജു ഐവർകാല, അമൃതാഅശോക്, ബിജു, ടൈറ്റസ്, ശ്രീരാജ്, ലോറൻസ്, കെ. എൻ. സുദേശൻ, സജു, മനോജ്, മഞ്ചു, മയൂരി എന്നീ കലാകാരന്മാരാണ് ഇപ്പോൾ നാടോടിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദേശത്തിന്റെ തുയിലുണർത്തു പാട്ടുകാരായി ഗ്രാമപരിശുദ്ധിയുടെ നിറദീപങ്ങളായി കലയുടേയും നാടൻ സംസ്കൃതിയുടേയും സംരക്ഷകരായി നിലനില്ക്കുന്ന ഈ നാടൻപാട്ട് കലാകാരന്മാർക്ക് അർഹമായ അംഗീകാരം കിട്ടേണ്ടത് അനിവാര്യം തന്നെയാണ്.