അനില്‍കുമാര്‍ ഒഞ്ചിയം

September 20, 2020, 4:00 am

അക്ഷരങ്ങളില്‍ ഒരു പുസ്തക ജീവിതം

Janayugom Online

രു നല്ല വായനക്കാരനു മാത്രമേ ഒരു നല്ല പുസ്തക വില്പനക്കാരനാകാൻ കഴിയൂവെന്ന് വിശ്വസിക്കുന്നവനാണ് സജീവൻ. വായന മരിക്കുന്നുവെന്ന് വിലപിക്കുന്നവർക്കും വായനയെ സഗൗരവം സമീപിക്കുന്നവർക്കുമെല്ലാം മുമ്പിൽ ചെറിയ ചിരിയോടെ പുസ്തക സഞ്ചിയുമായി ഈ യുവാവുണ്ടാകും. പുസ്തക വില്പനയും പ്രസാധനവും സാംസ്കാരിക ദൗത്യമായി ഏറ്റെടുത്ത സജീവൻ മാണിക്കോത്ത് തന്റെ വേറിട്ട വഴികളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

ഹോട്ടൽ തൊഴിലാളി മുതൽ ജീവിതത്തിലെ നാനാ തുറകളിലെ സാധാരണക്കാരും അധ്യാപകരും പോലീസുകാരം ഉദ്യോഗസ്ഥരുമെല്ലാം സജീവന്റെ വായനാക്കാരിൽപ്പെടുന്നു. കോഴിക്കോടിന്റെ സാംസ്കാരിക സായാഹ്ന സദസ്സുകളിലെല്ലാം സജീവനുണ്ടാകും. പുസ്തക പ്രസാധകനും നാടക പ്രവർത്തകനും സർവ്വോപരി നല്ല വായനക്കാരനുമായ സജീവന് പുസ്തക പ്രേമികളായ വലിയൊരു സുഹൃദ് വലയംതന്നെയുണ്ട്. കേരളത്തിലെ പ്രശസ്തമായ ഒട്ടുൂമിക്ക പുസ്തക പ്രസിദ്ധീകരണ ശാലകളിലും ജോലി നോക്കിയ ഈ നാല്പത്തിയെട്ടുകാരൻ ഇപ്പോൾ ഗ്രാൻമ ബുക്സ് എന്ന പേരിൽ സ്വന്തമായി പുസ്തക പ്രസിദ്ധീകരണം നടത്തുകയാണ്.

ആളുകൾക്കിടയിൽ ഇറങ്ങിച്ചെന്നുള്ള പുസ്തക വില്പനയാണ് സജീവന് ഇഷ്ടം. എല്ലാ തരത്തിലുള്ള പുസ്തകങ്ങളും സജീവന്റെ കൈയിലുണ്ടാകും. വില്പന നടത്തുന്ന എല്ലാ പുസ്തകങ്ങളും വായിച്ചിരിക്കുമെന്നതാണ് സജീവന്റെ മറ്റൊരു സവിശേഷത. അതിനാൽ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ എളുപ്പമായിരിക്കും. ഒരു ദിവസം 5000 ൽ പരം രൂപയുടെ പുസ്തകങ്ങൾ വില്പന നടത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ഇപ്പോൾ ഓൺലൈനിലൂടെയും ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയുമാണ് പുസ്തകത്തിന് ആവശ്യക്കാരായെത്തുന്നത്. പുസ്തകങ്ങളുമായി കാസർക്കോടു മുതൽ തിരുവനന്തപുരം വരെ യാത്രചെയ്ത് വില്പന നടത്തിയിട്ടുണ്ട് സജീവൻ. പലരും ഫോണിൽ വിളിച്ചും പുസ്തകം ആവശ്യപ്പെടാറുണ്ട്.

കോഴിക്കോട് നഗരത്തിലെ മിക്ക സാസംസ്കാരിക പരിപാടികളിലേയും സാന്നിധ്യമായ സജീവൻ കമ്മ്യൂണിസ്റ്റ് പാർട്ടി വേദികളിലെല്ലാം പുസ്തകവുമായി എത്തുന്നു. ഒരു നല്ല പുസ്തക ശേഖരത്തിന്റെ ഉടമകൂടിയായ സജീവന്റെ വീട്ടിലെ ലൈബ്രറിയിൽ ഇതിനകം 3000 ലേറെ പുസ്തകങ്ങളുണ്ട്. നാട്ടിലെ നവതാരാ ലൈബ്രറിക്ക് മൂന്ന് ലക്ഷത്തോളം രൂപ മുഖവിലയുള്ള പുസ്തങ്ങളാണ് സജീവൻ ശേഖരിച്ചു നൽകിയത്. ബാലുശ്ശേരി എരമംഗലം കുന്നക്കൊടിക്കടുത്ത് മാണിക്കോത്തുവീട്ടിൽ സജീവന് ചെറുപ്പംമുതൽ ഒരു നടനാവാനായിരുന്നു ആഗ്രഹം. നല്ല വായനക്കാരനായ സജീവന്റെ അച്ഛനാണ് വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത്. പുസ്തകങ്ങളോട് എന്നും അടങ്ങാത്ത അഭിനിവേശമായിരുന്നു. പുതിയ പുസ്തകങ്ങൾ എവിടെ കണ്ടാലും വാങ്ങും. പുതിയ പുസ്തകത്തിന്റെ മണം, വായിക്കുമ്പോഴുണ്ടാകുന്ന അനുഭൂതി… എല്ലാം തനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം നൽകുന്നതായി സജീവൻ.

കമ്മ്യൂണിസ്റ്റുകാരനായ അച്ഛൻ പുരാണ കഥകളും മറ്റ് സാഹിത്യ പുസ്തകങ്ങളും വായിക്കാനായി നൽകിയിരുന്നു. ചെറുപ്പകാലത്ത് ബാലുശ്ശേരിയിലെ ലൈബ്രറിയില്‍ നിന്നാണ് പുസ്തകങ്ങൾ വായിച്ചിരുന്നത്. പി എസ് സി പരീക്ഷാ പരിശീലന ക്ലാസിൽവെച്ച് പുസ്തകങ്ങളോടുള്ള സജീവന്റെ പ്രിയം മനസ്സിലാക്കിയ എഴുത്തുകാരൻ മജീദ് മൂത്തേടത്താണ് ടി ബി എസ്സിൽ ജോലിക്കെത്തിച്ചത്. തുടർന്ന് കോഴിക്കോട്ടെ വിവിധ പുസ്തക പ്രസാധകരുടെ കീഴിൽ ജോലി ചെയ്തു. അപ്പോഴെല്ലാം ധാരാളം പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞു. നാടക പ്രവർത്തകൻ സതീഷ് കെ സതീഷുമായുള്ള പരിചയം നാടകരംഗത്തേക്കുള്ള ചുവടുമാറ്റത്തിനും കാരണമായി. കോഴിക്കോട് ചിരന്തനയുടെ 15 നാടകങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ നാടകങ്ങളിൽ വേഷമിട്ടു.

വിശപ്പ് സഹിക്കാനാവാതെ നഗരം ചുറ്റിയപ്പോൾ പുസ്തകങ്ങൾ തനിക്ക് കൂട്ടുകാരനായി എന്ന് സജീവന്റെ സത്യവാങ്മൂലം. പട്ടിണിയായ മുനുഷ്യാ പുസ്തകം കൈയ്യിലെടുത്തോളൂ. എന്ന ബ്രഹ്ത്തിന്റെ വാക്കുകൾ ശരിക്കും പ്രാവർത്തികമാക്കിയ കാലം. പുസ്തകം തനിക്ക് ജീവിക്കാനും പ്രതിരോധിക്കാനുമുള്ള മാർഗ്ഗമാണെന്ന് സജീവന്‍ വിശ്വസിക്കുന്നു. വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുംപോലെ മതിയാവോളം കഴിച്ചിറങ്ങി വരാവുന്ന, 25 രൂപയ്ക്ക് ഊണു തരുന്ന കോഴിക്കോട് സ്റ്റേഡിയത്തിനടുത്തെ കാദർക്കയുടെ ഹോട്ടൽ. ഒരു രൂപയ്ക്ക് ചായ തരുന്ന പാളയത്തെ കുട്ടേട്ടന്റെ ചായക്കട. നല്ല സൗകര്യമുള്ളതും കുറഞ്ഞ ചെലവിൽ കിട്ടുന്നതുമായ ലോഡ്ജ് മുറികൾ.

താൻ പുസ്തകങ്ങൾ സമ്മാനമായി കൊടുക്കാറുള്ള പാളയത്ത് പപ്പടം വിറ്റ് പഠനം നടത്തുന്ന ഏഴാംക്ലാസുകാരി കുന്ദമംഗലത്തെ ദുർഗ്ഗ, ബിരുദധാരിയായിട്ടും പാളയത്ത് ലോട്ടറി വിറ്റ് ഉപജീവനം കഴിക്കുന്ന അന്ധനായ ജോസേട്ടൻ, ആരോരുമില്ലാതെ മുറുക്കി ചുവപ്പിച്ച പല്ലുമായി കഴുത്തിൽ ഒരു ചാക്കുകെട്ടുമായി കൈനീട്ടുന്ന നഗരത്തിലെ മൈലാമ്മ… പുസ്തകങ്ങളുമായി സഞ്ചരിച്ചപ്പോൾ കിട്ടിയ നൻമ മരങ്ങളെ സജീവന്‍ ചേര്‍ത്തുപിടിക്കുന്നു.

കോവിഡ് വ്യാപന ഭീതിയെത്തുടർന്ന് കോഴിക്കോട് നഗരത്തിൽ അലഞ്ഞതിരിഞ്ഞു നടന്നിരുന്നവരെ ജില്ലാ ഭരണകൂടം മാറ്റിപ്പാർപ്പിച്ചപ്പോൾ അത്തരം കേന്ദ്രങ്ങളിലെത്തി വായിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തി അവർക്ക് പുസ്തകങ്ങൾ സമ്മാനിച്ചതിലൂടെ സജീവൻ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മുമ്പ് പുസ്തകങ്ങളുമായി നഗരത്തിലെ സാംസ്കാരിക കേന്ദ്രങ്ങളിലും തെരുവ് മൂലകളിലും കടലോരത്തും മാനാഞ്ചിറയിലുമെല്ലാം അലഞ്ഞു നടന്നിരുന്ന തന്നെത്തേടി ഇപ്പോൾ വായനക്കാർ എത്തുന്നുവെന്ന സന്തോഷവും സജീവൻ പങ്കുവെയ്ക്കുന്നു.

കോഴിക്കോട് പുതിയറയിലെ ഒരു ചെറിയ മുറിയിലായിരുന്നു ആദ്യം പുസ്തകങ്ങളുടെ ലോകം ഒരുക്കിയിരുന്നത്. മറ്റു പ്രസാധകരുടെ പുസ്തകങ്ങൾ വിൽക്കുമ്പോൾ കൂട്ടത്തിൽ സ്വന്തം പുസ്തകവും വിൽപ്പന നടത്തിയിരുന്ന സജീവൻ പിന്നീട് പ്രസാധകനായി മാറുകയായിരുന്നു. ഇരുപത്തിയഞ്ചോളം പുസ്തകങ്ങള്‍ സജീവന്‍ മാണിക്കോത്ത് പ്രസാധനം ചെയ്തുകഴിഞ്ഞു. കല്ലായി റോഡിനടുത്ത് സ്ഥാപനവും ഓഫീസുമെല്ലാമായി വിപുലമായ രീതിയിലേക്ക് പ്രവർത്തനം മാറിയിട്ടുണ്ട്.
സജീവന്‍ പ്രസിദ്ധീകരിച്ച ‘മധുരിക്കുന്ന കോഴിക്കോട്’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ സജീവന്റെ പുസ്തക ജീവിത്തിനുള്ള അംഗീകാരമായിരുന്നു: ”അസുഖാവസ്ഥയിലും ഞാനിവിടെ എത്തിയത് സജീവൻ മാണിക്കോത്ത് എന്ന പ്രസാധകൻ പറഞ്ഞതുകൊണ്ട് മാത്രമാണ്. ആധുനിക കാലത്ത് ചെറുപ്പക്കാർക്ക് പണം സ്വരൂപിക്കാൻ ഒരുപാട് മാർഗ്ഗങ്ങളുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തനായി പുസ്തകങ്ങളെ സ്നേഹിക്കുന്ന സജീവൻ പുസ്തകങ്ങളുമായി വായനക്കാരെ തേടിയെത്തുകയാണ്. അതിനാലാണ് ഞാനിവിടെ നിൽക്കുന്നത്. ” എംടിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.

സജീവന്‍ പ്രസാധനം ചെയ്ത ‘ഗിരീഷ് പുത്തഞ്ചേരി നോവിന്റെ ഓരോർമ്മ’എന്ന പുസ്തകത്തിൽ എം ടി, മമ്മൂട്ടി, മോഹൻലാൽ, രഞ്ജിത്ത്, ടി എ റസാക്ക്, ഒ എൻ വി, യേശുദാസ്, ഇളയരാജ, എം പി വീരേന്ദ്രകുമാർ, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങി പ്രശസ്തരുടെ ഒരു നിരതന്നെയാണ് പുത്തഞ്ചേരിയുടെ ഓർമ്മകൾ പങ്കുവെയ്ക്കുന്നത്. ഒപ്പം ഗ്രാമവാസികളുടെ ഓർമ്മകളും പുസ്തകത്തിന് മുതൽക്കൂട്ടാവുന്നു. ‘മധുരിക്കുന്ന കോഴിക്കോട്’ എന്ന പുസ്തകത്തിൽ എം ടി, സുഗതകുമാരി, എം ജി എസ്, യു എ ഖാദർ, എം എൻ കാരശ്ശേരി, കല്പറ്റ നാരായണൻ, യു കെ കുമാരൻ, എ കെ ആന്റണി, പി കെ ഗോപി, രഞ്ജിത്ത്, ജോയ് മാത്യു, പോൾ കല്ലാനോട്, വി ആർ സുധീഷ്, ചെലവൂർ വേണു, ഖദീജ മുംതാസ്, മധുമാസ്റ്റർ തുടങ്ങി 83 പ്രമുഖരാണ് കോഴിക്കോടിനെക്കുറിച്ചുള്ള അനുഭവങ്ങൾ വരച്ചിടുന്നത്.

“യു കെ കുമാരന്റെ ‘കാണുന്നതല്ല കാഴ്ചകൾ’ എന്ന പുസ്തകം തന്റെ ജീവിതാനുഭവങ്ങളുമായി സാദൃശ്യം തോന്നിയിട്ടുള്ളതായി സജീവന്‍ പറയുന്നു. ഒരു പുസ്തക വില്പനക്കാരന്റെ കഥപറയുന്ന ഈ പുസ്തകം ഒരു പക്ഷെ തന്റെ തന്നെ ജീവിതമാണെന്ന വിശ്വാസമായിരിക്കാം ഇതിന് കാരണം. തീവണ്ടിയാത്രക്കാർ പലരും ഈ പുസ്തകം വാങ്ങി വായിച്ച് തന്നെ അഭിനന്ദിച്ചത് ഇദ്ദേഹം നന്ദിയോടെ ഓർക്കുന്നു. ഒരു പുസ്തക വില്പനക്കാരന് ഓരോ യാത്രയും ഓരോ ഓർമ്മയാണ്. തീവണ്ടിയാത്രയും തീവണ്ടിയിൽ പുസ്തകം വിൽക്കുന്ന നന്ദൻ എന്ന കഥാപാത്രവും അതിലെ കാഴ്ചക്കാരുമെല്ലാം തന്റെ വായനാ ലോകത്ത് നവ്യാനുഭവമണെന്നും സജീവൻ പറയുന്നു.

വർഷങ്ങൾക്കുമുമ്പ് തൃശൂരിൽ ഡയരക്ട് മാർക്കറ്റിംഗ് കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു സജീവൻ. ഡിക്‌ഷണറികൾ, സർവ വിജ്ഞാന കോശങ്ങൾ തുടങ്ങിയ കമ്പനിയുടെ പുസ്തകങ്ങൾ വീടുകളിലും കടകളിലും കയറി വില്പന നടത്തുകയായിരുന്നു ജോലി. പുത്തൻ പുസ്തകങ്ങൾ വിലകൊടുത്തുവാങ്ങാൻ ആളുകൾ വിമുഖത കാണിക്കുന്നത് മനസ്സിലാക്കിയ സജീവൻ കമ്പനിയുടെ മുമ്പാകെ ഒരു നിർദ്ദേശം വെച്ചു. പുസ്തകങ്ങൾ പണം വാങ്ങി വിൽപന നടത്തുന്നതോടൊപ്പം ചെറിയ തുകയ്ക്ക് വാടകയ്ക്ക് നൽകുക. സജീവന്റെ ആശയം കമ്പനി നടപ്പിലാക്കി. ഈ കമ്പനിക്ക് കേരളത്തിൽ ഇപ്പോൾ എല്ലാ നഗരങ്ങളിലും ബുക്ക് ഡിപ്പോകളുണ്ട്.

കോഴിക്കോട് ടി ബി എസിൽ ജോലിയിൽ പ്രവേശിച്ച സജീവന് ആദ്യം പുസ്തക പ്രദർശനങ്ങളുടെ ചുമതലയായിരുന്നു. പിന്നെ ഗോഡൗൺ സൂക്ഷിപ്പുകാരനായി. തുച്ഛമായ ശമ്പളവും രാവിലെ ഒന്‍പതു മുതൽ രാത്രി ഏഴരവരെയുള്ള ജോലിയും പ്രതികൂലമായിരുന്നുവെങ്കിലും പുതിയ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ലഭിക്കുമെന്നത് ജോലിയിൽ തുടരാൻ പ്രേരിപ്പിച്ചു. സാമ്പത്തിക പ്രയാസം രൂക്ഷമായപ്പോൾ ടി ബി എസ് വിട്ടു. പിന്നെ നരിക്കുനിയിലെ അക്ഷര ബുക് സ്റ്റാളിൽ കുറച്ചുകാലം ജോലിനോക്കി. പിന്നീട് കോഴിക്കോട് ലിപി പബ്ലിക്കേഷനിലെത്തി. സുകുമാർ അഴീക്കോടിനെപ്പോലെയുള്ള ഒട്ടേറെ പ്രഗത്ഭരുമായി അടുത്ത സൗഹൃദം സ്ഥാപിക്കാൻ ഈ കാലയളവിൽ കഴിഞ്ഞു. പിന്നീട് പിയാനോ ബുക്സിൽ പുസ്തകങ്ങളുടെ പ്രൊഡക്ഷൻ ചുമതലക്കാരനായി.

2010 ൽ ലിപി ബുക്സിൽ ജോലിചെയ്തിരുന്നപ്പോൾ കോഴിക്കോട് സ്വപ്ന നഗരിയിൽ ഗിരീഷ് പുത്തഞ്ചേരിക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് സംഘടിപ്പിച്ച ‘നീലാംബരി’ എന്ന പരിപാടിയിൽ പുത്തഞ്ചേരിയുടെ ഗാനങ്ങൾ അടങ്ങിയ പുസ്തകത്തിന്റെ ഒരു ലക്ഷത്തിലേറെ വിലവരുന്ന കോപ്പികൾ സജീവൻ രണ്ടു മണിക്കൂറിനകം വിറ്റഴിച്ചു. കേരളത്തിലെ വ്യത്യസ്തനായ ഒരു പ്രസാധകൻ എന്ന നിലയിൽ ചെന്നൈ മലയാളി സമാജം മലയാളി മാർകഴി മഹോത്സവത്തിൽ വെച്ച് സജീവനെ ആദരിച്ചിരുന്നു. തന്റെ ജീവിതാനുഭവങ്ങൾ പകർത്തുന്ന ‘അക്ഷരങ്ങളിൽ ഒരു പുസ്തക ജീവിതം’ എന്ന പുസ്തകത്തിന്റെ രചനയിലാണ് സജീവൻ. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ ലിഷയാണ് സജീവന്റെ ഭാര്യ. മകൻ എട്ടു വയസ്സുകാരനായ അമർ. അമ്മ: ലക്ഷ്മി. കെ എസ് ആർ ടി സി ഡ്രൈവർ മനോജ്, ഷീജ എന്നിവർ സഹോദരങ്ങളാണ്.